ബോളിവുഡിലേക്ക് ഏതാണ് ബെസ്റ്റ്..? നേരമോ പ്രേമമോ..? അൽഫോൻസ് ചോദിക്കുന്നു
Thursday, September 22, 2016 10:21 PM IST
വ്യത്യസ്ത പ്രമേയവും അവതരണശൈലിയും കൊണ്ട് ശ്രദ്ധേയമായ രണ്ടു ചിത്രങ്ങളായിരുന്നു അൽഫോൻസ് പുത്രന്റെ നേരവും പ്രേമവും. എന്നാൽ, ലോകസിനിമയിൽ ഒരു പുതുമയുമില്ലാത്ത രണ്ടാമത്തെ ചിത്രം എന്ന ടാഗ് ലൈനോടെയാണ് സംവിധായകൻ പ്രേമം പുറത്തിറക്കിയത്. ചിത്രം കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും തരംഗമായി മാറുകയും ചെയ്തു.

ഹിറ്റ് സംവിധായകന്റെ അടുത്ത ചിത്രം ഏതെന്ന് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴാണ് ബോളിവുഡിൽ ഒരു കൈ പരീക്ഷിക്കാൻ അൽഫോൻസ് പുത്രൻ ഒരുങ്ങുന്നത്. തന്റെ ചിത്രങ്ങളിലെ വ്യത്യസ്തത പോലെ ഇക്കാര്യത്തിലും വ്യത്യസ്തമായ മാർഗമാണ് അൽഫോൻസ് സ്വീകരിച്ചിരിക്കുന്നത്. അതായത്, പ്രേക്ഷകരുടെ അഭിപ്രായം തേടുക. പ്രേമമോ നേരമോ... ഇതിൽ ഏത് ആദ്യം ബോളിവുഡിലേക്ക് എത്തിക്കണമെന്നാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ ചോദിച്ചു. ഇതുരണ്ടുമല്ലാതെ, ഹിന്ദിയിൽ പുതിയൊരു ചിത്രം ചെയ്യണമോ എന്നും അൽഫോൻസ് ചോദിക്കുന്നു.

അതേസമയം, താൻ ചിത്രം റീമേക്ക് ചെയ്യില്ലെന്നും പുനരാഖ്യാനമാണ് ചെയ്യുകയെന്നും അൽഫോൻസ് പുത്രൻ പറയുന്നു. സംവിധായകന്റെ പോസ്റ്റിന് നിരവധി പേരാണ് അഭിപ്രായങ്ങളുമായി എത്തിയത്. പോസ്റ്റിന് കമന്റ് ചെയ്ത അജു വർഗീസ് പുതിയതു വേണമെന്നാണ് അഭിപ്രായം പറഞ്ഞത്. ലോകസിനിമാ ചരിത്രത്തിൽ പുതുമ ഒന്നുമില്ലാത്ത സിനിമ എടുക്കുന്ന ആളാണ് താനെന്നും പുതിയ എന്തെങ്കിലും എന്നതുകൊണ്ട് പഴയ എന്തെങ്കിലും എന്നല്ലേ ഉദ്ദേശിച്ചതെന്നാണ് അൽഫോൻസ് തിരിച്ചടിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.