ഇവിടെ ക്രിസ്മസ് കഴിഞ്ഞതേയുള്ളൂ; പുതുവത്സരമെത്താൽ ഇനിയും കാത്തിരിക്കണം
Sunday, January 8, 2017 1:37 AM IST
ലോകം മുഴുവൻ ക്രിസ്മസും പുതുവത്സരവും ആഘോഷിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ, ക്രിസ്മസ് ആഘോഷിക്കാൻ പുൽക്കൂടൊരുക്കുകയായിരുന്നു ഈ ദ്വീപ് നിവാസികൾ. തമാശയല്ല ഈ പറയുന്നത്. സ്കോട്ട്ലണ്ടിലെ ഫൗല ദ്വീപ് നിവാസികൾ ജനുവരി ആറിനാണ് ക്രിസ്മസ് ആഘോഷിച്ചത്. പുതുവത്സരമാകട്ടെ ജനുവരി 13 നും.

ഈ വർഷത്തേക്ക് മാത്രമുള്ള പ്രത്യേകതയാണ് ഇതെന്ന് കരുതരുതേ. ഈ ദ്വീപിൽ മനുഷ്യവാസം തുടങ്ങിയ കാലം മുതലേ ക്രിസ്മസും ന്യൂഇയറും വൈകിയാണെത്താറ്. കാരണം പറയാം...

സ്കോട്ലാൻഡിൽ നിന്നും 160 കിലോമീറ്റർ അകലെയായി അറ്റ്ലാന്റിക് സമുദ്രത്തിൽ സ്‌ഥിതി ചെയ്യുന്ന ഫൗല ദ്വീപുകാർ ഇപ്പോഴും പിൻതുടരുന്നത് ലോകം വേണ്ടെന്ന് വെച്ച ’ജൂലിയൻ’ കലണ്ടറാണ്. അതുകൊണ്ട് തന്നെയാണ് ക്രിസ്മസിനും പുതുവത്സരത്തിനെമെല്ലാം ഈ നേരിയ കാലതാമസം ഉണ്ടാകുന്നതും. കലണ്ടറിന്റെ കാര്യത്തിൽ മാത്രമല്ല ഈ ദ്വീപുകാർ വ്യത്യസ്തരാകുന്നത്.

1800 കളിൽ ലോകത്തോട് വിടപറഞ്ഞ ഏറെ പഴക്കമുള്ള ’നോൺ’ ആണ് ഇപ്പോഴും ഫൗല നിവാസികളുടെ സംസാരഭാഷ. പക്ഷി ദ്വീപെന്നാണ് ഫൗല എന്ന നോൺ പദത്തിനർഥം. കേവലം 30 പേർ മാത്രമാണ് ഈ കുഞ്ഞൻ ദ്വീപിലെ ജനസംഖ്യ. ക്രിസ്മസ് ദിനത്തിൽ ദ്വീപംഗങ്ങളെല്ലാവരും ഒരു വീട്ടിൽ ഒത്തു ചേർന്നാണ് ക്രിസ്മസ് ആഘോഷിക്കുക. സമ്മാന വിതരണവും പാട്ടും മേളവുമൊക്കെയായി ക്രിസ്മസ് ദിനം അവിസ്മരണീയമാക്കാൻ ഈ ദ്വീപുകാർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

ഭാഷയും കലണ്ടറുമെല്ലാം പഴയതാണെങ്കിലും എല്ലാവിധ ആധുനിക സംവിധാനങ്ങളോടെയുമാണ് ഇവിടുത്തുകാർ ജീവിക്കുന്നത്. ടെലിവിഷനും ഇന്റർനെറ്റുമെല്ലാം ഇവിടെ ലഭ്യമാണ്. ഡീസൽ ജനറേറ്ററിൽ നിന്നാണ് ദ്വീപിലെ ആവശ്യങ്ങൾക്കായുള്ള വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ചീറിയടിക്കുന്ന കടൽക്കാറ്റ് ഇടയ്ക്കുണ്ടാക്കുന്ന പ്രശ്നങ്ങൾ മാറ്റി നിർത്തിയാൽ ‘പക്ഷിദ്വീപിലെ’ കാലാവസ്‌ഥയും മനോഹരം തന്നെ. തലമുറകളായി പിൻതുടരുന്ന ഫൗലയിലെ ആചാരങ്ങൾ ഇനിയും തുടരുമെന്നാണ് ഇവിടുത്തെ പുതുതലമുറയും പറയുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.