പുസ്തകം മടക്കി നല്കില്ലേ, എങ്കിൽ ജയിലിൽ കിടന്നോളൂ!
Wednesday, September 7, 2016 12:08 AM IST
അമേരിക്കയിലെ ആഥൻസിലുള്ള ലൈംസ്റ്റോൺ പബ്ലിക് ലൈബ്രറിയിലാണ് എടുത്ത ബുക്ക് തിരിച്ചുകൊടുക്കാൻ വൈകുന്നവർക്കായി ജയിൽശിക്ഷ വിധിക്കുന്നത്. ഏകദേശം ഒന്നരക്കോടി രൂപയുടെ പുസ്തകങ്ങൾ വായനക്കാരിൽനിന്ന് തിരിച്ചുവാങ്ങുന്നതിനായി ലൈബ്രറി അധികൃതർ കണ്ടുപിടിച്ച മാർഗമാണ് ജയിൽശിക്ഷ.

നിയമപ്രകാരം രജിസ്ട്രേഷൻ കാർഡ് ഉപയോഗിച്ച് എടുക്കുന്ന പുസ്തകങ്ങൾ ഒരു കാരണവശാലും നിശ്ചിത തീയതി കഴിഞ്ഞ് കൈവശം സൂക്ഷിക്കാൻ പാടുള്ളതല്ല. പലപ്പോഴും പുസ്തകം നഷ്‌ടപ്പെടുത്തുകയും അംഗത്വമില്ലാത്തവർക്ക് കടം കൊടുക്കുകയും അവരിൽനിന്നത് നഷ്‌ടപ്പെടുകയും ചെയ്യാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ നല്ലൊരു തുക പിഴ ഈടാക്കുകയോ പിഴയൊടുക്കാത്തപക്ഷം ഒരു മാസത്തെ ജയിൽശിക്ഷ വിധിക്കുകയോ ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ലൈംസ്റ്റോൺ പബ്ളിക് ലൈബ്രറി ഡയറക്ടർ പോൾ ലോറിത പറയുന്നു.

പലവിധത്തിൽ പലപ്രാവശ്യം അറിയിപ്പ് നൽകിയതിനുശേഷം മാത്രമാണ് കോടതിയിൽനിന്നുള്ള അറിയിപ്പ് കൊടുക്കുക. നഗരത്തിലെ പോലീസ് മേധാവിയുടെ റിപ്പോർട്ടനുസരിച്ച് രണ്ടോ മൂന്നോ കേസുകളേ ഇത്തരത്തിൽ അവർ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. എന്തായാലും ഇനി ആരും എടുത്ത പുസ്തകങ്ങൾ സമയത്ത് തിരിച്ചുകൊടുക്കാതിരിക്കില്ല എന്നു വേണം കരുതാൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.