മരവിച്ച മനസുകൾ വീണ്ടും; നവജാത ശിശുവിനെ കവറിലാക്കി ഉപേക്ഷിച്ചു, കുട്ടിയുടെ നില ഗുരുതരം
Thursday, June 7, 2018 1:31 PM IST
നവജാത ശിശുവിനെ പള്ളിമേടയിൽ ഉപേക്ഷിച്ച സംഭവത്തിനു പിന്നാലെ മറ്റൊരു സംഭവംകൂടി. ഇത്തവണ ഇത് ഉത്തരേന്ത്യയിലാണെന്നു മാത്രം. ഉത്തർപ്രദേശിലെ മുസഫർനഗറിലാണ് നവജാത ശിശുവിനെ കവറിലാക്കി നഗരമധ്യത്തിലെ തെരിവിലുള്ള ഒരു വീടിന്‍റെ നടയിലുപേക്ഷിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പോലീസ് പുറത്ത് വിട്ടു.

ചാരകളർ സാൻട്രോ കാറിലെത്തിയവർ മുസഫർ നഗറിൽ ആളുകൾ ഇടതിങ്ങി പാർക്കുന്ന പ്രദേശത്തെ ഒരു വീടിന്‍റെ മുന്നിലുള്ള നടയിൽ കുട്ടിയെ കവറിലാക്കി ഉപേക്ഷിക്കുന്ന ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്. പെൺകുഞ്ഞിനെയാണ് അജ്ഞാതർ ഉപേക്ഷിച്ചത്.

വാഹനത്തിന്‍റെ നമ്പർ പോലീസിന് ലഭിച്ചെന്നാണ് വിവരം. ഹരിയാന രജിസ്ട്രേഷൻ വാഹനത്തിലാണ് ഇവരെത്തിയതെന്നും ഷാളുകൊണ്ട് മുഖം മറച്ച സ്ത്രീയാണ് കുട്ടിയെ ഉപേക്ഷിക്കുന്നതെന്നും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്ന് പോലീസ് അധികൃതർ അറിയിച്ചു.

സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഇന്ന് രാവിലെ കവറിനുള്ളിൽ നിന്ന് കുട്ടിയുടെ കരച്ചിൽ കേട്ടപ്പോഴാണ് ആളുകൾ സംഭവമറിഞ്ഞത്. കുട്ടിയെ അപ്പോൾ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.