ആഡംബര കപ്പലിൽ ഒരു താരനിബിഡ വിവാഹം
Monday, April 17, 2017 8:37 AM IST
ക്രൂയിസ് കപ്പൽ ചരിത്രത്തിൽ പുതിയ നേട്ടം രചിച്ച ദുബായിയിലെ കോടീശ്വരനും ദാനൂബ് ഗ്രൂപ്പിന്‍റെ സ്ഥാപകചെയർമാനുമായ റിസ്‌വാൻ സാജന്‍റെ മകൻ അദേൽ സാജനും വധു സനാ ഖാനും വിവാഹിതരായത് ആഡംബര ക്രൂയിസ് കപ്പലിൽ. ബോളിവുഡിലെ പ്രമുഖ താരങ്ങൾ പങ്കെടുത്ത വിവാഹം അന്താരാഷ്ട്ര ആഡംബര കപ്പലിൽ നടക്കുന്ന ആദ്യ വിവാഹമാണ്. ചരിത്രത്തിൽ ആദ്യമായാണ് ഒരു വ്യക്തി കുടുംബ ആഘോഷത്തിന് വേണ്ടി ഒരു കപ്പൽ മുഴുവനായും വാടകയ്ക്ക് എടുക്കുന്നത്‌.

ക്രൂയിസ് കപ്പലിൽ പ്രധാനമായും ചിത്രീകരിച്ച ഹിന്ദി സിനിമയായ ദിൽ ദഡ്കനേ ദോയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ബോളിവുഡ് ആശയത്തിൽ വിവാഹ ആഘോഷം ഒരുക്കിയത്. മൂന്നു ദിവസം നീണ്ട വിവാഹ ആഘോഷത്തിൽ ബോളിവുഡിലെയും വ്യവസായ രംഗത്തെയും ആയിരത്തിൽ അധികം പ്രമുഖരാണ് മെഡിറ്ററേനിയൻ കടലിൽ നടന്ന ചടങ്ങിൽ സന്നിഹിതരായത്.




ദാനൂബ് ഹോമിന്‍റെ ഡയറക്ടറാണ് അദേൽ സാജൻ. അതേസമയം മുൻ മിസ് ഇന്ത്യയും കലാകാരിയും എഴുത്തുകാരിയും കൂടിയാണ് സനാ ഖാൻ. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏരീസ് ഗ്രൂപ്പിന്‍റെ ചെയർമാനും സിഇഒയുമായ ഹോളിവുഡ് സംവിധായകൻ സോഹൻ റോയിയും വിവാഹമാമാങ്കത്തിൽ പങ്കെടുത്തു. ഫോർബ്സ് മാഗസിൻ പുറത്തിറക്കിയ ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയിൽ 40 സ്ഥാനത്തുള്ള വ്യവസായി കൂടിയാണ് സോഹൻ റോയി.

മലൈക അറോറ, ശില്പ ഷെട്ടി, ഷമിതാ ഷെട്ടി, ദിയ മിർസ, സുഷ്മിത സെൻ, ജൂഹി ചൗള, മധുർ ഭണ്ഡാർക്കർ, ഗൗഹർ ഖാൻ, സോഫി ചൗധരി, കരിഷ്മ തന്ന, ഗുർമീത് ചൗധരി എന്നിവരെ കൂടാതെ പല പ്രശസ്തരായ സിനിമതാരങ്ങളും കോടീശ്വരന്മാരായ വ്യവസായികളും ചടങ്ങിൽ ഉണ്ടായിരുന്നു.





വിനോദപരിപാടികൾ കൊണ്ട് സമ്പുഷ്ടമായ കപ്പൽ യാത്ര സ്പെയിൻ, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചു. എഴുപത്തിഅഞ്ചിലധികം ഇന്ത്യൻ പാചകക്കാരുടെയും, 150 ൽ അധികം വിദേശ പാചകക്കാരുടെയും സംഘമാണ് ഭക്ഷണമൊരുക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.