നീലാകാശം.. ജോമോന്റെ സുവിശേഷങ്ങളിലെ സോംഗ് ടീസർ
Friday, December 30, 2016 8:39 AM IST
ദുൽഖർ സൽമാനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ’ജോമോന്റെ സുവിശേഷങ്ങൾ’ എന്ന ചിത്രത്തിലെ രണ്ടാമത്തെ സോംഗ് ടീസർ പുറത്തിറങ്ങി. ദുൽഖർ തന്നെയാണ് വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്തത്. നീലാകാശം എന്നു തുടങ്ങുന്ന ഗാനം നജീം അർഷാദും സുജാതയുമാണ് ആലപിച്ചിരിക്കുന്നത്. ദുൽഖറും തമിഴ് നായിക ഐശ്വര്യ രാജേഷുമാണ് ഗാനരംഗത്തിലെത്തുന്നത്. മലയാളത്തിലെ പ്രമുഖ ഓഡിയോ ലേബലായ മ്യൂസിക് 247 ആണ് ചിത്രത്തിലെ ഗാനങ്ങൾ പുറത്തിറക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് വിദ്യാസാഗർ സംഗീതമൊരുക്കുന്നു.

മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത എന്നും എപ്പോഴും എന്ന ചിത്രത്തിനു ശേഷം സത്യൻ അന്തിക്കാട് ഒരുക്കുന്ന ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങൾ. ഡോ. ഇക്ബാൽ കുറ്റിപ്പുറത്തിന്റേതാണ് കഥ. വിനോദയാത്രയ്ക്കുശേഷം സത്യൻ അന്തിക്കാടും ഛായാഗ്രാഹകൻ എസ്. കുമാറും ഈ ചിത്രത്തിൽ ഒത്തുചേരുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്.

തൃശൂരിലെ വളരെ സമ്പന്ന കുടുംബാംഗമായ ജോമോനെയാണ് ദുൽഖർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജീവിതത്തെ ഒട്ടും ഗൗരവത്തോടെ കാണാത്തവനാണു ജോമോൻ. മുകേഷാണ് ദുൽഖറിന്റെ അച്ഛന്റെ റോളിലെത്തുന്നത്. പ്രേമം ഫെയിം അനുപമ പരമേശ്വരനും, തമിഴ് നായിക ഐശ്വര്യ രാജേഷുമാണ് ദുൽഖറിന്റെ നായികമാരായെത്തുന്നത്. വിനു മോഹൻ, ഇന്നസെന്റ്, മുത്തുമണി, ഇർഷാദ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഫുൾമൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് നിർമിക്കുന്ന ഈ ചിത്രം തൃശൂർ, തിരുപ്പൂർ, തഞ്ചാവൂർ, പൊള്ളാച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്.

സോംഗ് ടീസർ കാണാം:
https://www.youtube.com/embed/oCiwaOxBYA8
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.