"കൃഷ്ണഗുഡി'യിലേക്ക് ഒരു മഴയാത്ര..!
Wednesday, June 7, 2017 3:46 AM IST
കിനാവിന്‍റെ പടികടന്ന് കുളിരണിയിക്കാൻ അവൾ എത്തിയിരിക്കുന്നു. അവൾ പകരുന്ന കുളിരിൽ മൂടിപ്പുതച്ച് ഉറങ്ങാം, പെയ്തിറങ്ങുന്നത് നോക്കിയിരിക്കാം, വെറുതെ അവൾക്കൊപ്പം നടക്കാം... എന്താണെങ്കിലും പകരുന്ന അനുഭവം കുളിരു തന്നെ. ആ കുളിരണിഞ്ഞ് അവൾക്കൊപ്പം ഒരു യാത്രയായാലോ... മഞ്ഞിനൊപ്പം അവൾ കൂടുതൽ സുന്ദരിയായി പെയ്തിറങ്ങുന്ന അവിടേയ്ക്ക്...

കോടമഞ്ഞ് പശ്ചാത്തലമാകുന്ന കൃഷ്ണഗുഡി റെയിൽവേ സ്റ്റേഷൻ. കമൽ സംവിധാനം ചെയ്ത "കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്' എന്ന സംഗീത സാന്ദ്രമായ സിനിമ പുറത്തിറങ്ങിയ ശേഷം പ്രേക്ഷകർ തിരക്കിയ റെയിൽവേ സ്റ്റേഷൻ. ഗ്രാമത്തിന്‍റെ സ്വച്ഛതയിൽ പച്ചപ്പിന്‍റെ മേലാപ്പണിഞ്ഞ ഹിൽ സ്റ്റേഷനും റെയിൽപാതയും ചിത്രത്തിന്‍റെ കനിവേകിയ കഥാപശ്ചാത്തലമായിരുന്നു.

കൃഷ്ണഗുഡിയെന്ന സങ്കൽപഗ്രാമം ലൊക്കേഷനായ മനോഹരമായ റെയിൽവേ സ്റ്റേഷനും ഗാനരംഗങ്ങൾക്ക് പശ്ചാത്തലമൊരുക്കിയ റെയിൽപാതയും കേരളത്തിൽ തന്നെയാണെന്നു വിശ്വസിക്കാൻ ആദ്യം പ്രയാസമായിരുന്നു. ഭാവനയിൽ വിരിഞ്ഞ കൃഷ്ണഗുഡി എന്ന ഗ്രാമത്തിന് പറ്റിയ ലൊക്കേഷൻ തിരക്കി ആന്ധ്രാപ്രദേശ് വരെ സംവിധായകൻ കമലും സംഘവും അലഞ്ഞു. ഒടുവിൽ കൃഷ്ണഗുഡി ലൊക്കേഷനായത് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനും ഷൊർണൂർ-നിലന്പൂർ റെയിൽപാതയുമായിരുന്നു.



അത്രമേൽ ഹരിതാഭമായ കാഴ്ചകൾ വിരുന്നൊരുക്കുന്ന ഷൊർണൂർ-നിലന്പൂർ റെയിൽപാത വിനോദ സഞ്ചാരികളുടെ ഇഷ്ടപ്രദേശമാണ്. ആഭ്യന്തര വിദേശവിനോദ സഞ്ചാരികളെ ഒരുപോലെ ലക്ഷ്യമിട്ടു തുടങ്ങുന്ന ട്രെയിൻ ടൂറിസം പദ്ധതിയാണ് വിനോദസഞ്ചാര വകുപ്പ് വിഭാവനം ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബ്രോഡ് ഗേജ് റെയിൽപാതയാണ് 66 കിലോമീറ്റർ വരുന്ന ഷൊർണൂർ -നിലന്പൂർ പാത. മലപ്പുറം ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ സ്പർശിക്കുന്ന ട്രെയിൻ യാത്രയുൾപ്പടെ അടങ്ങുന്ന ടൂറിസം പാക്കേജാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ പദ്ധതിയിടുന്നത്. റൂട്ടിലെ ടൂറിസം സാധ്യതകൾ അധികൃതർ ഇതുവരെ മതിയാംവണ്ണം പ്രയോജനപ്പെടുത്തിയിട്ടില്ല. വൈവിധ്യമാർന്ന ടൂറിസ വികസന പദ്ധതികൾ പാതയിൽ ഒരുക്കിയാൽ സഞ്ചാരികൾ ഒഴുകിയെത്തുമെന്നതിൽ സംശയമില്ല.

