ഇവളാണ് മിടുമിടുക്കി...! പോളിയോ ബാധിച്ച ആദിവാസി പെൺകുട്ടി ഇനി ഡോക്ടറാകും
Sunday, September 4, 2016 3:39 AM IST
പോളിയോ ബാധിച്ച 19കാരി ആദിവാസി പെൺകുട്ടിയാണ് ആനിമ്മ മിൻസ്. നീറ്റ് (നാഷണൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ്) പരീക്ഷയിൽ നല്ല മാർക്ക് വാങ്ങിയ ജാർഖണ്ഡിലെ ആദിവാസി പെൺകുട്ടി. നിരവധി വിഷമഘട്ടത്തിലൂടെ കടന്നെങ്കിലും ഒടുവിൽ ആനിമ്മ ആഗ്രഹിച്ചതുപോലെ മുംബൈയിലെ ഗ്രാന്റ് മെഡിക്കൽ കോളജിൽ അഡ്മിഷൻ ലഭിച്ചു.

നിരവധി വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ആനിമ്മയുടെ ജീവിതം. ചെറുപ്പത്തിൽത്തന്നെ പോളിയോ ബാധിച്ചു. ആ ന്യൂനതകളൊന്നും ആനിമ്മയെ തളർത്തിയില്ല. പഠിക്കാൻ മിടുക്കിയായിരുന്ന അവൾക്ക് നീറ്റ് പരീക്ഷയിലെ നേട്ടം മുംബൈ കോളജിൽ അഡ്മിഷന്റെ രൂപത്തിലെത്തി. ഇന്നലെ കോളജിൽ ചേരുകയും ചെയ്തു.

സാമ്പത്തികമായി പിന്നോട്ടുള്ള ആനിമ്മയുടെ വാർത്ത ഹിന്ദുസ്‌ഥാൻ ടൈംസാണ് ലോകത്തെ അറിയിച്ചത്. ഇതേത്തുടർന്ന് അവൾക്ക് സഹായം വാഗ്ദാനം ചെയ്ത് നിരവധി ആളുകൾ രംഗത്തെത്തി. ജാർഖണ്ഡ് മുഖ്യമന്ത്രി രണ്ടു ലക്ഷം രൂപയാണു നല്കിയത്.

നല്ലവരായ നിരവധി ആളുകളുടെ സഹായത്തോടെ പിതാവിനും പഠിച്ച കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉടമയ്ക്കുമൊപ്പം വ്യാഴാഴ്ച മുംബൈയിലെത്തി. എന്നാൽ, വിധി അവളെ വീണ്ടും പരീക്ഷിച്ചു. ഗ്രാന്റ് മെഡിക്കൽ കോളജ് അവളുടെ സർട്ടിഫിക്കറ്റുകൾ വാങ്ങാൻ വിസമ്മതിച്ചു. ശാരീരിക വൈകല്യമുണ്ടെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റില്ലെന്നു പറഞ്ഞായിരുന്നു മാറ്റിനിർത്തൽ. ദേശീയ തലത്തിലുള്ള സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ ഓൾ ഇന്ത്യ ക്വാട്ടയിൽനിന്നുള്ള ഇളവുകൾ ആനിമ്മയ്ക്കു ലഭിക്കൂ.

കോളജ് ആവശ്യപ്പെട്ട ദേശീയ തലത്തിലുള്ള സർട്ടിഫിക്കറ്റ് നാല് മെട്രോ സിറ്റികളിൽ മാത്രമേ ലഭിക്കൂ. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിലാണ് അവർ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ചെന്നത്. പ്രശ്നങ്ങൾ മനസിലായപ്പോൾ അവിടത്തെ ഏഴംഗ സംഘം പരിശോധിച്ച് പെട്ടെന്നുതന്നെ സർട്ടിഫിക്കറ്റ് തയാറാക്കി നല്കി. ഒടുവിൽ അഡ്മിഷൻ സമയം അവസാനിക്കുന്നതിന്റെ അവസാന നിമിഷം ആനിമ്മയ്ക്ക് ആഗ്രഹിച്ചതുപോലെതന്നെ മെഡിക്കൽ സീറ്റ് നേടാനായി.

താൻ നന്നായി പഠിച്ച് നല്ലൊരു ഡോക്ടറാകുമെന്നും തന്റെ മാതാപിതാക്കൾക്കും നാടിനും വേണ്ടി സേവനം ചെയ്യും എന്നുമാണ് ഈ കൊച്ചുമിടുക്കി പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.