മരിച്ചെന്ന് കരുതി മക്കൾ ശവപ്പെട്ടിയിലടച്ച മുത്തച്ഛൻ പെട്ടിയിൽ കിടന്നു ചോദിച്ചു: ‘ഇവിടെന്താ പരിപാടി?’
Sunday, January 15, 2017 12:11 AM IST
ഒരു അഞ്ചു മിനിറ്റ് കൂടി വൈകിയിരുന്നെങ്കിൽ തങ്ങളുടെ മുത്തച്ഛനെ ജീവനോടെ മണ്ണിലടക്കുമായിരുന്നല്ലോ എന്നുള്ള ഞെട്ടലിലാണ് മിഗ്ക്വിവാൻ എന്ന 78 കാരന്റെ മക്കളും കൊച്ചുമക്കളും. ചൈനയിലെ സിച്ചുവാൻ പ്രവിശ്യയിലുള്ള യുജിംഗ് എന്ന ഗ്രാമത്തിലാണ് ഏറെ രസകരമായ സംഭവം അരങ്ങേറിയത്.

ദീർഘനാളായി കാൻസർ മൂലം അവശനിലയിലായിരുന്ന മിഗ് ക്വിവാൻ കഴിഞ്ഞ ദിവസം രാവിലെ മുതലാണ് ഒരു അനക്കവുമില്ലാതെ കാണപ്പെട്ടത്. ഇയാളുടെ മൂത്തമകൻ ഹുവാംഗ് അച്ഛനെ പലപ്രാവശ്യം തട്ടിവിളിച്ചിട്ടും പ്രതികരണമൊന്നുമുണ്ടായില്ല. അയൽവാസികളും ബന്ധുക്കളുമെല്ലാമെത്തി മുത്തച്ഛൻ മരിച്ചുവെന്ന് സ്‌ഥിരീകരിക്കുകയും ചെയ്തു. പിന്നെ ശവസംസ്കാരത്തിനുള്ള ഒരുക്കങ്ങളായിരുന്നു.

വീടിനോട് ചേർന്ന പറമ്പിൽ തന്നെ മൃതദേഹം മറവ് ചെയ്യാനുള്ള കുഴിയെടുത്തു. ചൈനീസ് ആചാരപ്രകാരം വീടും പരിസരവുമെല്ലാം അലങ്കരിച്ചു. ഒടുവിൽ ബന്ധുക്കൾ ചേർന്ന് ക്വിവാനെ അടക്കാനുള്ള ശവപ്പെട്ടിയുമെത്തിച്ചു. മക്കളും കൊച്ചുമക്കളും കണ്ണീരോടെ തങ്ങളുടെ പ്രിയ മുത്തച്ഛനെ പെട്ടിയിലടച്ചു. ഇനി കുറച്ച് ചടങ്ങുകൾകൂടി ബാക്കിയുണ്ട് അത് കൂടി കഴിഞ്ഞാൽ ക്വിവാൻ മണ്ണിനടിലിലാവും...

അങ്ങനെയിരിക്കെയാണ് എവിടെനിന്നോ ഒരു തട്ടും മുട്ടും അവിടെ കൂടിയിരുന്നവരുടെ കാതിലെത്തുന്നത്. എവിടെനിന്നാണ് ഈ ശബ്ദം കേൾക്കുന്നതെന്ന് അറിയാതെ ചുറ്റിനും നോക്കിയ ആളുകൾ ഒടുവിൽ ആ സത്യം ഞെട്ടലോടെ തിരിച്ചറിഞ്ഞു. തട്ടും മുട്ടും ശവപ്പെട്ടിയിൽ നിന്നാണ്. മൂത്തമകൻ ഹവാംഗ് ഉടൻ തന്നെ പെട്ടി തുറന്നു. പെട്ടിയുടെ മൂടി മാറ്റിയതും വിയർത്തു കുളിച്ച മുത്തച്ഛൻ ചോദിച്ചു: ’ഇവിടെന്താ പരിപാടി?’ ആകെപ്പാടെ അന്തംവിട്ടു പോയെ ആളുകളെല്ലാം പിന്നെ ഒന്നും നോക്കിയില്ല അപ്പൂപ്പനെ എടുത്ത് പുറത്ത് ഇരുത്തി കാറ്റ് കൊള്ളിച്ചു. ഒരൽപം ക്ഷീണമുണ്ടെങ്കിലും ക്വിവാൻ ഇപ്പോൾ ആരോഗ്യവാനാണെന്നാണ് മകൻ പറയുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.