മരിച്ചെന്ന് കരുതി മക്കൾ ഗംഗയിലൊഴുക്കിയ അമ്മ 40 വർഷത്തിനു ശേഷം വീട്ടിൽ തിരികെയെത്തി
Sunday, January 8, 2017 1:47 AM IST
സിനിമാക്കഥകളെപ്പോലും വെല്ലുന്ന ജീവിത മൂഹൂർത്തങ്ങളാണ് ഉത്തർപ്രദേശിലെ കാൺപൂരിലുള്ള ബിദോ ഗ്രാമത്തിലെ ഒരു കുടുംബത്തിൽ കഴിഞ്ഞ ദിവസം നടന്നത്. 40 വർഷം മുൻപ് പാമ്പിൻ കടിയേറ്റ് മരിച്ചെന്ന് കരുതി മതാചാരപ്രകാരം തങ്ങൾ ഗംഗയിലൊഴുക്കിയ അമ്മ വീടിന്റെ ഉമ്മറത്ത് ചിരിച്ചുകൊണ്ട് നിൽക്കുന്നത് കണ്ട് ഞെട്ടിത്തരിച്ചുപോയ പെൺമക്കൾക്ക് തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാൻ കുറച്ചധികം സമയം വേണ്ടിവന്നു.

1976ലായിരുന്നു സംഭവം. വയലിൽ കാലികൾക്കായി പുല്ലരിയാൻ പോയ വിലാസയ്ക്ക് കരിമൂർഖന്റെ കടിയേൽക്കുകയായിരുന്നു. അബോധാവസ്‌ഥയിലായ വിലാസയെ ഭർത്താവും അയൽക്കാരും ചേർന്ന് അടുത്തുള്ള ഒരു നാട്ടുവൈദ്യന്റെ അടുക്കലെത്തിച്ചു. നാട്ടുമരുന്നുകൾ പലതും പ്രയോഗിച്ചിട്ടും ബോധം വീഴാതിരുന്ന വിലാസ മരിച്ചുവെന്ന് നാട്ടുവൈദ്യൻ വിധിയെഴുതി. മതാചാര പ്രകാരമുള്ള മരണാന്തര ചടങ്ങുകൾ നിർവഹിച്ച ശേഷം നാട്ടുകരുടെ സാനിധ്യത്തിലാണ് വിലാസയുടെ ശരീരം ഗംഗയിലൊഴുക്കിയത്. എന്നാൽ ആ കഥ അവിടെ അവസാനിച്ചില്ല.

വിലാസ ഒഴുകിയെത്തിയത് കുറച്ചകലയുള്ള ഗ്രാമത്തിലെ മീൻപിടുത്തക്കാരുടെ അരികിലാണ്. വിലാസയ്ക്കു ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞ മീൻപിടുത്തകാർ അവരെ അടുത്തുള്ള ക്ഷേത്രത്തിലെത്തിച്ചു ചികിത്സിക്കുകയും ചെയ്തു. ജീവനിലേക്കും ജീവിതത്തിലേക്കും പതിയെ തിരിച്ചെത്തിയ വിലാസയ്ക്കു നടന്ന കാര്യങ്ങൾ ഒന്നും തന്നെ ഓർമയുണ്ടിയിരുന്നില്ല. എന്തിന്, സ്വന്തം പേരു പോലും ആ അമ്മയ്ക്ക് ഓർമ്മയില്ലായിരുന്നു. ഇന്നലെകൾ പൂർണമായും വിസ്മരിച്ച വിലാസ ആ ക്ഷേത്രത്തിലെ ഒരു അന്തേവാസിയായി ജീവിച്ചത് 40 വർഷമാണ്.

82 വർഷത്തിന്റെ ജരാനരകൾ വിലാസയെ ബാധിച്ചുതുടങ്ങിയപ്പോഴായിരുന്നു ഒളിച്ചിരുന്ന ഓർമകളെല്ലാം മറനീക്കി പുറത്ത് വന്ന് തുടങ്ങിയത്. പഴയ സഭവങ്ങളെല്ലാം ഓർമയിൽ തെളിഞ്ഞ വിലാസ കാര്യങ്ങളെല്ലാം അമ്പലത്തിനടുത്ത് താമസിക്കുന്ന ഒരു പെൺകുട്ടിയോട് പറഞ്ഞു. പെൺകുട്ടി ഈ കാര്യങ്ങളെല്ലാം പറഞ്ഞത് വർഷങ്ങൾക്ക് മുൻപ് വിലാസയെ ഗംഗയിലൊഴുക്കിയതിന് സാക്ഷ്യം വഹിച്ച വ്യക്‌തിയോടും. പിന്നെ ഒട്ടും താമസിപ്പിച്ചില്ല. വിലാസയെ ക്ഷേത്രം ഭാരവാഹികളൊക്കെ ചേർന്ന് മക്കളുടെ അരികിലെത്തിച്ചു. വിലാസയെ കണ്ടപാടെ പെൺമക്കളായ രാംകുമാരിയും മുനിയും അയൽവാസികളും അമ്പരന്നെങ്കിലും വിലാസ മക്കളെ പേർ ചൊല്ലി വിളിച്ചതോടെ ആ മക്കൾ അമ്മയെ തരിച്ചറിയുകയായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.