ജിറാഫ് ഇനം ഒന്നല്ല, നാലുണ്ട്!
Wednesday, September 14, 2016 3:53 AM IST
ലോകത്തിന് ജിറാഫുകളേക്കുറിച്ച് ഒന്നുമറിയില്ലെന്ന് വെളിപ്പെടുത്തുന്ന പുതിയ പഠന റിപ്പോർട്ട് പുറത്തുവന്നു. ഇതനുസരിച്ച് നാല് ജനുസിൽപ്പെട്ട ജിറാഫുകളുണ്ട്. നേരത്തെ ജിറാഫാ കാമലോപാഡലിസ് എന്ന ശാസ്ത്രീയ നാമത്തിലാണ് എല്ലാ ജിറാഫുകളെയും കരുതിയിരുന്നത്. ഇതിൽ 11 ഉപ ജനുസുകളും ഉണ്ടായിരുന്നു.

കറന്റ് ബയോളജി എന്ന പ്രസിദ്ധീകരണത്തിൽ പറഞ്ഞിരിക്കുന്നതനുസരിച്ച് സതേൺ ജിറാഫ് (ജിറാഫാ ജിറാഫ), മാസായ് ജിറാഫ് (ജിറാഫ ടിപ്പെൽസ്കിർച്ചി), റെറ്റിക്കുലേറ്റഡ് ജിറാഫ് (ജിറാഫ റെറ്റിക്കുലേറ്റ), നേർത്തേൺ ജിറാഫ് (ജിറാഫ കാമലോപാഡലിസ്) എന്നിങ്ങനെ ലോകത്ത് നാലിനം ജിറാഫുകളുണ്ട്. പ്രകൃത്യാലുള്ള ആവാസവ്യവസ്‌ഥയിൽ ഈ ഇനങ്ങൾ തമ്മിൽ ഇണ ചേരുകയില്ല.

ഭൗതിക സാഹചര്യങ്ങളിലെ മാറ്റങ്ങളാവാം ഇത്തരത്തിൽ പുതിയ ജിറാഫ് ഇനങ്ങൾ രൂപപ്പെടാൻ കാരണമെന്ന് ലേഖന കർത്താവായ ആക്സെൽ ജാങ്കെ പറഞ്ഞു.

ജിറാഫ് കൺസർവേഷൻ ഫൗണ്ടേഷന്റെ കീഴിൽ നിരവധി പഠനങ്ങൾ നടക്കുന്നുണ്ടെങ്കിലും ആഫ്രിക്കൻ മൃഗങ്ങളായ ആന, കാണ്ടാമൃഗം, ഗോറില്ല, സിംഹം തുടങ്ങിയവയ്ക്കു നല്കുന്നത്ര പ്രാധാന്യം ജിറാഫുകൾക്ക് നല്കുന്നില്ല. ഇന്ന് വംശനാശത്തിലേക്ക് ചുവടുവയ്ക്കുന്ന മൃഗങ്ങളിൽ ജിറാഫുകളും ഉൾപ്പെടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.