ഐഫോൺ 7 വാങ്ങിക്കോളൂ, പക്ഷേ ഇങ്ങനെ വഞ്ചിതരാകരുത്
Sunday, September 25, 2016 1:08 AM IST
കേൾക്കുമ്പോൾ അതിശയം തോന്നുന്നുണ്ടോ. എങ്കിൽ ഇവിടെ ഉദ്ദേശിച്ചത് ഫോൺ മോശമാണെന്നല്ല. ഐഫോണിന്റെ പ്രത്യേകതകൾ മനസിലാക്കി വേണം ഉപയോഗിക്കാൻ. ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 7, 7 പ്ലസ് എന്നിവയ്ക്ക് ലോകത്താകെ വൻ സ്വീകാര്യതയാണ്. ഹെഡ്ഫോൺ ജാക്ക് ഇല്ലാതെ പുറത്തിറക്കിയിരിക്കുന്ന ഇരു മോഡലുകളും അത്യാധുനിക സൗകര്യങ്ങൾ നിറഞ്ഞതാണ്. വിലക്കൂടുതലുള്ള ഫോൺ ആയതുകൊണ്ട് സാധാരണക്കാർക്ക് കൈയെത്തിപ്പിടിക്കാനും കഴിയില്ല.

ഐഫോണിന്റെ പുതിയ മോഡലുകൾ വാങ്ങിയവരെ കബളിപ്പിക്കാൻ യുട്യൂബിൽ തട്ടിപ്പ് വീഡിയോയുമായി ചിലർ ഇറങ്ങിയിട്ടുണ്ട്. ഫോണിന് ഹെഡ്ഫോൺ ജാക്ക് ഉണ്ടെന്നും കവർ നിർമാണത്തിലുണ്ടായ അപാകതയാണ് ജാക്ക് ഇല്ലാതാവാൻ കാരണമെന്നും ചൂണ്ടിക്കാട്ടി ട്യൂട്ടോറിയൽ വീഡിയോയാണ് ഇപ്പോൾ പരക്കുന്നത്. സംഭവം ഗൗരവമായി എടുക്കാത്തവർ ട്യൂട്ടോറിയൽ അവഗണിച്ചു.

എന്നാൽ, ചില മണ്ടശിരോമണികളാവട്ടെ വീഡിയോയിൽ കാണിക്കുന്നത് സത്യമാണെന്നു കരുതി ഡ്രില്ലിംഗ് മെഷീൻ എടുത്ത് ഫോണിൽ 3.5 എംഎം വലുപ്പമുള്ള സുഷിരമിട്ടു. ഹെഡ്ഫോൺ കുത്തി പാട്ടു കേൾക്കാമെന്നു കരുതിയവരാവട്ടെ ഫോൺ അടിച്ചുപോയതിൽ തലയിൽ കൈവച്ച് ഇരിപ്പാണ്. അബദ്ധം പറ്റിയവർ അമ്പതിലധികം വരുമെന്നാണ് റിപ്പോർട്ടുകൾ. ഒന്നും രണ്ടും രൂപയുടെ മുതലല്ലല്ലോ ആശിച്ചു മോഹിച്ച് വാങ്ങിയ ഫോണല്ലേ നശിപ്പിച്ചു കളഞ്ഞത്. പൊന്മുട്ടയിടുന്ന താറാവിനെ അത്യാഗ്രഹം മൂലം കൊന്ന കർഷകനെപ്പോലെ!

ആപ്പിളിന്റെ തന്നെ ലൈറ്റനിംഗ് കണക്ടർ സംവിധാനമുപയോഗിച്ച് വയർലെസ് ഹെഡ്ഫോണുകളാണ് ഐഫോൺ 7, 7 പ്ലസ് മോഡലുകളിൽ ഉപയോഗിക്കാൻ കഴിയുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.