വിമാനങ്ങളെ പ്രണയിച്ച് പതിനാറുകാരി
Wednesday, October 19, 2016 3:53 AM IST
വരിജ ഷാ എന്ന പതിനാറുകാരിക്ക് ഇനി ഇരുചക്ര വാഹനം ഓടിക്കാൻ പഠിക്കണം. ലൈസൻസ് നേടാൻ 18 വയസ് ആവണമല്ലോ. മറ്റു വാഹനങ്ങൾ ഓടിക്കാൻ അറിയില്ലെങ്കിലും വരിജയ്ക്ക് വിമാനം പറത്താനറിയാം. സ്വകാര്യ വിമാനങ്ങൾ പറത്താനുള്ള ലൈസൻസ് കക്ഷി കഴിഞ്ഞ ദിവസം നേടി.
ഗുജറാത്തിൽനിന്ന് വിമാനം പറത്താനുള്ള ലൈസൻസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളാണ് വരിജ. തിങ്കളാഴ്ച സെസ്ന 152 വിമാനം 20 മിനിറ്റ് അവൾ പറത്തുകയും ചെയ്തു. ലൈസൻസ് നേടാനുള്ള തിങ്കളാഴ്ചത്തെ പറക്കൽ അവളുടെ ജീവിതത്തിൽ ഒരു പ്രത്യേക ദിനവുമായിരുന്നു; അന്നായിരുന്നു വരിജയുടെ 16–ാം ജന്മദിനം.

ആകാശത്ത് സഞ്ചരിക്കുന്ന വിമാനങ്ങളെ ഏഴാം ക്ലാസ് മുതൽ പ്രണയിച്ചുതുടങ്ങിയ വരിജയ്ക്ക് ഇന്ത്യൻ എയർഫോഴ്സിൽ ചേരണമെന്നാണ് ആഗ്രഹം. പൈലറ്റ് ആകണമെന്ന മോഹത്തെ വീട്ടുകാരും പിന്തുണച്ചു. അങ്ങനെ കഴിഞ്ഞ വർഷം ഗുജറാത്ത് ഫ്ളൈയിംഗ് ക്ലബ്ബിൽ ചേർന്നു. ഗ്രൗണ്ട് ട്രെയിനിംഗ്, തിയറി ക്ലാസുകൾ, വിമാനം പറത്തൽ എന്നിവയുൾപ്പെട്ട ഒരു വർഷത്തെ കോഴ്സായിരുന്നു അത്. മറ്റു വിദ്യാർഥികളേക്കാളും വളരെ താത്പര്യത്തോടെയാണ് വരിജ വിമാനം പറത്താൻ ഉത്സാഹിക്കുന്നതെന്ന് ഗുജറാത്ത് ഫ്ളൈയിംഗ് ക്ലബ്ബിലെ ഫ്ളൈറ്റ് ഇൻസ്ട്രക്ടർ ചാർളി വെയ്ർ പറയുന്നു.

ദേശീയതലത്തിൽ ടെന്നീസ് താരംകൂടിയാണ് വരിജ. പിതാവ് പ്രശാന്തിന് അവളെ പൈലറ്റായി കാണാനാണ് ആഗ്രഹം. അമ്മ പൂർവി മോദി ഷായ്ക്കാവട്ടെ മകളെ ടെന്നീസ് താരമായി കാണാനാണ് ആഗ്രഹം. ഇരുവരുടെയും ആഗ്രഹങ്ങൾ ഈ കൊച്ചുമിടുക്കി സഫലീകരിക്കുകയും ചെയ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.