അറിയണം, വഴിയോര സ്കൂളും നമ്മുടെ രാജ്യത്തുണ്ട്!
Wednesday, September 7, 2016 12:02 AM IST
ജീവിതത്തിലെപ്പോഴെങ്കിലും അഹമ്മദാബാദിലെ വട്വാ പ്രദേശത്തുകൂടി യാത്ര ചെയ്യാൻ അവസരം ലഭിച്ചാൽ ഒരു കാര്യം തീർച്ചയായും ശ്രദ്ധിക്കണം. വഴിയരികിൽ ഒരു കൂരയ്ക്കു കീഴിലിരുന്നു പഠിക്കുന്ന നിരവധി കുട്ടികളുണ്ട് അവിടെ. അക്ഷരങ്ങളുടെ ലോകത്തേക്ക് അവരെ കൈപിടിച്ചുയർത്താൻ ഒപ്പം വിരാട് ഷായും കാണും.

വെറുമൊരു മിൽ തൊഴിലാളിയായിരുന്നെങ്കിലും സഹായം അഭ്യർഥിക്കുന്നവരെ ഷായുടെ അച്ഛൻ വെറുംകൈയോടെ മടക്കി അയച്ചിരുന്നില്ല. അതാണ് ഇത്തരത്തിലൊരു ജോലി സ്വീകരിക്കാൻ ഷായ്ക്കു പ്രചോദനമായത്.

ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോളിംഗ് എൻജിനിയറിംഗിൽ ബിരുദം നേടിയശേഷം അനവധി കമ്പനികളിൽ ജോലി ചെയ്തു. ദുബായിൽ പ്രതിമാസം മൂന്നര ലക്ഷം രൂപ ശമ്പളമുണ്ടായിരുന്നപ്പോഴാണ് എല്ലാം നിർത്തി നാട്ടിലേക്കു മടങ്ങിയത്. നാട്ടിലെത്തിയതോടെ അദ്ദേഹം തന്റെ സ്വപ്നങ്ങൾക്കു പിന്നാലെ പോയി. ചേരിനിവാസികളായ നിർധന കുട്ടികളുടെ വിദ്യാഭ്യാസമായിരുന്നു ഷായുടെ സ്വപ്നം.

2014 സെപ്റ്റംബറിൽ പത്തു കുട്ടികളുമായി ആരംഭിച്ച ഷായുടെ വഴിയോര വിദ്യാലയങ്ങളിൽ ഇന്ന് 200 കുട്ടികളാണ് പഠിക്കുന്നത്. ഷാ ഒറ്റയ്ക്ക് ആരംഭിച്ച ഈ സംരംഭത്തിലേക്ക് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും കൈകോർത്തപ്പോൾ അത് ഒൻപതു വഴിയോര സ്കൂളുകൾ ഉൾപ്പെട്ട സർവോദയ ഗ്രൂപ്പ് ട്രസ്റ്റ് ആയി മാറി.

ഫീസീടാക്കാതെ പാവപ്പെട്ട കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പു നൽകുന്ന ഒരു സ്കൂളാണ് ഷായുടെ അടുത്ത ലക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.