ആസിഡ് ആക്രമണത്തിലും പൊള്ളാത്ത ജീവിതം
Thursday, December 1, 2016 9:03 AM IST
പതിനെട്ടു വയസുള്ള ഒരു പെൺകുട്ടിയുടെ കഥയാണ് ഇത്. അതിസുന്ദരിയായ ഒരു പെൺകുട്ടിയുടെ ജീവിത കഥ.

പഞ്ചപാവമായിരുന്ന ഈ പെൺകുട്ടിക്കു ഒരു ഉറുമ്പിനെ പോലും നോവിക്കാൻ കഴിയുമായിരുന്നില്ല. ഉറുമ്പുകടിക്കുന്ന വേദന താങ്ങാനുള്ള ശേഷിയും ഇവൾക്കുണ്ടായിരുന്നില്ല.
ആശുപത്രി അവളെ എന്നും ഭയപ്പെടുത്തിയിരുന്ന ഇടമായിരുന്നു. സൂചി കണ്ടാൽ അവൾ ഓടി ഒളിക്കുമായിരുന്നു. രക്‌തം കണ്ടാൽ അവൾക്കു ബോധക്ഷയമുണ്ടാകുക പതിവായിരുന്നു. ശരീരം കീറിമുറിക്കുന്നതിനേ കു റിച്ച് അവൾക്കു ചി ന്തിക്കാൻ പോലും കഴിയുമായിരുന്നില്ല.
എന്നാൽ, ഇവയെല്ലാത്തിലൂടെയും ഈ പെൺകുട്ടി കടന്നുപോയി. സൂചി കണ്ടാൽ ഓടി ഒളിക്കുമായിരുന്ന ഇവൾ 40 തവണയാണ് ശസ്ത്രക്രിയയ്ക്കു വിധേയയായത്. എന്താണ് ഇവൾക്കു സംഭവിച്ചത്?

സുന്ദരിയായ പെൺകുട്ടിയോട് അയൽക്കാരനായ പയ്യന് ഇഷ്‌ടം തോന്നി. പലവട്ടം അവൻ പെൺകുട്ടിയോട് ഇഷ്‌ടം തുറന്നു പറയുകയും ചെയ്തു. എന്നാൽ, അത്രയും തവണ പെൺകുട്ടി അവനെ നിരസിക്കുകയാണ് ചെയ്തത്.

ഇത് അവനിൽ കടുത്ത വിദ്വേഷം ജനിപ്പിച്ചു. തന്റെ ഇഷ്ടം അംഗീകരിച്ചില്ലെങ്കിൽ അച്ഛനെ കൊലപ്പെടുത്തും എന്നുപോലും അവൻ ഭീഷണിപ്പെടുത്തി. ഭയന്നു പോയെങ്കിലും അവൾ ഭീഷണിക്കു വഴങ്ങിയില്ല.

ഒരുദിവസം വീട്ടിലേക്ക് അതിക്രമിച്ചെത്തിയ ആൺകുട്ടി ഇവളുടെ മുഖത്ത് ആസിഡ് ഒഴിച്ചു. വേദനകൊണ്ട് പുളഞ്ഞ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ ആരുമുണ്ടായിരുന്നില്ല. ആറു മണിക്കൂറിനു ശേഷമാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും ഏറെ വൈകിയിരുന്നു. ഡോക്ടർമാർ നിസഹായരായിരുന്നു. 40 തവണ അവളുടെ സുന്ദരമായ മുഖം കത്തിക്ക് വിധേയമായി. ഒന്നിനും പഴയ മുഖത്തെ മടക്കി നൽകാൻ കഴിഞ്ഞില്ല. വികൃതമായ മുഖവുമായി നീറുന്ന വേദനയോടെ അവൾ ആശുപത്രി വിട്ടു.

ആകെ തകർന്നുപോയ ആ പെൺകുട്ടി എന്തു ചെയ്യണമെന്നറിയാതെ വിധിക്കു മുന്നിൽ പകച്ചുനിന്നു. ഒടുവിൽ അവൾ തീരുമാനിച്ചു. ജീവിതത്തോടു പടവെട്ടുക തന്നെ. അവൾ സ്കൂളിലേക്കു മടങ്ങിപ്പോയി. പഠനം പൂർത്തിയാക്കി. കമ്പ്യൂട്ടർ കോഴ്സിനു ചേർന്നു. പത്രപേപ്പറുകളിൽ നിന്നുണ്ടാക്കിയ കൂടുകൾ നിർമിച്ചു.

ഇന്നു തിരിഞ്ഞു നോക്കുമ്പോൾ അവൾ അമ്പരക്കും. സൂചി കണ്ടാൽ ഭയന്നോടിയിരുന്ന ആ പെൺകുട്ടിയാണോ താനെന്ന്. അല്ല. ഒരിക്കലും അല്ല. അവൾ മുതിർന്നിരിക്കുന്നു. ജീവിതത്തെ അങ്കലാപ്പോടെ കണ്ടു നോക്കിനിന്നിടുത്തുനിന്നു അവൾ ഏറെ മുന്നോട്ടു യാത്രചെയ്തിരിക്കുന്നു.
ആരെയും ആശ്രയിക്കാതെ ജോലി ചെയ്തു ജീവിക്കണമെന്നതാണ് ആ പെൺകുട്ടിയുടെ ഇപ്പോഴത്തെ ആഗ്രഹം. അതിനുള്ള ശ്രമത്തിലാണവൾ. വികൃതമായ മുഖവുമായി അവൾ നിറമുള്ള ഒരു ജീവിതത്തെ വീണ്ടും സ്വപ്നം കാണുകയാണ്. പണ്ട് ആ പതിനെട്ടുകാരി കണ്ട സ്വപ്നങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.