വാവ്റിങ്കയുടെ ചീത്തവിളിയെ ചിരിച്ചുനേരിട്ട് റോജർ ഫെഡറർ
Thursday, March 23, 2017 7:15 AM IST
കളിതോറ്റു ചീത്തവിളിച്ച സ്റ്റാൻസ് വാവ്റിങ്കയെ ചിരിച്ചു തോൽപ്പിച്ച് മുൻ ലോക ഒന്നാം നന്പർ ടെന്നീസ് താരം റോജർ ഫെഡറർ. ഇന്ത്യൻ വെൽസ് ടൂർണമെന്‍റ് ഫൈനലിൽ ഫെഡററോടു പരാജയപ്പെട്ടശേഷം കാണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്പോഴായിരുന്നു റോജർ ഫെഡറർക്കെതിരെ സ്റ്റാൻ വാവ്റിങ്കയുടെ മോശം പദപ്രയോഗം. തമാശരൂപത്തിലുള്ള ചീത്തവിളിയെ ഫെഡറർ ചിരികൊണ്ടാണു നേരിട്ടത്.

പത്ത് ദിവസത്തോളം നീണ്ട കളികളിൽ താൻ ആകെ ക്ഷീണിതനാണെന്ന് പറഞ്ഞായിരുന്നു വാവ്റിങ്ക തുടങ്ങിയത്. തന്‍റെ വാക്കുകൾ കേട്ട് ചിരിക്കുന്നത് കണ്ടപ്പോഴാണ് വാവ്റിങ്ക ഫെഡററെ ആ*****ൾ എന്നു വിശേഷിപ്പിച്ചത്. ഇതുകൂടി കേട്ടതോടെ ഫെഡററുടെ ചിരി നിയന്ത്രണം വിട്ടു.





ഞങ്ങൾ തമ്മിൽ കടുത്ത പലമത്സരങ്ങളുമുണ്ടായിട്ടുണ്ട്. അതിൽ പലപ്പോഴും വിജയം ഫെഡറർക്കൊപ്പമായിരുന്നു. എങ്കിലും ഓസ്ട്രേലിയൻ ഓപ്പണ്‍ ഫൈനലിൽ നിങ്ങൾ കളിച്ചപ്പോൾ ഞാനായിരുന്നു കയ്യടിച്ചവരിൽ ഏറ്റവും മുന്നിൽ. അന്നത്തെ തിരിച്ചുവരവിനും ഇന്നത്തെ കിരീടത്തിനും അഭിനന്ദനങ്ങൾ എന്നായിരുന്നു വാവ്റിങ്കയുടെ വാക്കുകൾ.

കാൽമുട്ടിലെ പരുക്കിന്‍റെ പിടിയിലെ ആറുമാസ വിശ്രമത്തിനു ശേഷമെത്തിയ ഫെഡറർ ഓസ്ട്രേലിയൻ ഓപ്പണ്‍ ജയിച്ചുകൊണ്ടാണു തിരിച്ചുവരവ് ആഘോഷിച്ചത്. അതോടെ ഗ്രാൻസ്ലാം കിരീടങ്ങളുടെ എണ്ണം 18 ആക്കി. നാലര വർഷത്തിടയിലെ ആദ്യ ഗ്രാൻസ്ലാം കിരീടവുമായി അത്. ഇന്ത്യൻ വെൽസ് വിജയത്തോടെ ഇവിടുത്തെ വെൽസിലെ അഞ്ചാമത്തെ കിരീടമെന്ന റിക്കാർഡും അവിടെ കിരീടമണിയുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന റിക്കാർഡും അതോടെ ഫെഡററുടേതായി. കൂടാതെ, റാങ്കിംഗിൽ പത്താം സ്ഥാനത്തു നിന്നു നാലുപടി കയറുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.