മുങ്ങിത്താഴുന്ന കപ്പലിലെ ജീവനക്കാരെ രക്ഷിക്കുന്ന വീഡിയോ വൈറൽ
Monday, January 2, 2017 10:03 AM IST
ശക്‌തമായ കാറ്റിലും തിരയിലും തകർന്നുലഞ്ഞ ആ ചെറു ചരക്ക് കപ്പലിന്റെ അടിത്തട്ട് തകർന്ന് കടൽവെള്ളം ഇരച്ചു കയറി. കോടികൾ വിലയുള്ള സാധനങ്ങൾ മുഴുവൻ വെള്ളത്തിനടിയിയിലായി. വെള്ളം കയറിയ കപ്പൽ മുങ്ങിത്തുടങ്ങി. പ്രാണരക്ഷാർഥം കപ്പലിന്റെ മേൽക്കുരയിൽ കയറിയ ആ നാലു നാവികരും പ്രാർഥനയോടെ നിലയുറപ്പിച്ചു. എന്നാൽ അധികം താമസിയാതെ തന്നെ കടൽവെള്ളം അവിടെയുമെത്തി.

ഇനി രക്ഷയില്ല. ഒരുമിച്ച് നിന്ന് ശാന്തമായി മരണം വരിക്കാൻ തയാറായ ആ നാലു പേരും ഒരു ഇരമ്പൽ കേട്ടു. ആകാശത്തേക്കു കണ്ണുകളുയർത്തിയ അവർക്ക് തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. രക്ഷയുടെ കയർ താഴേക്കിട്ട് ഒരു ഹെലികോപ്ടർ. നാലു പേരും ആ കയറിൽ പിടിച്ചു തുങ്ങിയ നിമിഷത്തിൽ തന്നെ കപ്പൽ കടലാഴങ്ങളിൽമറഞ്ഞു. ഹോളിവൂഡ് സിനിമാ രംഗങ്ങളല്ല ഈ പറഞ്ഞത്. ഗ്രീസ് ഉൾക്കടലിൽ കാറ്റിലും കോളിലും പെട്ട് തകർന്ന കാർഗോ കപ്പലിൽ നിന്ന് നാലു നാവികരെ സാഹസികമായി രക്ഷപെടുത്തിയ രംഗങ്ങളാണു വിവരിച്ചത്.

ഗ്രീക്ക് നാവിക സേന ഹെലികോപ്ടർ ഉപയോഗിച്ച് നടത്തിയ സമയോചിതമായ ഇടപെടലിലൂടെയാണ് നാവികരുടെ ജീവൻ രക്ഷിച്ചത്. മുങ്ങിത്താണുകൊണ്ടിരുന്ന കപ്പലിലേക്ക് കയർ ഇട്ട് കൊടുത്താണ് നാവികരെ ഹെലികോപ്റ്ററിലേക്ക് വലിച്ചു കയറ്റിയത്. സാഹസികമായ രക്ഷാപ്രവർത്തനത്തിന്റെ ദ്യശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.