ഗ്രേറ്റ് ഫാദറിന്‍റെ ടീസർ എത്തും, എസ്രയ്ക്കൊപ്പം
Tuesday, February 7, 2017 4:33 AM IST
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഹനീഫ് അദേനി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ദ ഗ്രേറ്റ് ഫാദറിന്‍റെ ഇൻട്രോ ടീസർ പൃഥ്വിരാജിന്‍റെ എസ്രയ്ക്കൊപ്പം പുറത്തിറക്കും. എസ്രയുടെ തെരഞ്ഞെടുത്ത തീയറ്ററുകളിൽ മാത്രമായിരിക്കും ടീസർ റിലീസ് ചെയ്യുന്നത്. മമ്മൂട്ടി തന്നെയാണ് ഫേസ്ബുക്കിൽ ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്‍റെ നിർമാതാവ് കൂടിയാണ് എസ്രയിലെ നായകനായ പൃഥ്വിരാജ്. ഈമാസം പത്തിനാണ് എസ്രയുടെ റിലീസ്.

ചിത്രത്തിന്‍റേതായി കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ മോഷൻ പോസ്റ്ററിന് വൻ വരവേൽപ്പാണ് ലഭിച്ചത്. യൂട്യൂബിന്‍റെ റിക്കാർഡുകൾ തിരുത്തിക്കുറിച്ച മോഷൻ പോസ്റ്റർ പത്തുലക്ഷത്തിലേറെ വ്യൂവേഴ്സുമായി സാക്ഷാൽ ബാഹുബലിയെ മറികടന്നിരുന്നു.

ഡേവിഡ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ആഗസ്റ്റ് സിനിമയുടെ ബാനറിൽ സന്തോഷ് ശിവൻ, പൃഥ്വിരാജ്, ഷാജി നടേശൻ, ആര്യ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മാർച്ച് 31ന് ചിത്രം തീയറ്ററുകളിലെത്തും.

അച്ഛന്‍റെയും മകളുടെയും കഥ പറയുന്ന ചിത്രത്തിൽ ബേബി അനിഘ മമ്മൂട്ടിയുടെ മകളായി എത്തുന്നു. തെന്നിന്ത്യൻ നടി സ്നേഹയാണ് നായിക. നടൻ ആര്യയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അനുരാഗ കരിക്കിൻവെള്ളത്തിനു ശേഷം പൃഥ്വിരാജ് നിർമിക്കുന്ന ചിത്രം കൂടിയാണ് ദ ഗ്രേറ്റ് ഫാദർ.

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.