തീവണ്ടി ജാലകത്തിലൂടെ പ്രകൃതിയുടെ കാഴ്ചകളിൽ അലിയാം. ഗ്രാമീണ സൗന്ദര്യത്തിൽ മതിമറക്കാം. ഹൃദ്യമായ കാഴ്ചകളുടെ മാറിലൂടെയുള്ള ട്രെയിൻ യാത്ര പ്രശാന്തമായ വനപാത പോലെ സുന്ദരം. നഗരത്തിന്‍റെ മനം മടുപ്പിക്കുന്ന ആരവങ്ങൾക്കിടയിൽ നിന്നും തിരക്കുകളിൽ നിന്നു മാറി തഴുകിയെത്തുന്ന കുളിർകാറ്റും ശുദ്ധവായുവും ആസ്വദിച്ചു പ്രകൃതിയുടെ പാട്ടിൽ ലയിച്ചു പച്ചപ്പിൽ അഭിരമിച്ചു കഥകളുറങ്ങുന്ന തേക്കിന്‍റെ നാട്ടിലേക്കൊരു വണ്ടർഫുൾ ജേർണി.



നിറമുള്ള കാഴ്ചകളൊരുക്കുന്ന റെയിൽപാതയുടെ ദൃശ്യമനോഹാരിത യാത്രികരെ സ്വപ്ന സഞ്ചാരികളാക്കുമെന്നതിൽ സംശയമില്ല. പാടങ്ങളും പുഴകളും തേക്കിൻതോട്ടവും കുന്നുകളും ഗ്രാമീണസൗന്ദര്യവും ജാലകകാഴ്ചയൊരുക്കുന്ന പാതയിലെ ട്രെയിൻ യാത്ര നവ്യാനുഭൂതിയാണ് പകരുക. പച്ചപ്പിന്‍റെ ക്യാൻവാസിൽ തീവണ്ടികൾ ചൂളം വിളിച്ചുപോകുന്ന ദൃശ്യം കാമറകണ്ണുകൾക്കും പ്രിയപ്പെട്ടതാണ്. ഉൗട്ടി-മേട്ടുപ്പാളയം പാതയുടെ മിനിപതിപ്പെന്നു വിശേഷിപ്പിക്കാവുന്ന പാത വിനോദസഞ്ചാരികളുടെ മനംകവർന്ന പാതയാണ്. നഗരത്തിരക്കുകളിൽ നിന്നു മാറി ഗ്രാമകാഴ്ചകളിലൂടെ സഞ്ചരിക്കുന്ന തീവണ്ടി ചരിത്രഭൂമികയായ നിലന്പൂരിലെത്തുന്പോൾ കാഴ്ചയുടെ കലവറയൊരുക്കി വയ്ക്കുന്നു.

ഷൊർണൂരിൽ നിന്ന് കുലുക്കല്ലൂർ വരെ പാലക്കാടൻ കാറ്റ് ആവോളം ആസ്വദിച്ചു കുന്തിപ്പുഴ കടക്കുന്നത് മലപ്പുറത്തിന്‍റെ ചരിത്രമുറങ്ങുന്ന മണ്ണിലേക്കാണ്. വള്ളുവനാടും ഏറനാടും ചരിത്രങ്ങളേറെ പറഞ്ഞ് പച്ചപ്പുകളിലൂടെ കൂകിപ്പായുന്നു. നടപ്പാതകൾ, പുഴകൾ, പാടങ്ങൾ, കൊക്കുകളുടെ നീണ്ട നിര, മയിലുകൾ, പാടത്തെ വെള്ളക്കെട്ടിൽ കാൽപന്തുകളിക്കുന്ന കുരുന്നുകൾ, പേരാൽമരങ്ങൾ, തേക്കുമരങ്ങൾ എന്നിവ കാഴ്ചയുടെ സിംഫണി ഒരുക്കുന്നു. കുന്തിപ്പുഴ, ചാലിയാർ, വെള്ളിയാർപുഴ, ഒലിപ്പുഴ, വാണിയന്പലംപാറ എന്നിവയും കണ്ണിന് കുളിർമ പകരുന്നു.

തേക്ക് മരങ്ങളാണ് പാതയിലെ പ്രധാന ആകർഷണം. മണ്‍സൂണ്‍ സമയങ്ങളിൽ ഷൊർണൂർ-നിലന്പൂർ പാത കാഴ്ചകളുടെ മഴത്തുള്ളികിലുക്കം ഒരുക്കും. മണ്‍സൂണ്‍ വിരുന്നിനെ ട്രെയിൻ ജാലകത്തിലൂടെ ഒപ്പിയെടുക്കാം. ഇക്കോ ഫ്രണ്‌ലി പാതയിൽ പ്രകൃതിയോട് പ്രണയവും പങ്കുവയ്ക്കാം. ശുദ്ധമായ വായുവും കാറ്റും അനുഭവവേദ്യമാക്കാം. പാലക്കാട് ഡിവിഷന്‍റെ കീഴിലുള്ള പാത മലപ്പുറം ജില്ലയുടെ കിഴക്കൻ മേഖലയിലൂടെയാണ് കടന്നുപോകുന്നത്. കുലക്കല്ലൂരിനും ചെറുകരക്കും ഇടയിലുള്ള കുന്തിപ്പുഴയും പട്ടിക്കാടിനും മേലാറ്റൂരിനും ഇടയിലുള്ള കടലുണ്ടിയുടെ പോഷകനദിയായ വെള്ളിയാർ പുഴയും മേലാറ്റൂരിനും, തുവ്വൂരിനും ഇടയിലുള്ള കടലുണ്ടിയുടെ മറ്റൊരു പോഷകനദിയായ ഒലിപ്പുഴയും വാണിയന്പലത്തിനും നിലന്പൂർ റോഡിനു ഇടയിലുള്ള ചാലിയാറിന്‍റെ പോഷകനദിയായ കുതിരപ്പുഴയും യാത്രയിലെ കാഴ്ചകളാണ്. നിലന്പൂർ- ഷൊർണൂർ ലൈനിൽ വാണിയന്പലം, തൊടിയപ്പുലം, തുവ്വൂർ, മേലാറ്റൂർ, പട്ടിക്കാട്, അങ്ങാടിപ്പുറം, ചെറുകര, കുലുക്കല്ലൂർ, വല്ലപ്പുഴ, വാടാനകുറുശ്ശി എന്നിവയാണ് സ്റ്റേഷനുകൾ.




