‘200 വർഷം കഴിയുമ്പോൾ ജീവനോടെ തിരിച്ചുവരും’; 17–കാരിയുടെ മൃതദേഹം ക്രയോജെനിക്സ് വഴി സൂക്ഷിക്കുന്നു
Wednesday, December 28, 2016 8:00 AM IST
അന്ധവിശ്വാസം തലക്കു പിടിച്ച് അസാധാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടാറുള്ളവരെപ്പറ്റി കേട്ടിട്ടുണ്ടാകും. എന്നാൽ ശാസ്ത്രത്തിലുളള അമിത വിശ്വാസം നിമിത്തം മൃതദേഹം സംസ്കാരിക്കാൻ പോലും തയാറാകാതെ വന്നാലോ. സംഭവം നടന്നത് അങ്ങ് ഇംഗ്ലണ്ടിലാണ്. കാൻസർമൂലം മരിച്ച മകളുടെ മൃതദേഹം ഭാവിയിൽ ചികിത്സ നടത്തി ജീവിപ്പിക്കും വരെ ക്രയോജെനിക് സാങ്കേതികവിദ്യയിലൂടെ കേടുകൂടാതെ സൂക്ഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ലണ്ടൻ സ്വദേശിയായ അമ്മ. മകൾ തന്നെ അന്ത്യാഭിലാഷമായി അവശ്യപ്പെട്ടിട്ടാണ് ഈ തീരുമാനത്തിലെത്തിയെന്നാണ് അമ്മയുടെ വിശദീകരണം.

ഈ ആവശ്യം പറഞ്ഞു മകൾ അവസാനമായി എഴുതിയ കത്തും അമ്മ പുറത്തുവിട്ടിട്ടുണ്ട്. തനിക്ക് മരിക്കാൻ ആഗ്രഹമില്ലെന്നും എന്നാൽ, മരിച്ചുകൊണ്ടിരിക്കുകയാണ്ന്നെും പെൺകുട്ടി എഴുത്തിൽ പറയുന്നു. തന്റെ മൃതദേഹം സംസ്കരിക്കരുതെന്നും ക്രയോ സാങ്കേതികവിദ്യ വഴി തനിക്ക് രോഗം മാറ്റി ഇരൂന്നൂറു വർഷത്തിനകം ജീവിതത്തിലേക്ക് ഉണർന്നെഴുന്നേൽക്കാൻ കഴിയുമെന്നും ഇതു തന്റെ ആഗ്രഹമാണെന്നും പെൺകുട്ടി കത്തിൽ പറയുന്നു.

എന്നാൽ മകളുടെ മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ അച്ഛൻ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ കോടതിയെ സമീപിച്ച് അനുകൂല തീരുമാനം നേടിയിരിക്കുകയാണ് അമ്മ. മൃതദേഹം സൂക്ഷിക്കുന്നതിനുള്ള ശാസ്ത്രീയ നടപടികൾ ശാസ്ത്രജ്‌ഞർ തുടങ്ങിയിരുന്നു. പെൺകുട്ടിയുടെ മരണത്തിനു മിനിറ്റുകൾക്കു ശേഷം യുകെ ക്രയോണിക്സ് സംഘം കാർഡിയാക് മെഷീൻ ഉപയോഗിച്ച് കൃത്രിമമായി ഹൃദയത്തെ പ്രവർത്തിപ്പിച്ചു. ഞരമ്പുകളിൽ പ്രത്യേക മരുന്നുകൾ കുത്തിവച്ചു. തുടർന്ന് ശീതീകരിച്ച ശേഷം യുഎസിലെ മിഷിഗണിലെ ക്രയോണിക്സ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. മറ്റു നാലു ശരീരങ്ങൾക്കൊപ്പം പെൺകുട്ടിയുടെ ശരീരവും ഇവിടെ ക്രയോണിക്സ് വഴി സൂക്ഷിച്ചിരിക്കുകയാണ്.

