നോ പാർക്കിംഗിൽ പാർക്ക് ചെയ്ത കാറുടമയ്ക്കു തൂപ്പുകാരൻ കൊടുത്ത എട്ടിന്റെ പണി
Friday, December 30, 2016 8:10 AM IST
ജീവിതത്തിൽ ഇനിയൊരിക്കലും ഈ കാറുടമ അശ്രദ്ധമായി കാർ പാർക്കു ചെയ്യുന്നതിനെപ്പറ്റി ചിന്തിക്കുക പോലുമില്ല! അത്രയും നല്ല ശിക്ഷയാണ് ചൈനയിലെ ഈ കാറുടമയ്ക്ക് നേരിടേണ്ടിവന്നത്. അത് നൽകിയതാവട്ടെ, വെറുമൊരു തൂപ്പുകാരനും! സംഭവം ഇങ്ങനെ... നോ പാർക്കിംഗ് മേഖലയിൽ രാവിലെ മുതൽ കിടക്കുന്ന കാറുമുലം പ്രദേശത്ത് വലിയ ട്രാഫിക് ബ്ലോക്കാണ് ഉണ്ടായത്. എത്ര ശ്രമിച്ചിട്ടും വാഹന ഉടമയെ കണ്ടെത്താനോ വാഹനം മാറ്റിയിടാനോ കഴിഞ്ഞിരുന്നുമില്ല.

കാറുമൂലം ഉണ്ടായ പൊല്ലാപ്പുകൾക്കെല്ലാം സാക്ഷിയായിരുന്ന പ്രദേശത്തെ തൂപ്പുകാരൻ കാറുടമയ്ക്കിട്ട് ഒടുവിൽ ഒരു പണിയങ്ങുകൊടുത്തു... താനും തന്റെ സഹപ്രവർത്തകരും പ്രദേശത്ത് നിന്നു ശേഖരിച്ച മാലിന്യങ്ങളടങ്ങിയ വീപ്പകളോരോന്നും തൂപ്പുകാരൻ കാറിനു ചുറ്റും നിരത്തി വച്ചു. 42 മാലിന്യവീപ്പകളാണ് ജീവനക്കാരൻ കാറിനു ചുറ്റും ഇങ്ങനെ അടുക്കിവച്ചത്.

ബഹളമെല്ലാം അടങ്ങിയ ശേഷം കാർ ’നൈസായി’ കൊണ്ടു പോകാനിരുന്ന ഉടമയുടെ പദ്ധതി ഇതോടെ പാളി. മരണപ്പണിയെടുത്താലേ കാറുടമയ്ക്ക് നല്ലഭാരമുള്ള വീപ്പകൾ നീക്കാനാകൂ എന്ന സ്‌ഥിതിയായി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ തൂപ്പുകാരന് ലോകത്തിന്റെ നാനാഭാഗത്തുനിന്നും അഭിനന്ദന പ്രവാഹമാണ്.
https://www.youtube.com/embed/ab9FVhdlgqA
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.