വിരുന്നായി കാഴ്ചകൾ

പ്രകൃതി പാട്ടുപാടുന്ന കേരളാംകുണ്ട് വെള്ളച്ചാട്ടം, തേക്കുകൾ കഥപറയുന്ന കനോലിപ്ലോട്ട്, കാനനഭംഗിയിലലിഞ്ഞു നാടുകാണിചുരം, മലപ്പുറത്തിന്‍റെ കൊടുമുടിയായ ഉൗരകംമല, അങ്ങാടിപ്പുറം ശ്രീ തിരുമാന്ധാംകുന്ന് ക്ഷേത്രവും പൂരവും. വേട്ടയ്ക്കൊരു മകൻ ക്ഷേത്രവും നിലന്പൂർ പാട്ടുത്സവവും, മലബാറിന്‍റെ ആത്മീയ സംഗമമായ ചുങ്കത്തറ മാർത്തോമ കണ്‍വൻഷൻ, മലപ്പുറം ഫുട്ബോൾ സെവൻസ് തട്ടകങ്ങൾ, തുള്ളിച്ചാടിയൊഴുകുന്ന ജലനിപാതങ്ങൾ, പൂങ്കുടി മന, സാഹസിക ടൂറിസവുമായി കൊടികുത്തിമല തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ എത്തിപ്പെടുന്ന റെയിൽവേ സ്റ്റേഷനുകൾ നിലന്പൂർ-ഷൊർണൂർ പാതയിലാണ്.

കോഴിക്കോട്- പാലക്കാട് ദേശീയപാതയിൽ പെരിന്തൽമണ്ണയിൽ നിന്നും മണ്ണാർക്കാട് പോകുന്ന വഴിയിൽ അമ്മിനിക്കാട് സ്റ്റോപ്പിൽ നിന്നും 4.5 കിലോമീറ്റർ സഞ്ചരിച്ചാൽ കൊടികുത്തിമലയിലെത്താം. 2,100 അടി ഉയർന്നു നിൽക്കുന്ന ഈ മല പ്രകൃതി ദൃശ്യങ്ങളുടെ വിസ്മയക്കാഴ്കളുമായി വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. ഒൗഷധ സസ്യങ്ങളുടെ കലവറ കൂടിയാണ് കൊടികുത്തി മല. പെരിന്തൽമണ്ണയിൽ നിന്നു നിലന്പൂർ ഉൗട്ടി റോഡിൽ 12 കിലോമീറ്റർ സഞ്ചരിച്ചാൽ പൂന്താനം ഇല്ലവും സന്ദർശിക്കാം. വാണിയന്പലം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയാൽ കരുവാരക്കുണ്ടിൽ പോയി കേരളാംകുണ്ട് വെള്ളച്ചാട്ടവും കാണാം. സൈലന്‍റ് വാലിയുടെ ഭാഗമായ കേരളാംകുണ്ട് കാണാൻ ദൂരദേശങ്ങളിൽ നിന്നുപോലും ആളുകളെത്തുന്നു.



കരുവാരക്കുണ്ടിൽ നിന്നും ഏഴു കിലോമീറ്റർ സഞ്ചരിച്ചാൽ കേരളാംകുണ്ടിലെത്താം. മിനി ഉൗട്ടിയെന്നാണ് വിശേഷണം. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 2000 അടി ഉയരത്തിലാണ് ഈ പ്രദേശം. 150 അടി ഉയരത്തിൽ നിന്നും വെള്ളം താഴേക്ക് പതിക്കുന്നു. പല തരത്തിലുള്ള പച്ചമരുന്നുകളും പ്രദേശത്ത് സമൃദ്ധമാണ്. വെള്ളച്ചാട്ടത്തിന് ഒരു കിലോമീറ്റർ പോയാൽ നട്മെഗ് വാലിയിൽ എത്താം. ജാതികൃഷിയുള്ളതിനാലാണ് ഇവിടെ നട്മെഗ് വാലി എന്നു പറയുന്നത്.


