ഓരോ ലോഗോയ്ക്കു പിന്നിലും ഒരു കഥയുണ്ട്
Monday, September 19, 2016 3:55 AM IST
ഏതൊരു സ്‌ഥാപനവും തങ്ങളുടെ ആശയം വ്യക്‌തമാക്കുന്നത് തങ്ങളുടെ ലോഗോ വഴിയാണ്. വാഹനപ്രേമികളാവട്ടെ വാഹനിർമാതാക്കളുടെ ലോഗോയിൽ ആകൃഷ്‌ടരായിരിക്കും.

എന്നാൽ, ഓരോ കമ്പനിയും അവയുടെ ലോഗോയിൽ ഒരു രഹസ്യം ഒളിച്ചുവച്ചിട്ടുണ്ട്. അല്ലെങ്കിൽ ആ ലോഗോയിൽ ഒരു ആശയം അടങ്ങിയിട്ടുണ്ട്. ചില പ്രമുഖ വാഹനനിർമാതാക്കളുടെ ലോഗോയും അവയുടെ ആശയങ്ങളും ചുവടെ...




ഔഡി



നാല് വളയങ്ങൾ കോർത്തിരിക്കുന്നതാണ് ഔഡിയുടെ ലോഗോ. നാലു കമ്പനികളുടെ ലയനമാണ് ഈ നാലു വളയങ്ങൾ സൂചിപ്പിക്കുന്നത്. ഔഡി, ഹോർച്ച്, ഡികെഡബ്ല്യു, വാൻഡെഡെർ എന്നീ കമ്പനികൾ ലയിച്ചാണ് ഇന്നത്തെ ഔഡിയുണ്ടായത്. 1932ലായിരുന്നു ലയനം.



ബെൻസv


മൂന്നു കൂർത്ത ആരക്കാലുകളുള്ള നക്ഷത്ര ലോഗോയുമായാണ് 1909ൽ ഡെയിംലർ മോട്ടോറെൻ ഗെസെൽഷാഫ്റ്റ് എന്ന കമ്പനി രജിസ്റ്റർ ചെയ്തത്. നിലം, ജലം, ആകാശം എന്നിവയെയാണ് മൂന്ന് ആരക്കാലുകൾ പ്രതിനിധാനം ചെയ്തത്. 1926ൽ ഡെയിംലറും ബെൻസും ലയിച്ചു. ഇതോടെ മൂന്ന് ആരക്കാലുകളുള്ള നക്ഷത്രം ഒരു വളയത്തിനുള്ളിലായി.



പോർഷെ



സ്പോർട്സ് കാർ നിർമാതാക്കളായ പോർഷെ ആസ്‌ഥാനം സ്‌ഥിതിചെയ്യുന്ന സ്റ്റട്ട്ഗാർട്ട് എന്ന നഗരത്തെയാണ് ലോഗോയിൽ ഉൾക്കൊള്ളിച്ചത്. കുതിരകളുടെ പ്രജനനത്തിലാണ് ഈ നഗരത്തിന്റെ പ്രശസ്തി ലോകമെങ്ങുമെത്തിയത്. അതിനാൽത്തന്നെ പോർഷെയുടെ ലോഗോയിൽ കുതിര ഇടംപിടിച്ചു. സ്റ്റോട്ടെൻഗാർട്ടൻ എന്നതിന്റെ ചുരുക്കപ്പേരാണ് സ്റ്റട്ട്ഗാർട്ട്. എസ്റ്റേറ്റ് ഓഫ് ഹോഴ്സ് ബ്രീഡിംഗ് എന്നാണ് ഇതിന്റെ അർഥം. ലോഗോയിലെ നിറങ്ങൾ ജർമൻ പതാകയിലേതാണ്.



സ്കോഡ



സൂചിനാമ്പിൽ മൂന്ന് തൂവലുകൾ ചേർന്നതാണ് സ്കോഡയുടെ ലോഗോ. ഇതിൽ സൂചിനാമ്പ് വേഗത്തെയും തൂവലുകൾ മുന്നേറ്റത്തെയും സൂചിപ്പിക്കുന്നു. ഇതിനു പുറത്തുള്ള വൃത്തം സ്കോഡയുടെ 100 വർഷത്തെ പാരമ്പര്യത്തെയാണ് പ്രതിനിധാനം ചെയ്യുക.




