ജാഗ്രതൈ! വാമ്പയർ ബാറ്റ്സ് മനുഷ്യരക്‌തം കുടിക്കാനും തുടങ്ങിയിരിക്കുന്നു
Sunday, January 15, 2017 12:13 AM IST
വാമ്പയർ വാവലുകളെ അറിയില്ലേ... രക്‌തരക്ഷസുകളേപ്പോലെ രക്‌തം കുടിച്ച് ജീവിക്കുന്നവർ.. ഡ്രാക്കുളയും വാമ്പയറുകളുമെല്ലാം സാങ്കൽപിക സൃഷ്‌ടികളാണെങ്കിലും ഈ വാമ്പയർ ബാറ്റ്സ് സാങ്കൽപ്പിക സൃഷ്‌ടിയല്ല. അർജന്റീന, ബ്രസീൽ തുടങ്ങിയ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ കൂടുതലായി കണ്ടുവരുന്ന ഇവ രക്‌തം ആഹാരമാക്കുന്നതുകൊണ്ടാണ് ’വാമ്പയർ’ എന്ന പേരിലറിയപ്പടുന്നത്. പക്ഷികളുടെയും സസ്തനികളുടെയും ശരീരത്തിൽ കൂർത്ത പല്ലുകൾ കൊണ്ട് മുറിവുണ്ടാക്കി രക്‌തം കുടിക്കുകയാണ് ഇവയുടെ രീതി.

ഇത്രനാളും മനുഷ്യരെ രക്‌തത്തിനായി ആക്രമിക്കാതിരുന്ന ’ഈ ചോരക്കൊതിയൻമാർ’ മനുഷ്യരക്‌തവും കുടിച്ചുതുടങ്ങിയെന്ന ഞെട്ടിപ്പിക്കുന്ന വിവരവുമായി രംഗത്തെത്തിയിരുക്കകയാണ് ശാസ്ത്രഞ്ജർ. ബ്രസീലിലെ പെർണാവുക്കോയിലുള്ള ഫെഡറൽ യുണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. ബ്രസീലിൽ തന്നെയുള്ള കാറ്റിമ്പു ദേശീയോദ്യാനത്തിലെ വാമ്പയർ വാവലുകളെ വിശദമായ പഠനങ്ങൾക്ക് വിധേയമാക്കിയ ശേഷമാണ് ഇവ മനുഷ്യ രക്തം രുചിച്ചു തുടങ്ങിയെന്ന് കണ്ടെത്തിയിരിക്കുന്നത്.

വാവലുകളുടെ ശരീരത്തിലെ രക്‌തസാമ്പിളുകൾ പരിശോധിച്ച ഗവേഷകർ പക്ഷികളുടെയും സസ്തനികളുടെയും രക്‌തത്തിന് പുറമേ മനുഷ്യരക്‌തത്തിന്റെ സാനിധ്യവും തിരിച്ചറിയുകയായിരുന്നു. സസ്തനികൾ ഉറങ്ങുമ്പോൾ രക്‌തം കുടിക്കാൻ എത്തുന്ന വാവലുകൾ മനുഷ്യരുടെ ഗാഢനിദ്രാവേളയിലാകും രക്‌തം കുടിച്ചതെന്ന നിഗമനത്തിലാണ് ഗവേഷകർ. വളരെ നേരിയ മുറിവുകൾ മാത്രമേ ശരീരത്ത് ഏൽക്കുകയുള്ളൂ എന്നതിനാൽ വാവലിന്റെ കടിയേറ്റേ മനുഷ്യർക്ക് അവ തിരിച്ചരിയാനും സാധിച്ചെന്ന് വരില്ല.

വലിപ്പം തീരെ കുറഞ്ഞ ഇവ ചെറിയ എയർ ഹോളിനുള്ളിലൂടെയൊക്കെ വീടിനുള്ളിൽ കടക്കുമെന്നാണ് ഗവേഷകർ പറയുന്നത്. പേവിഷബാധ പോലുള്ള ഗുരുതര രോഗങ്ങളുടെ രോഗാണു വാഹകർ കൂടിയായ ഈ ’രക്‌തരക്ഷസുകൾ’ രക്‌തത്തിനായി മനുഷ്യരിലേക്കു തിരിഞ്ഞിരിക്കുന്നത് ഗൗരവത്തോടെയാണ് ശാസ്ത്രംലോകം കാണുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.