സമൂഹമാധ്യമങ്ങൾ ചിത്രം ഏറ്റെടുത്തു; ജ്വല്ലറിയിലെ തൂപ്പുകാരന് സമ്മാനപ്പെരുമഴ
Thursday, December 15, 2016 8:25 AM IST
സ്വപ്നത്തിൽ പോലും ആഗ്രഹിച്ചിട്ടില്ലാത്ത സമ്മാനങ്ങൾ തനിക്കു നൽകിയ സുമനസുകൾക്കെല്ലാം നന്ദി പറയുകയാണ് അബ്ദുൽ കരീം എന്ന 65 കാരൻ. ജ്വല്ലറിയിലെ ചില്ലലമാരകളും സ്വർണാഭരണങ്ങളും വൃത്തിയാക്കുന്ന കരീം അക്കൂട്ടത്തിലുള്ള ഒരാഭരണവും ഇതുവരെ ആഗ്രഹിച്ചിട്ടില്ല. എന്നാൽ ആഗ്രഹിക്കാത്തതും സ്വപ്നം കാണാത്തതുമെല്ലാം കരീമിന് സമ്മാനിച്ച് മനുഷ്യത്വം പ്രകടിപ്പിക്കുകയാണ് സോഷ്യൽ മീഡിയ ലോകം.

വർഷങ്ങളായി റിയാദിലുള്ള ജ്വല്ലറിയിൽ തൂപ്പുകാരനായി ജോലി ചെയ്യുന്ന ബംഗ്ലാദേശ് സ്വദേശി കരീമിന്റെ ചിത്രം അജ്‌ഞാതൻ ഇൻസ്റ്റഗ്രാമിൽ ഇടുന്നതോടെയാണ് കാര്യങ്ങളുടെ തുടക്കം. ആഭരണങ്ങൾ സൂക്ഷിക്കുന്ന ചില്ല് ഫ്രെയിം വൃത്തിയാക്കുന്ന കരീമിന്റെ ചിത്രം ഒരടിക്കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നത്– ’ഈ ആഭരണങ്ങൾ കാണാൻ മാത്രം അർഹതയുള്ളവൻ’. ഫോട്ടോ ശ്രദ്ധയിൽപ്പെട്ട അബ്ദുള്ള അൽക്വഹത്താനി എന്ന സൗദി സ്വദേശി ഈ ഫോട്ടോയിലുള്ള ആളെ കണ്ടെത്തുക എന്ന ആവശ്യം പറഞ്ഞ് ചിത്രം ടിറ്റർ അക്കൗണ്ടിലും നൽതി. ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ കരീമിനെ കണ്ടെത്താനായി ഏവരുടെയും ശ്രമം.

ചിത്രം നന്നായി പരിശോധിച്ച ചിലർ ഫോട്ടോയിലുള്ള ഗ്ലാസ് ഫ്രെയിമിൽ ജ്വല്ലറിയുടെ പേരെഴുതിയ ബോർഡിന്റെ പ്രതിബിംബം ശ്രദ്ധയിൽപ്പെട്ടതോടെ കാര്യങ്ങൾ എളുപ്പമായി. കട തിരിച്ചറിഞ്ഞതോടെ കരീമിനെത്തേടി സമ്മാനങ്ങളുടെ പെരുമഴയായി. തന്റെ ചിത്രം അജ്‌ഞാതനെടുത്തതോ തന്നെത്തേടി വലിയൊരു പ്രചാരണം നടക്കുന്നതോ ഒന്നും ഈ പാവം അറിഞ്ഞിരുന്നില്ല. സമ്മാനങ്ങളുമായി ആളുകളെത്തിയതോടെയാണ് കരീമിന് കാര്യങ്ങൾ വ്യക്‌തമായത്. രണ്ട് ഐഫോൺ. സ്വർണാഭരണങ്ങൾ, സ്മാർട്ട് ഫോണുകൾ, 2,000 സൗദി റിയാൽ, നാട്ടിലേക്കുള്ള വിമാനടിക്കറ്റ് എന്നു തുടങ്ങി അരിയും തേനും വരെ കരീമിന് സമ്മാനമായി ലഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ കരീമിന് ഇപ്പോഴും സമ്മാനങ്ങൾ അയച്ചുകൊണ്ടിരിക്കുകയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.