മോബൈൽ ഫോണുമായി കടന്ന മോഷ്‌ടാവിനെ പറന്ന് പിടിച്ചു യുവാവ്
Wednesday, December 28, 2016 8:11 AM IST
ആളും തരവുമൊക്കെ നോക്കാതെ മോഷ്‌ടിക്കാൻ ചെന്നാൽ ഒന്നും കിട്ടില്ലെന്ന് മാത്രമല്ല കൂമ്പിനു കിട്ടുന്ന ഇടിയുടെ മെച്ചം കൊണ്ട് ജീവിതം കാലം മുഴുവൻ ഒരു പണിയും എടുക്കാനാവാതെ വീട്ടിലിരിക്കേണ്ടിയും വരും. ആയോധനകലകളുടെ നാടായ ചൈനയിലാണ് സംഭവം. ഇവിടുത്തെ ഗുവാംഗ്ഡോംഗ് പ്രവിശ്യയിലുള്ള ഫോഷാണിലെ വഴിയോരത്ത് തന്റെ ട്രക്ക് പാർക്ക് ചെയ്യുകയായിരുന്ന യുവാവിനാണ് അപ്രതീക്ഷിതമായി മോഷ്‌ടാവിനെ നേരിടേണ്ടി വന്നത്.

ബൈക്കിലെത്തിയ മോഷ്‌ടാവ് യുവാവിന്റെ ഫോൺ തട്ടിപ്പരിക്കുകയായിരുന്നു. തുടർന്ന് ബൈക്കിൽ യൂടേൺ എടുത്ത് അപ്പുറത്തെ വഴിയിലൂടെ രക്ഷപെടാൻ മോഷ്‌ടാവ് ബൈക്കിൽ പറക്കുന്ന കണ്ട യുവാവ് ‘ജാക്കി ചാനായി’. ഓടി ബൈക്കിനു മുന്നിലെത്തിയ യുവാവ് ഒറ്റച്ചാട്ടത്തിന് പാഞ്ഞുവന്ന ബൈക്കിന്റെ മഡ്ഗാഡിൽ കയറി. പിന്നെ ചവിട്ടിയുയർന്ന് വായുവിൽ തിരിഞ്ഞ് മോഷ്‌ടാവിന്റെ മുകളിലേക്ക്. ബൈക്ക് അടക്കം ഇരുവരും താഴെ വീണു. ചാടിയെണീറ്റ യുവാവ് ഇടിതുടങ്ങി. ഫോൺ ഒക്കെ തന്നെ പുറത്തു വന്നു എന്ന് പറഞ്ഞാൽ മതിയല്ലോ. ഹൈവേയിൽ സ്‌ഥാപിച്ച സിസിടിവിയിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിക്കഴിഞ്ഞു.
https://www.youtube.com/embed/XlV-HTpMF-Y
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.