അമേരിക്കൻ പ്രസിഡന്റുമാരുടെ കുത്തിവരകൾ ലേലത്തിന്
Thursday, October 20, 2016 2:48 AM IST
അമേരിക്ക ഇപ്പോൾ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ചൂടിലാണ്. ലോക പോലീസായ അമേരിക്കയുടെ പ്രസിഡന്റായാൽ ലോകത്തെ ഭരിക്കാനുള്ള അധികാരമാണ് കൈവരുന്നത്. ഇതൊക്കെ കൊണ്ടായിരിക്കാം അമേരിക്കയുടെ ഭരണാധികാരികൾ എന്തു ചെയ്താലും അതു ജനശ്രദ്ധയാകർഷിക്കുന്നത്. ഇത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോൾ സൈബർ ലോകം ആഘോ ഷിക്കുന്നത്. മുൻ അമേരിക്കൻ പ്രസിഡന്റുമാർ ഒഴിവു സമയങ്ങളിൽ വരച്ചുകൂട്ടിയ ചിത്രങ്ങളും എഴുത്തുകളുമൊക്കെ ലേലത്തിനു വച്ചതാണ് പുതിയ വാർത്ത.

പ്രത്യേകിച്ച് അർഥങ്ങൾ ഒന്നുമില്ലെങ്കിലും ഈ ചിത്രങ്ങൾ വരച്ചിരിക്കുന്നത് അമേരിക്കയുടെ നേതാക്കളായതുകൊണ്ട് ലേലത്തിൽ വൻതുക കിട്ടുമെന്നാണ് സംഘാടകരായ ഹെറിറ്റേജ് ഓക്ഷൻസിന്റെ വിശ്വാസം.

ഫോബ്സ് മാഗസിൻ സ്‌ഥാപകൻ മാൽക്കം ഫോബ്സിന്റെ ശേഖരത്തിലുണ്ടായിരുന്ന വസ്തുക്കളാണ് ലേലത്തിനു വച്ചിരിക്കുന്നത്. ജോൺ എഫ് കെന്നഡി മുതൽ വെറും അഞ്ചു മാസം മാത്രം പ്രസിഡന്റുപദം അലങ്കരിച്ച ജയിംസ് ഗാർഫീൽഡിന്റെ വരെ സൃഷ്‌ടികൾ ഇക്കൂട്ടത്തിലുണ്ട്.

ലീഗൽ പേപ്പറിൽ ജോൺ എഫ്. കെന്നഡി വരച്ച ബെർലിൻ മതിലിന്റെ ചിത്രത്തിന് 1100 ഡോളർ മതിപ്പുവിലയാണ് പ്രതീക്ഷിക്കുന്നത്. ഇത് എപ്പോൾ വരച്ചു, എവിടെവച്ചു വരച്ചു തുടങ്ങിയ കാര്യങ്ങൾ ആർക്കുമറിയില്ല. എന്തിനേറെ പറയുന്നു, ചിത്രം ബെർലിൻ മതിലിന്റേതാണെന്നതു പോലും വെറും ഊഹാപോഹമാണ്. ബോട്ടിന്റെ വികലമായ രൂപവും ഏണിയും അവ്യക്‌തമായ വാക്കുകളുമെല്ലാം ഇതിൽ കാണാം.

കെന്നഡി അത്ര വലിയ ചിത്രകാരനൊന്നുമായിരുന്നില്ല. എന്നാൽ, അമേരിക്കൻ സൈന്യത്തിലെ ഫൈവ് സ്റ്റാർ ജനറലായിരുന്ന ഡഗ്ലസ് മക് ആർതർ മികച്ച ചിത്രകാരനായിരുന്നു.1930കളിൽ ഫിലിപ്പീൻസിൽ സൈനിക ഉപദേഷ്‌ടാ വായി സേവനമനുഷ്‌ടി ക്കുന്ന വേളയിൽ ഇദ്ദേ ഹം വരച്ച ഒരു മനോഹര ചിത്രവും ലേലത്തിൽ ഇടം നേടിയിട്ടുണ്ട്. വടിവൊത്ത ശരീരത്തോടു കൂടിയ പെൺകുട്ടിയുടെ ചിത്രമാണിത്. പടത്തിനു മുകളിൽ സ്പാനിഷിലും ഫ്രഞ്ചിലും ബെല്ലിസിമാ ട്രിഗുണാ എന്നെഴുതി വച്ചിരുന്നു. കറുത്ത തലമുടിയുള്ള സുന്ദരി എന്നാണിതിന്റെ അർഥം.

ചിത്രങ്ങൾ കൂടാതെ പലരുടെയും പ്രസംഗങ്ങളുടെ കൈയെഴുത്തുപ്രതികൾ, ഫ്രാങ്ക്ളിൻ റൂസ്വെൽറ്റ്, വുഡ്രോ വിൽസൻ, ഹാരി ട്രൂമാൻ തുടങ്ങിയ പ്രസിഡന്റു മാർ ഒപ്പുവച്ച അപൂർവ ഫോട്ടോകൾ എന്നിവയും ലേലത്തിനുണ്ട്. ഇതിനു പുറമേ പ്രശസ്ത എഴുത്തുകാരായ ഏണസ്റ്റ് ഹെമിംഗ്വേ, മാർക്ക് ട്വയിൻ എന്നിവരുടെ കത്തുകളും കൂട്ടത്തിലുണ്ട്. ലേലം ഈയാഴ്ച നടക്കുമെന്നാണു സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.