ലോകത്ത് ഈ അമ്മയെപ്പോലെ പ്രിയപ്പെട്ടവരുടെ മൃതദേഹം സൂക്ഷിച്ചുവയ്ക്കുന്ന ഒരുപാട് പേരുണ്ടെന്ന് അറിഞ്ഞോളൂ.. അതെ, അനേകം മൃതശരീരങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ലിക്വിഡ് നൈട്രജൻ ടാങ്കുകളിൽ പുതുജന്മവുംകാത്ത് കഴിയുന്നുണ്ട്. ക്രയോണിക്സ് എന്നപേരിൽ ലോകത്ത് പ്രചരിക്കുന്ന ശാസ്ത്രീയ പ്രക്രിയയിലൂടെയാണ് മൃതശരീരം അഴുകാൻ അനുവദിക്കാതെ സൂക്ഷിച്ച് വയ്ക്കുന്നത്. യുഎസിലെ അരിസോണയിലും മിഷിഗണിലുമുള്ള രണ്ട് ക്രയോണിക്സ് ഇൻസ്റ്റിറ്റ്യൂട്ടുകളാണ് പ്രധാനമായും ഈ രംഗത്ത് പ്രവർത്തിക്കുന്നത്. ഇതിനായി ഭീമമായ തുകയാണ് വേണ്ടിവരുന്നത്.

ക്രയോണിക്സ് എങ്ങനെ..?

മരണം സംഭവിച്ച് 15 മിനിറ്റിനുള്ളിൽ ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. ക്രയോണിക്സ് വിദഗ്ധർ എത്താൻ വൈകുമെന്നുണ്ടെങ്കിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ഹൃദയത്തിന്റെ പ്രവർത്തനം തുടരും. ക്രയോണിക്സിന്റെ ഘട്ടങ്ങൾ ഇവയാണ്..

1. മൃതശരീരം ഐസിൽ പൊതിഞ്ഞ ശേഷം രക്‌തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കുത്തിവയ്ക്കുന്നു.
2. താപനില പൂജ്യം സെൽഷ്യസിലേക്കു മാറ്റുന്നു. രക്‌തം പൂർണമായി മാറ്റിയ ശേഷം ശരീരകോശങ്ങൾ തണുത്തുറഞ്ഞു പോകാതിരിക്കാനായുള്ള മിശ്രിതം ശരീരം മുഴുവൻ നിറയ്ക്കും.
3. ശരീരത്തിലെ കോശങ്ങളിലും ആന്തരാവയവങ്ങളിലും ഐസ് കട്ടപിടിക്കാതിരിക്കാൻ മറ്റൊരു മിശ്രിതം കുത്തിവയ്ക്കുന്നു. തുടർന്ന് മൈനസ് 130 സെൽഷ്യസിലേക്ക് മാറ്റുന്നു.
4. ഒരു പേടകത്തിലാക്കി ശരീരം മൈനസ് 196 സെൽഷ്യസ് താപനിലയിലുള്ള ലിക്വിഡ് നൈട്രജൻ ടാങ്കിൽ നിക്ഷേപിക്കുന്നു.

അതേസമയം, ക്രയോണിക്സ് വഴി പൂർണമായും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാകുമെന്ന് ഒരു ശാസ്ത്രജ്‌ഞരും നൂറു ശതമാനം ഉറപ്പു പറയുന്നില്ല. ഹൃദയവും തലച്ചോറും വൃക്കകളും പഴയ രീതിയിൽ പ്രവർത്തിക്കില്ലെന്നതു തന്നെയാണ് കാരണം. ക്രയോണിക്സിനെ എതിർത്ത് മിക്ക ശാസ്ത്രജ്‌ഞരും രംഗത്തെത്തിയിട്ടുണ്ട്. ശീതീകരണ പ്രക്രിയ മസ്തിഷ്കത്തിലെ കോശങ്ങളെ നശിപ്പിക്കുമെന്ന് ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ബയോഎത്തിസിസ്റ്റ് ഡോ. ആർതർ കപ്ലാൻ പറയുന്നു. ഭാവിയിൽ എത്ര മിടുക്കരായ ഡോക്ടർമാർ പരിശ്രമിച്ചാലും നിർജീവമായ തലച്ചോറിനെ പ്രവർത്തിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ശീതീകരിക്കുന്നതിനിടെ ശരീരത്തിലെ കോശങ്ങൾ നശിച്ചാലും അവയെ തിരികെ സജീവകോശമാക്കിയെടുക്കാനാവില്ലെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്തായാലും ക്രയോണിക്സ് അദ്ഭുതങ്ങൾ സൃഷ്‌ടിക്കുമോ എന്നു കാത്തിരുന്നു കാണാം.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.