ജയിലിൽ നിന്ന് കാമുകനെ സ്യൂട്ട്കേസിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ യുവതിയുടെ ശ്രമം; ഒടുവിൽ...
Friday, January 13, 2017 9:56 AM IST
എത്രനാളെന്ന് വെച്ചാ ഇങ്ങനെ ’അകത്തും പുറത്തുമായി ’ കഴിയുക. ജയിലിൽ കഴിയുന്ന പ്രാണപ്രിയൻ കൂടെയില്ലാതെ ഒരു നിമിഷം പോലും ഇനി മുന്നോട്ട് ജീവിക്കാൻ പറ്റില്ലെന്ന് തോന്നിയ യുവതി ഒടുവിൽ കാമുകനെ ’പുറത്തെത്തിക്കാൻ’ തന്നെ തീരുമാനിച്ചു. പക്ഷെ ഐഡിയ ശരിക്ക് വർക്ക് ഔട്ട് ആകാത്തതിനാൽ യുവാവ് പുറംലോകം കണ്ടില്ലെന്ന് മാത്രമല്ല യുവതി അഴിക്കുളളിലാവുകയും ചെയ്തു.

സംഭവം ഇങ്ങനെ: വെനസ്വലയിലെ പ്യുന്റെ അയലാ ജയിലിൽ വാഹന മോഷണക്കുറ്റത്തിന് തടവുശിക്ഷയനുഭവിച്ച് വരികയായിരുന്നു ഹോസെ അന്റോണിയോ എന്ന വെനസ്വല സ്വദേശി. ഒമ്പതു വർഷമായിരുന്നു ഇയാൾ ശിക്ഷ അനുഭവിക്കേണ്ടിയിരുന്നത്. അങ്ങനെയിരിക്കെ ഇയാളുടെ കാമുകിയായ അന്റോണീറ്റ റോബ്ളസും ആറു വയസുകാരി മകളും ജയിലിൽ ജോസിനെ കാണാനെത്തി.

വലിയൊരു സ്യൂട്ട് കേസും കൈയിൽ കരുതിയായിരുന്നു യുവതി ജയിലെത്തിയത്. യുവതി ഒരുപാട് അകലെ നിന്നാണ് ജയിലിലെത്തിയതെന്നതിനാൽ സ്യൂട്ട്കേസ് കൈയിൽ കരുതിയതിന് ജയിൽ ഗാർഡുമാർക്ക് സംശയമൊന്നും തോന്നിയതുമില്ല. ഗാർഡുമാർ ഒഴിഞ്ഞ സമയം നോക്കി യുവാവ് അന്റോണീറ്റ കൊണ്ടുവന്ന സ്യൂട്ട്കേസിൽ കയറിയിരുന്നു. സ്‌ഥലം തീരെ കുറവായതിനാൽ മടങ്ങിയൊടിഞ്ഞാണ് യുവാവ് പെട്ടിയിൽ കേറിപ്പറ്റിയത്. യുവതിയാകട്ടെ പെട്ടിയിലുള്ള തുണിയൊക്കെ വെച്ച് യുവാവിനെ നന്നായി മറച്ച ശേഷം പെട്ടിയടയ്ക്കുകയും ചെയ്തു. ഇനി ജയിൽ കടക്കണം...

ചക്രം ഘടിപ്പിച്ച സ്യൂട്ട് കേസായതിനാൽ അന്റോണീറ്റ ജയിലിലെ പലവാതിലുകളും ആർക്കും ഒരു സംശയവും നൽകാതെ അതിജീവിച്ചു. ഇനിയുള്ളത് പ്രധാനകവാടം. അവിടം വരെ ജയിൽ ഗാർഡുമാർക്ക് ടാറ്റയൊക്കെ പറഞ്ഞു പോയ അന്റോണീറ്റ പ്രധാന കവാടത്തിലെത്തിയതും ആകെ പെട്ടുപോയി. ഇത്രയും നേരം നിലത്തുകൂടി ഉരുട്ടിയ സ്യൂട്ട് കേസ് എടുത്തുയർത്താതെ മുന്നോട്ട് പോകാൻ കഴിയാത്ത സ്‌ഥിതി.

അന്റോണീറ്റ എത്ര ശ്രമിച്ചിട്ടും സ്യൂട്ട് കേസ് ഉയർത്താൻ കഴിയാതെ വന്നതോടെ ജയിൽ ഗാർഡുമാർക്ക് സംശയമായി. തുണികൾ വെയ്ക്കുന്ന പെട്ടിക്ക് ഇത്ര ഭാരമോ.? സ്യൂട്ട് കേസ് തുറക്കാൻ അവർ ആവശ്യപ്പെട്ടു. പെട്ടി തുറക്കാതിരിക്കാൻ അന്റോണീറ്റ പരമാവധി ശ്രമിച്ചെങ്കിലും ജയിൽ അധികൃതരുടെ ശാസന അതിജീവിക്കാൻ അവൾക്കായില്ല.

പെട്ടിതുറന്നതും ഒരു കുഞ്ഞിനെപ്പോലെ നിഷ്കളങ്കനായി ചിരിച്ചുകൊണ്ടിരുന്ന ഹോസെ അന്റോണിയയെ കണ്ട് ജയിൽ ഗാർഡുകൾ ഞെട്ടി. പക്ഷെ ഉടൻതന്നെ ഗാർഡുമാർ കക്ഷിയുടെ ചിരിയൊക്കെ മാറ്റി. ഇപ്പോൾ കാമുകനും കാമുകിയും ജയിലുള്ളിലാണ്. ഒരിമിച്ചല്ലെന്നു മാത്രം. ഇരുവരുടെയും ആറു വയസുകാരി മകൾ സംരക്ഷണ കേന്ദ്രത്തിലും. ഒരുമാസം മുന്നേ ജിമ്മിലൊക്കെ പോയി കാമുകനെ എടുത്തുയർത്താനുള്ള കരുത്തൊക്കെ ആർജിച്ചായിരുന്നു അന്റോണീറ്റയുടെ വരവെങ്കിൽ കഥമാറിയേനേ...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.