പുലിമുരുകന് യുവസംവിധായകരുടെ അഭിനന്ദന പ്രവാഹം
Sunday, October 9, 2016 3:37 AM IST
മോഹൻലാലിന്റെ ബിഗ് ബജറ്റ് മാസ് എന്റർടെയ്നർ പുലിമുരുകൻ തീയറ്ററുകളിൽ നിറഞ്ഞാടുകയാണ്. മലയാളസിനിമ ഇതുവരെ കാണാത്ത കിടിലൻ ആക്ഷനുമായെത്തിയ മുരുകനെ ആരാധകർ കൈനീട്ടി വാങ്ങി. സോഷ്യൽ മീഡിയയിലെങ്ങും പുലിമുരുകൻ തരംഗമാണ്. സൂപ്പർതാരത്തെയും സംവിധായകൻ വൈശാഖിനെയും സ്റ്റണ്ട് മാസ്റ്റർ പീറ്റർ ഹെയ്നെയും വാനോളം പുകഴ്ത്തി പ്രമുഖർ തന്നെ രംഗത്തെത്തിക്കഴിഞ്ഞു.

ആദ്യദിവസങ്ങളിൽ തന്നെ ചിത്രം കണ്ട ഏതാനും യുവസംവിധായകർ മോഹൻലാലിനെയും പുലിമുരുകനെയും അഭിനന്ദിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. വിനീത് ശ്രീനിവാസൻ, മിഥുൻ മാനുവൽ തോമസ്, രൂപേഷ് പീതാംബരൻ, അരുൺ വൈദ്യനാഥൻ, ജിജോ ആന്റണി എന്നിവരാണ് തങ്ങളുടെ സന്തോഷം പങ്കുവച്ചത്.

ഇതുപോലൊരു ആക്ഷൻ ചിത്രം താൻ അടുത്തകാലത്തു കണ്ടിട്ടില്ലെന്നാണ് വിനീത് ശ്രീനിവാസൻ പോസ്റ്റ് ചെയ്തത്. എല്ലാ ഫ്രെയിമിലും മോഹൻലാലിന്റെ കഠിനാധ്വാനം തെളിഞ്ഞുകാണാമെന്നും വിനീത് പറയുന്നു. കേരളത്തിൽ ഇനിയങ്ങോട്ട് പുലിവേട്ടക്കാരൻ മുരുകന്റെ വേൽത്തിളക്കത്തിന്റെ നാളുകളെന്നാണ് മിഥുൻ മാനുവൽ തോമസ് പ്രതികരിച്ചത്. മോഹൻലാലിനെ വച്ച് ഒരു സിനിമ ചെയ്യാൻ കഴിയണേ എന്ന് ജിജോ ആന്റണിയും ആഗ്രഹം പ്രകടിപ്പിക്കുന്നു. പുലിമുരുകൻ ചരിത്രവിജയമാണെന്നും ഇനിയും ലാലേട്ടന്റെ ചെറുപ്പകാലം ചെയ്യാൻ വിളിച്ചാൽ താൻ റെഡിയാണെന്നുമാണ് സംവിധായകനും സ്ഫടികത്തിൽ മോഹൻലാലിന്റെ ചെറുപ്പം അവതരിപ്പിച്ചയാളുമായ രൂപേഷ് പീതാംബരൻ പറഞ്ഞത്.

പുലിമുരുകൻ കാണണമെന്നുണ്ടെന്നും ടിക്കറ്റ് കിട്ടുമോയെന്ന് അറിയില്ലെന്നും സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ഫേസ്ബുക്കിൽ പറഞ്ഞു. അതേസമയം, പുലിമുരുകന്റെ ടിക്കറ്റുകൾ കിട്ടാനില്ലെന്ന് യുവനടൻ അജു വർഗീസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.