നൊമ്പരമായി ഒരു പിഞ്ചുകുരുന്ന് കൂടി; റോഹിങ്ക്യകളുടെ ദുരിതസാക്ഷ്യമായി മുഹമ്മദ് സൊഹയത്
Friday, January 6, 2017 2:35 AM IST
മരവിക്കാത്ത മനുഷ്യമനസുകളിൽ വിങ്ങലുണർത്തി കുരുന്നിന്റെ ചിത്രം. ഒരു വയസും നാലു മാസവും മാത്രം പ്രായമുള്ള മൂഹമ്മദ് സൊഹയത് എന്ന റോഹിങ്ക്യ മുസ്ലീം കുരുന്ന് നദിതീരത്തെ ചെളിമണ്ണിൽ ചേതനയറ്റ് കിടക്കുന്ന ചിത്രമാണ് കരളലിയിപ്പിക്കുന്ന കാഴ്ചയാകുന്നത്.

മ്യാൻമറിലെ ന്യൂനപക്ഷമായ റോഹിങ്ക്യ മുസ്ലീം വിഭാഗത്തിൽപ്പെട്ട മൂഹമ്മദ്, തന്റെ കുടുംബത്തോടൊപ്പം മ്യാൻമറിൽ നിന്ന് പലായനം ചെയ്യുന്നതിനിടയിലാണ് അപകടത്തിൽപ്പെടുന്നത്. സ്വദേശമായ മ്യാൻമറിൽ നിന്ന് പ്രാണരക്ഷാർഥം ബംഗ്ലാദേശിലേക്ക് പുറപ്പെട്ട മൂഹമ്മദും സംഘവും സഞ്ചരിച്ച ബോട്ട് നാഭ് നദിയിൽ മുങ്ങുകയായിരുന്നു.

മുഹമ്മദിന്റെ മറ്റു കുടുംബാഗങ്ങളെല്ലാം അപകടത്തിൽനിന്നും രക്ഷപെട്ടെങ്കിലും മൂഹമ്മദിനെ കാണാതാവുകയായിരുന്നു. പിന്നീടാണ് കുട്ടിയുടെ മൃതദേഹം നദീതീരത്തടിഞ്ഞത്. കുരുന്നിന്റെ ചിത്രം ലോകശ്രദ്ധ നേടിയതോടെ മ്യാൻമറിലെ സൈനിക നേതൃത്വത്തിനെതിരെ നിരവധി മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തിയിരിക്കുകയാണ്.

സൈന്യത്തിൽ നിന്നും ക്രൂരമായ പീഡനങ്ങളാണ് റോഹിങ്ക്യ മുസ്ലീം വിഭാഗം നേരിടുന്നതെന്ന് ഇവർ ആരോപിച്ചു. സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ വിവിധ ലോക നേതാക്കൾ ഈ വിഷയത്തിൽ യുഎന്നിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

തുർക്കി കടൽത്തീരത്തടിഞ്ഞ സിറിയൻ ബാലൻ ഐലൻ കുർദിയുടെ ചിത്രത്തെ അനുസ്മരിപ്പിക്കുന്ന മുഹമ്മദിന്റെ ചിത്രം റോഹിങ്ക്യ വിഭാഗം നേരിടുന്ന കൊടിയ യാതനകളുടെ നേർസാക്ഷ്യമായി മാറുകയാണ്.

ഐലൻ കുർദിയുടെ ചിത്രം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.