വോൾവോ

ഒരു സൂചിനാമ്പോടുകൂടിയ വളയമാണ് വോൾവോയുടെ ലോഗോ. ഒറ്റനോട്ടത്തിൽ പുരുഷ ക്രോമസോമിനോട് സമമാണെങ്കിലും ഇവിടെ ഇരുമ്പിന്റെ ആൽക്കെമിക്കൽ സിംബലാണ് ലോഗോ സൂചിപ്പിക്കുന്നത്. സ്വീഡനിൽനിന്നുള്ള ഉരുക്കാണ് വോൾവോ വാഹനങ്ങൾ നിർമിക്കാൻ ഉപയോഗിക്കുക. ഉറപ്പും ഈടുമാണ് ഇവിടെനിന്നുള്ള ഉരുക്കിന്റെ പ്രത്യേകത.




ബിഎംഡബ്ല്യു



ബവേറിയൻ മോട്ടോർ വർക്ക്സ് എന്നാണ് ബിഎംഡബ്യുവിന്റെ പൂർണരൂപം. വെള്ളയും നീലയും ഉൾപ്പെട്ട വളയമാണ് ലോഗോ. തെക്കുകിഴക്കൻ ജെർമൻ സ്റ്റേറ്റായ ബവേറിയയുടെ പതാകയുടെ നിറമാണ് ലോഗോയിൽ എടുത്തിരിക്കുന്നത്. ബിഎംഡബ്യുവിന്റെ ആസ്‌ഥാനം ബവേറിയയാണ്. നീലാകാശത്തിൽ വിമാനത്തിന്റെ പ്രൊപ്പല്ലറാണ് ലോഗോയിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്ന വാദവും ശക്‌തമാണ്. നേരത്തേ വിമാനങ്ങളുടെ എൻജിൻ നിർമിച്ചിരുന്ന കമ്പനിയായിരുന്നു ബിഎംഡബ്ല്യു. എന്നാൽ, ലോഗോയ്ക്ക് കമ്പനിയുടെ ഭൂതകാലവുമായി ബന്ധമില്ലെന്ന സ്‌ഥിരീകരണം പിന്നീടുണ്ടായി.





ഹ്യുണ്ടായി

ദക്ഷിണകൊറിയൻ വാഹനനിർമാതാക്കളായ ഹ്യുണ്ടായിയുടെ ആദ്യാക്ഷരംതന്നെയാണ് ലോഗോ ആയി രൂപപ്പെട്ടതെങ്കിലും എച്ച് എന്ന അക്ഷരം സൂചിപ്പിക്കുന്നത് മറ്റൊന്നാണ്. കസ്റ്റമറും കമ്പനിയും തമ്മിലുള്ള ബന്ധമാണ് ഈ ലോഗോ സൂചിപ്പിക്കുക. സൂക്ഷിച്ചു നോക്കിയാൽ രണ്ടു വ്യക്‌തികൾ തമ്മിൽ ഹസ്തദാനം ചെയ്യുന്നതുപോലെ തോന്നുന്നില്ലേ!



ടൊയോട്ട


ഹ്യുണ്ടായിയെപ്പോലെതന്നെ കസ്റ്റമർ–കമ്പനി ബന്ധംതന്നെയാണ് ടൊയോട്ടയും ലോഗോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 1989ലാണ് മൂന്ന് ദീർഘവൃത്തങ്ങൾ ചേർന്ന ലോഗോ ടൊയോട്ട സ്വീകരിക്കുന്നത്. വലിയ വളയത്തിനുള്ളിൽ രണ്ടു വളയങ്ങൾ ടി ആകൃതിയിലാണ്. ഇത് പരസ്പര സഹകരണത്തോടെയുള്ള ബന്ധവും വിശ്വാസവും സൂചിപ്പിക്കുന്നു. പുറത്തെ വലിയ വൃത്തം ലോകത്തെ ടൊയോട്ട ആലിംഗനം ചെയ്യുന്നു എന്ന ആശയമാണ് ഉൾക്കൊള്ളുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.