ചരിത്രമുറങ്ങുന്ന പാത

88 വർഷം മുന്പാണ് പാതയിൽ ആദ്യമായി തീവണ്ടി ചൂളംവിളിച്ചെത്തുന്നത്. മലബാർ ലഹളയായിരുന്നു ഈ പാതയ്ക്കു പിന്നിലെ കാരണമെന്നാണ് ചരിത്രകാരൻമാരുടെ സാക്ഷ്യം. ലഹള അടിച്ചമർത്താനും പട്ടാളത്തെ എത്തിക്കാനും വനസന്പത്ത് കടത്താനും ഉപകാരപ്രദം എന്ന നിലയിലാണ് പാത ബ്രിട്ടീഷുകാർ സ്വപ്നം കാണുന്നത്. നിലന്പൂർ തേക്കും അവരെ മോഹിപ്പിച്ചു. തേക്കുതടികൾ കൊണ്ടുപോകാൻ അങ്ങനെ ഒരു റെയിൽപാത യാഥാർഥ്യമായി.

1927ൽ ആണ് പാത നിലവിൽ വന്നത്. മലബാർ കലാപം കഴിഞ്ഞ് അഞ്ചു വർഷം കഴിഞ്ഞ് മൂന്നുഘട്ടങ്ങളിലായാണ് ഇത് യാഥാർഥ്യമായത്. അങ്ങനെ നിലന്പൂരിൽ നിന്ന് ഷൊർണൂരിലേക്ക് ട്രെയിൻ ഓടിതുടങ്ങി. രണ്ടാം ലോകമാഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഇരുന്പ് കിട്ടാക്കനിയായ കാലം. ആയുധങ്ങൾക്കായി ഇരുന്പ് ഏറെ വേണ്ടി വന്നു. ഇന്ത്യയിൽ നിന്ന് പരമാവധി കടത്തി. എന്തിന് നിലന്പൂരിലെ ഇരുന്പ് പാളങ്ങളും കൊണ്ടുപോയി. നീണ്ട ഇടവേളക്ക് ശേഷം നിലന്പൂരിലേക്ക് റയിൽപാത വേണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു. കുടിയേറ്റത്തിന്‍റെ ചൂടും ചൂരും നിറഞ്ഞ കാലത്ത് നിലന്പൂരിലേക്ക് റയിൽപാത വേണമെന്ന് ജനങ്ങൾ മുറവിളി കൂട്ടുകയായിരുന്നു. മുറവിളിക്ക് ഒടുവിൽ വീണ്ടും 1954ൽ ഷൊർണൂരിൽ നിന്നും നിലന്പൂരിലേക്ക് തീവണ്ടി കൂകിപ്പാഞ്ഞെത്തി.



ബ്രിട്ടീഷുകാരുടെ കാലത്ത് പാളം നിർമാണ ജോലികൾ പൂർത്തിയാക്കിയത് കേവലം മൂന്ന് വർഷം കൊണ്ടായിരുന്നു. 97 കിലോമീറ്റർ നീളത്തിൽ അഞ്ച് പാലങ്ങളുടെ നിർമാണമടക്കമാണ് മൂന്ന് വർഷംകൊണ്ട് പൂർത്തിയാക്കിയത്. സാങ്കേതികവിദ്യ വികസിക്കാത്ത കാലത്തായിരുന്നു അത്. മലബാർ കലാപത്തിൽ റോഡുകൾ തകർക്കപ്പെട്ടപ്പോൾ പട്ടാളത്തിന് സഞ്ചരിക്കാൻ ഒരു പകരം വഴി എന്നരീതിയിൽ മുൻകൂട്ടിക്കണ്ടാണ് നിലന്പൂർ ഷൊർണൂർ ലൈൻ നിർമിച്ചതെന്ന് ചരിത്രകാരൻമാർ പറയുന്നു. അതല്ല മരം, മുള മുതലായവ കൊണ്ടുപോകാനാണെന്ന് മറ്റൊരു വാദവുമുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഈ പാത അഴിച്ചുകൊണ്ടുപോയി. ഇരുന്പിന്‍റെ ആവശ്യാർഥം പാളങ്ങൾ കപ്പൽ കയറ്റി കൊണ്ടുപോവുകയാണുണ്ടായത്. യമണ്ടൻ എന്നുപേരുള്ള ആ കപ്പൽ യാത്രമധ്യേ മുങ്ങിപ്പോയി. ഈ പാതയുടെ നിർമാണ പ്രവർത്തി ആരംഭിക്കുന്നതിന് മുന്പ് തന്നെ മൈസൂരിലേക്ക് ഈ വഴി പാതയുണ്ടാക്കുന്നതിനെകുറിച്ച് അവർ ആലോചിച്ചിരുന്നു. അതാണിപ്പോൾ നിലന്പൂർ- നഞ്ചൻഗോഡ് പാതയെന്ന പേരിൽ പറഞ്ഞു കേൾക്കുന്നത്.

