ഏതു പൂട്ടും പൊളിക്കും, ഏതു രഹസ്യവും ചോർത്തും; ഇവൻ സൈബർ ഭീകരൻ
Thursday, November 24, 2016 8:55 AM IST
മൊബൈൽ ഫോൺ ഇന്നു രഹസ്യങ്ങളുടെ ഒരു കലവറയാണ്. ആരും കാണാതെ നാം എന്തൊക്കെയാണ് അതിൽ ഒളിപ്പിച്ചുവയ്ക്കുന്നത്. താക്കോൽ പൂട്ടിട്ടു പൂട്ടിയാൽ എല്ലാം ഭദ്രം. ആരും ഒന്നും അറിയില്ല എന്നാവും മിക്കവരുടെയും ഭാവം. എന്നാൽ, എല്ലാം ഒരാൾ കാണുന്നുണ്ട്, അറിയുന്നുണ്ട്. ഒരു താക്കോൽ പൂട്ടിനോ, സുരക്ഷാ സംവിധാനത്തിനോ ഇയാളെ തടുക്കാൻ കഴിയില്ല. എന്ത് മന്ത്രപ്പൂട്ടിട്ടാലും നിമിഷങ്ങൾ മതി ഇവന് അതിനെ ഭേദിക്കാൻ. നിങ്ങളുടെ രഹസ്യങ്ങൾ ചോർത്താൻ. എത്ര വിലകൂടിയ മൊബൈൽ ഫോണും ഇവർക്കു മുന്നിൽ പത്തിമടക്കും. അതിലിപ്പോൾ ആൻഡ്രോയ്ഡ് എന്നോ ഐഒഎസ് എന്നോ വിൻഡോസെന്നോ ഒന്നും ഇല്ല. എന്തിന്റെയും സുരക്ഷാ പൂട്ട്ഇവൻ നിമിഷങ്ങൾക്കകം പൊളിക്കും.

പേടിതോന്നുന്നുണ്ടോ! പേടിക്കണം. പറഞ്ഞു വരുന്നത് ലോകത്ത് ഏറ്റവും മികച്ച ഹാക്കിംഗ് കമ്പനിയെ കുറിച്ചാണ് – സെലിബ്രിറ്റ്. നിലവിൽ 115 രാജ്യങ്ങളിലെ സർക്കാരുകൾ ഇവരുമായി കരാർ ഒപ്പിട്ടുകഴിഞ്ഞു. സൈബർ സുരക്ഷാ മേഖലയിൽ ഇവരെ വെല്ലാൻ നിലവിൽ ആരും ഇല്ലാ എന്നതാണ് സത്യം. കലിഫോർണിയയിലെ ജിഹാദിയെ പിടികൂടാൻ എഫ്ബിഐ ഇവരുടെ സേവനമാണ് ഉപയോഗിച്ചതെന്ന് അറിയുമ്പോൾ സെലിബ്രിറ്റ് ചില്ലറക്കാരനല്ല എന്നു വ്യക്‌തമാവുമല്ലോ...

ലോകത്തെ വിവിധ ഉപകരണങ്ങളിൽനിന്നും വിവരങ്ങൾ ചോർത്താൻ ഇവർക്കു നിമിഷങ്ങൾ മതി. അതിപ്പോൾ എന്തുമായിക്കൊള്ളട്ടെ – മെസേജ്, വീഡിയോ, ചിത്രങ്ങൾ, സെലിബ്രിറ്റിന് എല്ലാം നിസാരം. വർഷങ്ങൾക്കുമുമ്പ് ഡിലീറ്റ് ചെയ്ത മെസേജുകൾ വരേ സെലിബ്രിറ്റിലെ ഹാക്കർമാർ പുറത്തുകൊണ്ടുവരും.

ഇത് എന്റെ അഹങ്കാരമല്ല, കോൺഫിഡൻസാണ് എന്ന് ആസിഫ് അലി പറയുന്നതു പോലെയാണ് സെലിബ്രിറ്റിലെ കാര്യങ്ങൾ. സെലിബ്രിറ്റിലെ മുതിർന്ന ഉദ്യോഗസ്‌ഥനായ ലിയോർ ബെൻപെരെട്സിന്റെ വാക്കുകളിലെ ധ്വനി ഇതുതന്നെയാണ്– ലോകത്തെ ചില ഉപകരണങ്ങൾ ഹാക്ക് ചെയ്യാൻ ഞങ്ങളെ കൊണ്ടു മാത്രമേ സാധിക്കൂ.

ഇത്രയും കേട്ടപ്പോൾ ഇതു എങ്ങനെ സാധിക്കുന്നു എന്നാവും നമ്മളുടെ അടുത്ത ചോദ്യം. സംഗതി ഒട്ടും നിസാരമല്ല. 15,000 ഫോണുകളാണ് സെലിബ്രിറ്റിന്റെ ലൈബ്രറിയിൽ ഉള്ളത്. മാസത്തിൽ 200 ഓളം ഫോണുകൾ റിസേർച്ച് ലൈബ്രറിയിലേക്ക് വാങ്ങുന്നു. ഉദ്ദേശ്യം ഒന്നുമാത്രം: എല്ലാ ഫോണുകളുടെയും സുരക്ഷാ പിഴവുകൾ കീറിമുറിച്ചു പഠിക്കുക. ഇതിനായി ഒരു വലിയ ടീം തന്നെ സെലിബ്രിറ്റിലുണ്ട്.

കാര്യം കേമമാണല്ലോ എന്നൊക്കെ തോന്നുമെങ്കിലും ഇതിൽ പതിയിരിക്കുന്ന അപകടങ്ങൾ കാണാതെ പോകരുത്. സാങ്കേതികതയുടെ വളർച്ച നമ്മുടെ സ്വകാര്യതയിലേക്ക് എപ്പോൾ വേണമെങ്കിലും ഇടിച്ചു കയറാം എന്ന ഭീക്ഷണിയും സെലിബ്രിറ്റ് നമുക്ക് മുന്നിലേക്കു വയ്ക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.