വേട്ടക്കാരിൽ നിന്ന് രക്ഷിക്കാൻ കാണ്ടാമൃഗത്തെ ഹെലികോപ്റ്ററിൽ തൂക്കി പറന്നത് കിലോമീറ്ററുകൾ
Thursday, January 12, 2017 10:17 AM IST
എയർലിഫ്റ്റ് എന്ന കേട്ടിട്ടുണ്ടാവുമല്ലോ...? അപകടത്തിൽ പെടുന്നവർക്ക് കരമാർഗം രക്ഷപെടാൻ സാഹചര്യമില്ലാതെ വരുമ്പോൾ ഹെലികോപ്റ്ററിൽ നിന്ന് കയറോ ലാഡറോ നൽകി രക്ഷപെടുത്തുന്നതിനെയാണ് സാധാരണയായി എയർ ലിഫ്റ്റ് എന്ന് പറയുന്നത്. അതുപോലൊരു എയർ ലിഫ്റ്റിലൂടെ ഒരു കാണ്ടാമൃഗത്തിന്റെ ജീവൻ രക്ഷിച്ചിരിക്കുകയാണ് വന്യജീവി സംരക്ഷകർ.

ദക്ഷിണാഫ്രിക്കയിലെ കിഴക്കൻ കേപ് പ്രവിശ്യയിലാണ് സംഭവം. ഇവിടുത്തെ ഗ്രേറ്റ് ഫിഷ് നദിയോരത്തുള്ള സംരക്ഷിത വനമേഖലയിൽ വേട്ടക്കാരുടെ ശല്യം രൂക്ഷമായതിനെത്തുർന്നാണ് അധികൃതർ മിണ്ടാപ്രാണിയെ രക്ഷിക്കാൻ എയർ ലിഫ്റ്റൊരുക്കിയത്.

വനത്തിലുള്ളിൽ അവശേഷിക്കുന്ന ഏതാനും കാണ്ടാമൃഗങ്ങളെ വേട്ടയാടാൻ വേട്ടക്കാർ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് അധികൃതർ ഹെലികോപ്റ്ററിലെത്തുകയായിരുന്നു. 1,000 കിലോഗ്രാം ഭാരമുള്ള കാണാമൃഗത്തെ കയറിൽ തൂക്കിയാണ് കാട് കടത്തിയത്. കിലോമീറ്ററുകൾ കാണ്ടാമൃഗവുമായി പറന്ന ഹെലികോപ്റ്റർ സുരക്ഷിതമായ മറ്റൊരു പ്രദേശത്തെത്തിയപ്പോൾ താഴ്ന്നുപറന്ന് കാണാ മൃഗത്തെ സ്വതന്ത്രനാക്കുകയായിരുന്നു. എന്നാൽ കാണ്ടമൃഗത്തിന്റെ സുരക്ഷയെ കരുതി ഈ പ്രദേശം എവിടെയാണെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

കടുത്ത വംശനാശ ഭീഷണിയിലാണ് ഈ മിണ്ടാപ്രാണികൾ. വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ കണക്കുകൾ പ്രകാരം ഭൂമിയിൽ നിലവിൽ 5,000 കാണ്ടാമൃഗങ്ങൾ മാത്രമേ ജീവനോടെയുള്ളൂ. വന്യജീവി ഫോട്ടോഗ്രാഫർ പീറ്റ് ഓക്സ്ഫോർഡാണ് കാണ്ടാമൃഗത്തിന്റെ ഈ ആകാശയാത്ര കാമറയിൽ പകർത്തിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.