സിനിമാക്കാരുടെ ഇഷ്ടപ്രദേശം

തിരക്ക് കുറഞ്ഞ സമയത്ത് ഷൊർണൂർ-നിലന്പൂർ പാത മലയാള സിനിമയുടെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനായിരുന്നു. ഈ റൂട്ടിൽ തിരക്ക് കുറവായതിനാൽ ട്രെയിൻ രംഗങ്ങൾ ഇവിടെയാണ് ഷൂട്ട് ചെയ്തിരുന്നത്. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, നാദിയ കൊല്ലപ്പെട്ട രാത്രി തുടങ്ങിയ സിനിമകളുടെ ലൊക്കേഷൻ ഈ പാതയിലായിരുന്നു. എഴുപതുകളിലെയും എണ്‍പതുകളിലെയും ചില സിനിമകൾക്കും ഈ പാത ലൊക്കേഷനായിട്ടുണ്ട്. പിന്നെയും പിന്നെയും എന്ന സൂപ്പർഹിറ്റ് ഗാനത്തിന്‍റെ പശ്ചാത്തലമൊരുക്കിയത് അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനാണ്. കമൽ സംവിധാനം ചെയ്തു ജയറാമും ബിജുമേനോനും മഞ്ജുവാര്യരും അഭിനയിച്ച കൃഷ്ണഗുഡിയിൽ എന്ന സിനിമ ദൃശ്യഭംഗികൊണ്ട് മലയാളിയുടെ മനസിൽ ഇടംപിടിച്ച സിനിമയാണ്. വിദ്യാസാഗറിന്‍റെ സംഗീതത്തിൽ ഒരുങ്ങിയ ചിത്രത്തിലെ ഗാനങ്ങൾക്ക് എല്ലാം പശ്ചാത്തലമായത് പ്രദേശത്തിന്‍റെ ദൃശ്യഭംഗി തന്നെ. ഹരിതദൃശ്യങ്ങളുടെ താഴ്വരയിലുള്ള നിലന്പൂർ-ഷൊർണൂർ പാത അങ്ങനെ താരത്തിളക്കവും സ്വന്തമാക്കി.

നിലന്പൂരിൽ എത്തുന്പോൾ

യാത്രകളിൽ വിസ്മയിപ്പിക്കുന്ന ഒന്നാണ് റെയിൽവേ പാളങ്ങൾ. അന്തന്തയിലേക്ക് നീളുന്ന നീളൻ വരകൾ ഒരു കൗതുക കാഴ്ച തന്നെയാണ്. പാളങ്ങൾ അവസാനിക്കുന്ന സ്റ്റേഷനുകൾ വിനോദസഞ്ചാരികളുടെ സങ്കേത കേന്ദ്രമാണ്. ഷൊർണൂർ- നിലന്പൂർ പാതയിലെ അവസാനത്തെ റെയിൽവേ സ്റ്റേഷനായ നിലന്പൂരും അത്തരമൊരു ടൂറിസം ഡസ്റ്റിനേഷനാണ്. പ്രകൃതിയുടെ മടിത്തട്ടിൽ നിലന്പൂരിന്‍റെ ലാവണ്യം തേടിയെത്തിയവർക്ക് നാടിന്‍റെ നിശബ്ദസൗന്ദര്യം ആസ്വദിക്കാം.



തേക്കിന്‍റെ സ്വന്തം നാടാണ് നിലന്പൂർ. തേക്ക് മ്യൂസിയവും ലോകത്തിലെ ഏറ്റവും വലിയ തേക്കും നിലന്പൂരിനു മാത്രം അവകാശപ്പെട്ടതാണ്. ചരിത്രമുറങ്ങുന്ന നിലന്പൂർ കോവിലകവും നിലന്പൂർ പാട്ടുൽസവവും വിനോദസഞ്ചാരികളെ ആകർഷിക്കും. നിറഭേദങ്ങളുടെ താഴ്വര, തേക്കിൻതോട്ടങ്ങളുടെ പെരുമ, വെള്ളച്ചാട്ടങ്ങളുടെ ഇന്പതാളം, ചിത്രശലഭങ്ങളുടെ വസന്തം. സ്വർണത്തരികളൂറുന്ന ചാലിയാർ പുഴ, നിലന്പൂരിന്‍റെ വന്യസൗന്ദര്യത്തിൽ മയങ്ങി ചൂളംവിളിച്ചെത്തുന്ന സഞ്ചാരിയെ കാത്തിരിക്കുന്നത് ഹൃദയംകവരുന്ന ദൃശ്യങ്ങളാണ്. ലോകത്തെ ആദ്യത്തെ തേക്കിൻ തോട്ടമായ കനോലി പ്ലോട്ട് വിദേശികൾക്കും ഏറെ പ്രിയപ്പെട്ടതാണ്. ന്യൂ അമരന്പലം, കരിന്പുഴ റിസർവുകളുടെ താഴ്വാരമായ നെടുങ്കയത്തെ പഴയ ആനപ്പന്തിയും സായിപ്പിന്‍റെ ബംഗ്ലാവും ശവകുടീരവും പ്രസിദ്ധമാണ്. ടികെ കോളനിയിലെ കോട്ടപ്പുഴയുടെ സംഗീതവും കാടിന്‍റെ വന്യതയും സാഹസികരെ മാടിവിളിക്കുന്നു. പൂത്തോട്ടം കടവ് ശലഭങ്ങളുടെ പറുദീസയാണ്. സൈലന്‍റ് വാലി കരുതൽമേഖലയോടു ചേർന്നാണ് സ്ഥലം. ലക്ഷക്കണക്കിന് ദേശാടനപ്പൂന്പാറ്റകളെ പൂത്തോട്ടം ഓരോ വർഷവും വരവേൽക്കുന്നു. നിലന്പൂരിൽ നിന്ന് ഇവിടേക്ക് 25 കിലോമീറ്റർ ദൂരം.

