സാക്ഷാൽ ഐ ഫോണും ഈ മലയാളി യുവാവിനു മുന്നിൽ അടിയറവ് പറഞ്ഞു
Friday, December 2, 2016 10:06 AM IST
അർക്കും തകർക്കാൻ പറ്റാത്ത സുരക്ഷ സംവിധാനങ്ങളെന്ന അഹങ്കാരവുമായി മതിച്ചു നടന്ന ആപ്പിൾ ഐ ഫോണും ഈ മലയാളി യുവാവിന്റെ മുന്നിൽ മുട്ടുമടക്കി. ഹേമന്ത് ജോസഫ് എന്ന രാമപുരം സ്വദേശിയാണ് അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള ഐ പാഡിന്റെ ആക്ടിവേഷൻ ലോക്ക് മറികടന്നത്. ആപ്പിളിന്റെ ഐഒഎസ് 10.1 വേർഷൻ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ ഒരു ബഗ് ആണ് ഐപാഡിന്റെ ലോക്ക് അഴിക്കാൻ സഹായിച്ചത്. ഉടമയ്ക്കല്ലാതെ മറ്റാർക്കും തുറക്കാനോ ഹാക്ക് ചെയ്യാനോ കഴിയാത്ത വിധമാണ് ആപ്പിൾ, ആക്ടിവേഷൻ ലോക്ക് ക്രമീകരിച്ചിരുന്നത്. എന്നാൽ ഐഒഎസ് 10.1 ഡിവൈസ് സെറ്റപ്പ് പ്രോസസിലെ പിഴവ് കണ്ടത്തിയതോടെ ഹേമന്തിന് കാര്യങ്ങൾ എളുപ്പമായി.

ലോക്ക് തുറക്കുന്നതിനായി യൂസർ നെയിം നൽകുമ്പോൾ അക്ഷരങ്ങൾ ഉപയോഗിക്കുന്നതിന് ഐ ഫോണിൽ നിയന്ത്രണമൊന്നുമില്ലെന്ന് മനസിലാക്കിയ ഹേമന്ത് ആയിരക്കണക്കിന് അക്ഷരങ്ങൾ നൽകി സോഫ്റ്റ്വെയർ ക്രാഷ് ചെയ്താണ് കാര്യം സാധിച്ചത്. എന്തായാലും ബഗ് ശ്രദ്ധയിൽപ്പെട്ട ആപ്പിൾ അധികൃതർ ഉടൻതന്നെ പിഴവ് പരിഹരിച്ചിട്ടുണ്ട്. അടുത്തിടെ ഐഒഎസ് അപ്ഡേഷൻ വഴിയാണ് ഈ പ്രശ്നം പരിഹരിച്ചത്.

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനിയറിംഗ് കോളജിലെ വിദ്യാർഥിയായ ഹേമന്ത് ഇതാദ്യമായല്ല വമ്പൻമാരുടെ സുരക്ഷാപിഴവുകൾ കണ്ടെത്തി കൊടുക്കുന്നത്. ട്വിറ്റർ, യാഹു, മൈക്രോസോഫ്റ്റ്, ബ്ളാക്ക്ബെറി, ഗൂഗിൾ ഉൾപ്പെടെയുള്ളവയുടെ സുരക്ഷ വീഴചകൾ ചൂണ്ടിക്കാണിച്ച് ഹേമന്ത് നേരത്തെതന്നെ അന്താരാഷ്ര്‌ട ശ്രദ്ധ നേടിയിരുന്നു. ഗൂഗിൾ ക്ലൗഡിന്റെ പിഴവ് കണ്ടെത്തിയതിന് 7,500 യുഎസ് ഡോളറാണ് ഹേമന്തിന് സമ്മാനമായി ലഭിച്ചത്. കേരള സംസ്‌ഥാന സർക്കാർ രൂപം കോടുത്ത കേരള പോലീസ് സൈബർ ഡോമിൽ കമാൻഡറായ ഹേമന്ത് ഇതിനു പുറമേ വിവിധ ഐടി കമ്പനികളുടെ സുരക്ഷാ നിരീക്ഷകനായും പ്രവർത്തിച്ചുവരുന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.