പൃഥ്വിരാജ് സംവിധായകനാകുന്നു; നായകൻ മോഹൻലാൽ
Thursday, September 15, 2016 1:05 AM IST
പൃഥ്വിരാജ് സംവിധായകന്റെ വേഷം അണിയുമോ എന്ന ചോദ്യം നിരവധി തവണ അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട്. എന്നെങ്കിലും ഒരിക്കൽ അതു സംഭവിക്കുമായിരിക്കും എന്നായിരുന്നു പൃഥ്വിയുടെ ഇതുവരെയുള്ള മറുപടി. എന്നാൽ വൈകാതെ പൃഥ്വി സംവിധാനം ചെയ്യുന്ന ചിത്രം പുറത്തുവരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു.

മുരളി ഗോപിയുടെ രചനയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘ലൂസിഫർ’ എന്നാണ്. നായകൻ മറ്റാരുമല്ല, നമ്മുടെ സ്വന്തം ലാലേട്ടൻ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാർ ചിത്രം നിർമിക്കും. പൃഥ്വി ഇക്കാര്യം തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ പ്രഖ്യാപിച്ചു കഴിഞ്ഞു. മുരളി ഗോപി, ആന്റണി പെരുമ്പാവൂർ എന്നിവർക്കൊപ്പം നിൽക്കുന്ന ഒരു സെൽഫിയോടെയാണ് അദ്ദേഹം സംവിധാന സംരഭത്തിന്റെ വാർത്ത പരസ്യമാക്കിയത്. ചിത്രത്തിന്റെ മറ്റ് വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

അന്തരിച്ച സംവിധായകൻ രാജേഷ് പിള്ള ഈ ചിത്രം സംവിധാനം ചെയ്യുമെന്ന് നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ രാജേഷ് പിള്ളയുടെ മരണത്തോടെ ചിത്രം ഉപേക്ഷിച്ചുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഊഹാപോഹങ്ങൾ എല്ലാം കാറ്റിൽ പറത്തി മലയാളികളുടെ മനംകവർന്ന പൃഥ്വി സംവിധാന രംഗത്തുകൂടി ചുവടവയ്ക്കുന്ന ചിത്രമെന്ന ചരിത്രവും ലൂസിഫർ എന്ന ചിത്രത്തിന്റെ പേരിലാകും.

ഓണക്കാലത്ത് പൃഥ്വിരാജ് നായകനാകുന്ന ഊഴവും മോഹൻലാൽ നായകനായ ഒപ്പവും തീയറ്ററുകളിൽ നിറഞ്ഞോടുമ്പോഴാണ് പുതിയ വാർത്ത വന്നത്. അപ്രതീക്ഷിതമായ വാർത്ത എന്നാണ് ആരാധകർ പൃഥ്വിയുടെ പോസ്റ്റിനോട് സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നത്. ചിത്രം പ്രഖ്യാപിച്ചതോടെ ഇനി കൂടുതൽ വിവരങ്ങൾ അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.