നിലന്പൂർ വനമേഖല 1,417 ചതുരശ്ര കിലോമീറ്ററുണ്ട്. കർണാടകവും തമിഴ്നാടുമായി കേരളം അതിർത്തി പങ്കിടുന്ന സ്ഥലമാണ് നിലന്പൂർ കാടുകൾ. കേരളത്തിന്‍റെ മുത്തങ്ങയും കർണാടകയുടെ ബന്ദിപ്പുർ ദേശീയപാർക്കും തമിഴ്നാടിന്‍റെ മുതുമല ടൈഗർ റിസർവ് വനവും ചേരുന്ന ട്രൈപോയിന്‍റ് ഇവിടെയുണ്ട്. തമിഴ്നാട്ടിലെ നീലഗിരിയിലേക്കും കർണാടകയിലെ മൈസൂർ വനമേഖലകളിലേക്കും നിലന്പൂർ കാടുകളിലൂടെ കടക്കാനാകും. സൈലന്‍റ് വാലിയുടെയും അമരന്പലം ന്യൂ റിസർവിന്‍റെയും വനപ്രദേശങ്ങൾ ചേർന്നതാണ് നിലന്പൂർ മേഖല. പാലക്കാട്, കോഴിക്കോട്, വയനാട്, തൃശൂർ ജില്ലകളിലേക്കും നിലന്പൂരിൽ നിന്ന് കാട്ടുവഴികളുണ്ട്.

ജില്ലയിലെ പ്രധാന ജലവിനോദസഞ്ചാര കേന്ദ്രങ്ങളായ നിലന്പൂരിലെ ആഢ്യൻപാറ വെള്ളച്ചാട്ടം, കോഴിപ്പാറ വെള്ളച്ചാട്ടം, കേരളാംകുണ്ട് വെള്ളച്ചാട്ടം എന്നിവ ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട ഇടങ്ങളാണ്. നാടുകാണി ചുരത്തിലെ കാഴ്ചകളും മതിവരാത്തതാണ്. അപൂർവയിനം സസ്യങ്ങളുടെയും, ചിത്രശലഭങ്ങളുടെയും, പക്ഷികളുടെയും സങ്കേതമാണ് ഇവിടം. നിലന്പൂരിൽ നിന്ന് ഉൗട്ടിയിലേക്കുള്ള വഴിയിലാണ് നാടുകാണി ചുരം. നൂറ്റാണ്ടുകൾ പഴക്കമുള്ള നാടുകാണിചുരം കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന പ്രധാനപാതയാണ്.

1995ൽ ഒൗദ്യോഗികമായി നിലവിൽവന്ന നിലന്പൂർ തേക്കു മ്യൂസിയം ലോകത്തെ ആദ്യതേക്കു മ്യൂസിയമാണ്. വിവിധയിനം തേക്കുകൾ മാത്രമല്ല, സംസ്ഥാനത്തെ പല ഇനം മുളകൾ, തദ്ദേശീയ ഓർക്കിഡുകൾ എന്നിവയും സംരക്ഷിച്ചിരിക്കുന്നു. ചിത്രശലഭങ്ങളെ അടുത്തറിയാനും സൗകര്യമുണ്ട്. നിലന്പൂർ ടൗണിൽ നിന്നും നാലു കിലോമീറ്റർ സഞ്ചരിച്ചാൽ തേക്ക് മ്യൂസിയിലെത്താം. നിലന്പൂർ - ഉൗട്ടി റോഡിൽ കരിന്പുഴയിലാണ് മ്യൂസിയമുള്ളത്.

ഏഷ്യയിലെ ഏറ്റവും വലിയ വിത്തുകൃഷിത്തോട്ടമായ മുണ്ടേരി സീഡ് ഫാമും നിലന്പൂരിന്‍റെ പ്രത്യേകതയാണ്. ഇടിവണ്ണയിലെ റബർതോട്ടങ്ങളും ചരിത്രം വിളിച്ചോതുന്നതാണ്. 1912ൽ ഇന്ത്യയിൽ ആദ്യമായി റബർകൃഷി ആരംഭിക്കുന്നതിനായി ബ്രിട്ടീഷുകാർ സർവേ നടത്തിയ പ്രധാന സ്ഥലങ്ങളിൽ ഒന്ന് ചാലിയാർ പഞ്ചായത്തിലെ ഇടിവണ്ണ പ്രദേശമാണ്. ഇന്ത്യയിൽ ആദ്യമായി റബർകൃഷി ആരംഭിച്ചതും ഈ പ്രദേശത്താണ്.

