അതിവേഗ യാത്രയൊരുക്കാൻ ഹൈപ്പർലൂപ്പ് ഇന്ത്യയിലേക്ക്!
Thursday, December 8, 2016 9:58 AM IST
രാജ്യത്തെ ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഹൈപ്പർലൂപ്പ് ട്രാൻസ്പോർട്ടേഷൻ സംവിധാനം എത്തിയേക്കും. പദ്ധതി യാഥാർഥ്യമായാൽ മുംബൈയിൽനിന്ന് പൂനയിലേക്ക് ട്രെയിനിൽ സഞ്ചരിക്കാനുള്ള മൂന്നു മണിക്കൂർ സമയം 25 മിനിറ്റ് ആയി ചുരുങ്ങും. മണിക്കൂറിൽ 1,200 കിലോമീറ്റർ വേഗമാണ് ഹൈപ്പർലൂപ്പിനുള്ളത്.

അമേരിക്കൻ കമ്പനിയായ ഹൈപ്പർലൂപ്പ് ട്രാൻസ്പൊർട്ടേഷൻ ടെക്നോളജീസാണ് പദ്ധതി മുന്നോട്ടുവച്ചിരിക്കുന്നത്. അമ്യൂസ്മെന്റ് പാർക്കുകളിലുള്ള വാട്ടർ റൈഡുകളിലെ കുഴലുകൾക്ക് സമാനമാണ് ഹൈപ്പർലൂപ്പിന്റെ സഞ്ചാരപാത. ഈ കുഴലിനുള്ളിലൂടെയാണ് ട്രെയിനിനോടു സാദൃശ്യമുള്ള വാഹനം സഞ്ചരിക്കുക. വേഗത്തിനനുസരിച്ചാണ് ഇന്ധനത്തിന്റെ ഉപയോഗം. വേഗം കുറവാണെങ്കിൽ ഇന്ധനച്ചെലവ് കുറയും എന്ന പ്രത്യേകതയുമുണ്ട്.

സാധാരണ റെയിൽ സംവിധാനത്തിൽനിന്നു മാറി ഹൈവേകളോടു ചേർന്ന് ഹൈപ്പർലൂപ്പ് പാത നിർമിക്കാനും കഴിയും. ലോകത്ത് വരും നാളുകളിൽ ഉപയോഗിക്കുന്ന അതിവേഗ യാത്രാസൗകര്യമായിരിക്കും ഇതെന്നാണ് വിലയിരുത്തൽ. ഇന്ത്യയിൽ പൈലറ്റ് പ്രോജക്ട് നടപ്പിലാക്കാൻ റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുമായി ഹൈപ്പർലൂപ്പ് ട്രാൻസ്പൊർട്ടേഷൻ ടെക്നോളജീസ് മേധാവികൾ ചർച്ച നടത്തിയിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.