ഫേസ്ബുക്ക് തണുക്കുന്നു; ആർക്ടിക് മേഖലയിൽ ഭീമൻ ഡാറ്റാ സെന്റർ
Sunday, October 2, 2016 3:15 AM IST
ഫേസ്ബുക്ക് സിഇഒ സുക്കർബെർഗ് സിമ്പിളാണ്. എന്നാൽ, കച്ചവടബുദ്ധിയിൽ ഒരുപക്ഷേ മറ്റു ടെക് സ്‌ഥാപനങ്ങളുടെ മുതലാളിമാരേക്കാളും മുന്നിൽത്തന്നെ. ഇപ്പോഴിതാ ആർക്ടിക് മേഖലയിൽ ഫേസ്ബുക്കിന്റെ പുതിയ ഡാറ്റാ സെന്റർ തുറന്നു. പേര് ലൂലിയ ഡാറ്റാ സെന്റർ. ചെറിയ ഡാറ്റാ സെന്റർ എന്നൊന്നും ഇതിനെ വിളിക്കാൻ കഴിയില്ല. ആറ് ഫുട്ബോൾ മൈതാനത്തിന്റെയത്ര വലുപ്പമുള്ള ഈ ഡാറ്റാ സെന്റർ സ്വീഡനിലാണ് നിർമിച്ചിരിക്കുന്നത്. ഇവിടെനിന്ന് ആർക്ടിക് ഭാഗത്തേക്ക് 113 കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ.

സുക്കർബെർഗിന്റെ പുതിയ ശിശു എന്നാണ് ഈ ഡാറ്റാ സെന്റർ ഇപ്പോൾ അറിയപ്പെടുന്നത്. ഫേസ്ബുക്കിന്റെ ഇതുവരെയുള്ളതിൽവച്ച് അത്യാധുനിക സാങ്കേതികവിദ്യയിൽത്തന്നെയാണ് നിർമാണം. പല ദിവസങ്ങളിലും ഇവിടെ മൈനസ് 50 ഡിഗ്രിയാണ് താപനില. അതിനാൽത്തന്നെ വലിയ ഫാനുകൾ ഉപയോഗിച്ച് പുറത്തെ വായു അകത്തേക്കു വലിച്ചാണ് ഇവിടത്തെ യന്ത്രങ്ങൾ തണുപ്പിക്കുന്നത്. കൂടാതെ, സമീപത്തെ നദിയിൽ ജലവൈദ്യുത പദ്ധതിയും തയാറാക്കിയിരിക്കുന്നു. ഇവിടെയും തീർന്നില്ല, സൗരോർജ പ്ലാന്റുകളും ഇവിടുണ്ട്. സാധാരണ ഡാറ്റാ സെന്ററുകൾക്ക് വേണ്ടിവരുന്ന ഊർജത്തിന്റെ 40 ശതമാനം കുറവു മതി ഫേസ്ബുക്കിന്റെ ലൂലിയയ്ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.