കേരളത്തിലെ പ്രധാന ആനപിടിത്ത കേന്ദ്രമാണ് നെടുങ്കയം. വാരിക്കുഴിയിൽ ചാടുന്ന കാട്ടാനകളെ പരിശീലിപ്പിക്കുന്നത് നെടുങ്കയത്തെ ആനപ്പന്തിയിലായിരുന്നു. തടിപിടിക്കാൻ ആനകളെ ആവശ്യമില്ലാതെ വന്നപ്പോൾ ആനപ്പന്തിയും പത്തായവുമൊക്കെ ജീർണിച്ചു. ചാലിയാറിനു സമീപം തലയുയർത്തി നിൽക്കുന്ന കനോലി പ്ലോട്ട് നിലന്പൂരിന്‍റെ അഭിമാനമാണ്. ലോകത്ത് ആദ്യമായി മനുഷ്യൻ നട്ടുവളർത്തിയ തേക്ക് പ്ലാന്‍റേഷനാണ് നിലന്പൂരിലെ കനോലി പ്ലോട്ട്. 2.31 ഹെക്ടർ സ്ഥലത്തായി പരന്നു കിടക്കുന്നതാണിത്.

ലോകത്ത് ആദ്യമായി ആസൂത്രിതമായി തേക്ക് കൃഷി നടത്തിയത് നിലന്പൂരിലാണെന്ന് ചരിത്രകാരൻമാർ പറയുന്നു. അക്കാലത്തെ മലബാർ കളക്ടർ ആയിരുന്ന എച്ച്.വി. കനോലിയുടെ നിർദേശാനുസരണം ചാത്തുമേനോനാണു 1841നും 1855നും മധ്യേ നിലന്പൂരിൽ 1,500 ഏക്കർ സ്ഥലത്ത് തേക്കുതോട്ടം വച്ചു പിടിപ്പിച്ചത്. ഇതിൽ 14.8 ഏക്കറിലെ തോട്ടം കനോലീസ് പ്ലോട്ട് എന്ന പേരിൽ പ്രത്യേക സംരക്ഷണയിൽ നിലനിർത്തുകയായിരുന്നു. വനം വകുപ്പിന്‍റെ കണക്കുകൾ പ്രകാരം 119 തേക്കുകൾ ഇവിടെ സംരക്ഷിക്കപ്പെടുന്നു. 420 സെന്‍റീമീറ്റർ വ്യാസവും 46.5 മീറ്റർ ഉയരവുമുള്ള തേക്ക് കനോലി സായ്പിന്‍റെ പേരിലാണു അറിയപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടന്‍റെയും സഖ്യ കക്ഷികളുടെയും ആവശ്യത്തിലേക്കായി 9.1 ഏക്കർ സ്ഥലത്തെ തേക്കുമരങ്ങൾ മുറിച്ചുകൊണ്ടുപോയി. കനോലിയുടെ സ്മരണക്കായി ബാക്കിയുള്ള തേക്കിൻ തോട്ടം നിലന്പൂർ ടൗണിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെ തലയെടുപ്പോടെ നിൽക്കുന്നു. ലോകത്തെ ഏറ്റവും പഴക്കമുള്ള തേക്കിൻതോട്ടങ്ങളിലൊന്നാണിത്. ചാലിയാറിന് കുറുകെയുള്ള തൂക്കുപാലമാണ് കനോലി പ്ലോട്ടിന്‍റെ പ്രവേശനകവാടം. കോഴിക്കോട് - ഉൗട്ടി ദേശീയപാതയിൽ നിന്നും കേവലം 300 മീറ്റർ ദുരത്താണ് ഈ പ്ലോട്ട്.

