വിവാഹദിനം വരന് എടിഎം കൊടുത്തത് എട്ടിന്റെ പണി
Sunday, December 4, 2016 2:45 AM IST
കറൻസി റദ്ദാക്കൽ രാജ്യത്ത് വിതച്ച ദുരിതങ്ങൾ ഒഴിയുന്നില്ല. ഒന്നിനു പുറകെ ഒന്നായി അവ ഇങ്ങനെ നമ്മുടെ മുന്നിൽ നിറഞ്ഞാടുകയാണ്. മാസാദ്യം പെൻഷൻ തുകയ്ക്കായ് ക്യൂ നിൽക്കുന്ന വയോധികന്റെ ചിത്രം കരളലിയിക്കുന്നതാണ്. റദ്ദാക്കിയ നോട്ടുമായി ബാങ്കിനു മുന്നിൽ ക്യൂ നിൽക്കുന്നവരുടെ ചിത്രങ്ങൾ അനുദിനം വിവിധ മാധ്യമങ്ങിലൂടെ കണ്ടുകൊണ്ടിരിക്കുകയാണ്.

ഇന്ത്യയിലെ ഏറ്റവും പ്രധാനമായ ചടങ്ങുകളിൽ ഒന്നാണ് വിവാഹം. ആഡംബര വിവാഹങ്ങൾക്ക് പേരുകേട്ട ഇടമാണു നമ്മുടെ നാട്. ഏതൊരാളുടെയും ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ മുഹൂർത്തം. അത് അവിസ്മരണീയമാം രീതിയിൽ നടത്തുക എന്നതാണ് രീതി. ഉള്ള കഴിവിനനുസരിച്ച് നമ്മൾ അതേറ്റവും മനോഹരമാക്കി തീർക്കുകയും ചെയ്യുന്നു.

എന്നാൽ, കറൻസി റദ്ദാക്കൽ വിവാഹവേദികളെ ആഘോഷങ്ങൾ ഇല്ലാത്ത പൂരമാക്കി മാറ്റിയിരിക്കുകയാണ്. ക്ഷണിക്കപ്പെട്ടെത്തിയവർക്ക് ചായ മാത്രം നൽകി പറഞ്ഞുവിടേണ്ട ഗതികേടിലാണ് പല വീട്ടുകാരും.

അത്തരമൊരു കഥയാണ് ജെയ്സൽമീറിൽ അരങ്ങേറിയത്. വിവാഹദിവസം മണ്ഡപത്തിൽ അണിഞ്ഞൊരുങ്ങി നിൽക്കേണ്ട വരൻ ക്യൂവിലാണ്. ബിവറേജിനു മുന്നിലാണെന്ന് തെറ്റിദ്ധരിക്കേണ്ട. എടിഎമ്മിനു മുന്നിലുള്ള ക്യൂവിലാണ് വരൻ നിൽക്കുന്നത്.

മണിക്കൂറുകൾ ക്യൂവിൽ നിന്നാണ് ഒടുവിൽ അയാളുടെ ഊഴം വന്നത്. തെല്ലൊരു നിശ്വാസത്തോടെ എടിഎമ്മിൽ കാർഡ് സ്വൈപ് ചെയ്ത് പണത്തിനായി കൈനീട്ടിയപ്പോൾ കിട്ടിയത് ഒരു സ്ലിപ്പ്. പണമില്ലെന്നാണ് കുറിപ്പിന്റെ സാരം. എടിഎം പറ്റിച്ച പണിയേ! പാവം!

എന്തായാലും പണം കിട്ടാതെ പോവില്ലെന്നു ശഠിച്ച വരൻ എടിഎമ്മിനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തി. ഒടുവിൽ കാര്യമറിഞ്ഞപ്പോൾ സങ്കടം തോന്നിയ നാട്ടുകാർ പിരിച്ചുനൽകിയ 20,000 രൂപയുമായാണ് വരൻ വിവാഹവേദിയിൽ എത്തിയത്. മറക്കാനാവത്ത ഒരു വിവാഹദിനം!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.