മുഖംമൂടിയല്ല മുഖം; ഇരട്ട മുഖവുമായി ചൈനീസ് ബാലൻ
Friday, January 13, 2017 9:58 AM IST
ജന്മനാ ബാധിച്ച വൈകല്യം മൂലം ’ഇരുമുഖൻ’ ആയി അറിയപ്പെടാനാണ് ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ഷിയാംഗ്ടൻ സ്വദേശിയായ ഹുയികാംഗ് എന്ന ഏഴു വയസുകാരന്റെ വിധി. മുഖത്തെ അസ്‌ഥികൾ തമ്മിലുള്ള ക്രമാതീതമായ അകലം മൂലം മുഖംമൂടിയണിഞ്ഞതു പോലുള്ള മുഖമുള്ള ഹുയികാംഗിനെ ’മാസ്ക് ബോയ്’ എന്നാണ് നാട്ടുകാർ വിളിക്കുന്നത്.

കുഞ്ഞിനെ പ്രസവിക്കുന്നതിന് മുമ്പ് പലതരത്തിലുള്ള സ്കാനിംഗ് നടത്തിയെങ്കിലും കുഞ്ഞിന്റെ മുഖത്തെ ഈ വൈകല്യം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലെന്ന് ഹുയികാംഗിന്റെ അമ്മ യി ലിനാഷി പറഞ്ഞു. ഹുയികാഗിന്റെ മുഖത്തെ വൈരൂപ്യം മാറ്റാൻ 2010ൽ ചൈനയിലെ ചാംഗ്ഷയിലുള്ള മിലിട്ടറി ആശുപത്രിയിൽ രണ്ട് ശസ്ത്രക്രിയകൾ നടന്നിരുന്നു. ഇതേത്തുടർന്ന് കുട്ടിയുടെ മുഖത്തെ വൈകല്യം കുറച്ച് ഭേദമായിരുന്നു.

എന്നാൽ 10 വർഷത്തോളം കാത്തിരുന്നാലേ മുഖത്തെ അസ്‌ഥികൾ പൂർണവളർച്ചയിലെത്തുകയുള്ളുവെന്നും അപ്പോൾ മാത്രമേ കുഞ്ഞിന്റെ മുഖത്തെ വൈകല്യം പൂർണമായി സുഖപ്പെടുകയുള്ളൂവെന്നും ശസ്ത്രക്രിയക്കു നേതൃത്വം നൽകിയ ഡോ. വാംഗ് ഡുകാൻ പറഞ്ഞു. തന്റെ കുഞ്ഞിന്റെ മുഖത്തെ വൈരൂപ്യമെല്ലാം മാറി സാധാരണ ജീവിതം നയിക്കുന്നത് കാണാൻ പ്രാർഥനയോടെ കാത്തിരിക്കുകയാണ് ഹുയികാംഗിന്റെ അമ്മ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.