നിലന്പൂർ വലിയ കോവിലകം കാണാതെ പോകുന്നവരും അപൂർവം. നിലന്പൂർ പാട്ടുത്സവം നടക്കുന്നത് വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിലാണ്. നിലന്പൂരിലെ വെള്ളച്ചാട്ടങ്ങൾക്കും ആരാധകരേറെയാണ്. നിലന്പൂർ ചന്തക്കുന്നിൽ നിന്നും തിരിഞ്ഞ് അകന്പാടം-എരുമമുണ്ട റൂട്ടിൽ എത്തിയാൽ ആഢ്യൻപാറ വെള്ളച്ചാട്ടം ആവോളം ആസ്വദിക്കാം. ആഢ്യൻപാറ വെള്ളച്ചാട്ടത്തോടു ചേർന്നു ചെറുകിട വൈദ്യുതപദ്ധതിയുമുണ്ട്. നിലന്പൂരിൽ നിന്നും 16 കിലോമീറ്ററാണ് ദൂരം. വെള്ളരി മലയിൽ നിന്നുദ്ഭവിക്കുന്ന കാഞ്ഞിരപ്പുഴയിലാണ് വെള്ളച്ചാട്ടം. ചാലിയാർ പഞ്ചായത്തിലെ വാളംതോട് കുറുവന്പുഴയിലെ കോഴിപ്പാറ വെള്ളച്ചാട്ടവും ടൂറിസം ഭൂപടത്തിൽ തെളിഞ്ഞുകാണാം. സാഹസികർക്ക് നിലന്പൂർ ഉൾവനത്തിലെ കൊടിഞ്ഞി വെള്ളചാട്ടവും മന്പാട് പഞ്ചായത്തിലെ ഇലപൊഴിയും കാടിനു നടുവിലുള്ള ഒലി വെള്ളച്ചാട്ടവും പ്രിയപ്പെട്ടതാണ്. മൂന്നു മലനിരകളിൽനിന്നെത്തുന്ന നീർപ്പുഴ, കാഞ്ഞിരപ്പുഴ, കരിന്പുഴ എന്നിവ ചേരുന്ന ചാലിയാർ മുക്കിലും ടൂറിസ്റ്റുകളുടെ തിരക്കാണ്. ചാലിയാർ നിലന്പൂരിന്‍റെ ജീവനാഡിയാണ്.

തമിഴ്നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന നാടുകാണിചുരവും പരിസരവും ജില്ലയുടെ വിനോദസഞ്ചാര ഭൂപടത്തിൽ ശ്രദ്ധയാകർഷിക്കുന്ന മേഖലയാണ്. നീലഗിരി ജൈവസംരക്ഷണ മേഖലയുലുൾപ്പെടുന്ന ഈ പ്രദേശം അപൂർവ ഇനം സസ്യങ്ങളുടെയും ശലഭങ്ങളുടെയും ജീവജാലങ്ങളുടെയും സങ്കേതം കൂടിയാണ്. വഴിക്കടവ് കഴിഞ്ഞാൽ ചുരം തുടങ്ങുകയായി. സമുദ്രനിരപ്പിൽ നിന്നും 900 അടി വരെ ഉയരത്തിലാണ് നാടുകാണി പ്രദേശങ്ങൾ. ബ്രിട്ടീഷ് ഭരണകാലത്താണ് കോഴിക്കോട് -നാടുകാണി- ഗൂഡല്ലൂർ റോഡിന്‍റെ നിർമാണം പൂർത്തിയായത്. ഇന്നു മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സമീപജില്ലകളിൽ നിന്നും ധാരാളം സഞ്ചാരികൾ ഈ അന്തരീക്ഷത്തിന്‍റെ സ്വച്ഛത അനുഭവിച്ചറിയാനായി ദിവസേന ഇവിടെയത്തുന്നുണ്ട്. ഇതിനു സമീപത്തായി ഒരു ജാറമുണ്ട്. ജാറത്തിനു താഴെ കാട്ടിലൂടെ കീഴോട്ടിറങ്ങിയാൽ കാരക്കോടൻ പുഴയുടെ വന്യഭാവങ്ങൾ ദർശിക്കാം. ഇടക്കിടെ ചില കൊച്ചരുവികളും കാണാം.

ചുരത്തിലുള്ള ഒന്നാം ഹെയർപിൻ വളവിന്‍റെ മുകളിലുള്ള വ്യൂപോയിന്‍റിൽ നിന്നും പുഞ്ചക്കൊല്ലി വനമേഖലയുടെ വിദൂരദൃശ്യം കാമറയിൽ പകർത്താം. കേരള അതിർത്തി കടക്കുന്നതോടെ ഉൗട്ടിയുടെ തണുപ്പ് അരിച്ചെത്തുകയായി. ഏഴു കിലോമീറ്റർ പിന്നിട്ടാൽ നാടുകാണിയിലെത്താം. ഉൗട്ടി, മൈസൂർ, ബംഗളൂരു, വയനാട് എന്നീ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള കവാടമാണ് നാടുകാണിച്ചുരം. അവിടന്നങ്ങോട്ടുള്ള യാത്ര നീഡിൽ റോക്കും (ഉൗസി മലൈ) ഫ്രോഗ് ഹിൽസും സഞ്ചാരികളെ ആകർഷിക്കുന്നു.

പിന്നെയും പിന്നെയും ആരോ കിനാവിന്‍റെ എന്ന മൂളിപ്പാട്ടുംപാടി യാത്ര തുടരുകയാണ്. ഓരോ സഞ്ചാരിയും ആശിച്ചുപോകും ഒരിക്കൽ കൂടി ഈ പാതയിൽ സഞ്ചാരിക്കാൻ.

രഞ്ജിത് ജോണ്‍
ചിത്രങ്ങൾ-മുരളി ഐറിസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.