മികച്ച 15 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒൻപതും കേരളത്തിൽ!
Wednesday, December 7, 2016 9:25 AM IST
ഇന്ത്യയിലെ ഏറ്റവും മികച്ച 15 ശരത്കാല വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒൻപതെണ്ണവും കേരളത്തിലാണെന്ന് പ്രമുഖ ട്രാവൽ സൈറ്റായ ട്രിപ് അഡ്വൈസറിന്റെ അട്രാക്ഷൻസ് ട്രെൻഡ് ഇൻഡക്സ് റിപ്പോർട്ട്.
കഴിഞ്ഞ ശരത്കാലത്തിൽ ഈ കേന്ദ്രങ്ങളിലെത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തിന്റെ അടിസ്‌ഥാനത്തിലാണ് ഇൻഡക്സ് തയാറാക്കിയത്. 2015 സെപ്റ്റംബർ മുതൽ 2016 ഒക്ടോബർ 15 വരെയുള്ള സഞ്ചാരികളുടെ എണ്ണമാണ് അട്രാക്ഷൻസ് ട്രെൻഡ് ഇൻഡക്സിന്റെ മാനദണ്ഡമെന്ന് അധികൃതർ പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.

അതിരപ്പിള്ളി വെള്ളച്ചാട്ടം, വയനാട്ടിലെ ബാണാസുര സാഗർ, തേക്കടി പെരിയാർ തടാകം, വാഗമൺ, മാട്ടുപ്പെട്ടി ഡാം, കോവളം ബീച്ച്, കൽപ്പറ്റയിലെ സൂചിപ്പാറ (സെന്റിനെൽറോക് വാട്ടർ ഫാൾസ്) വെള്ളച്ചാട്ടം, കൊച്ചിയിലെ ചെറായി ബീച്ച്, കൽപ്പറ്റയിലെ ചെമ്പ്ര പീക് എന്നിവയാണ് കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ.

ഗോവയിലെ അർപോര സാറ്റർഡേ നൈറ്റ് മാർക്കറ്റ്, സിക്കിം ഗാംഗ്ടോക്കിലെ നാഥുലചുരം, മഹാരാഷ്ട്ര കാണ്ഡലയിലെ ലോഹ്ഘട്ട് കോട്ട, ന്യൂഡൽഹിയിലെ മുഗൾ ഗാർഡൻ, ഗോവ പോണ്ടായിലെ സഹാകരി സ്പൈസ് ഫാം, ആന്ധ്രയിലെ സാൻ കഡാപ ഗണ്ടികോട്ട ഫോർട്ട് എന്നിവയാണ് രാജ്യത്തെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങൾ. ലോകത്തിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നായ അതിരപ്പിള്ളി നിർബന്ധമായും സന്ദർശിക്കേണ്ട സ്‌ഥലമാണെന്ന് ഇൻഡക്സിൽ ചൂണ്ടിക്കാട്ടുന്നു.
അതിരപ്പിള്ളിയിൽ സന്ദർശകരുടെ എണ്ണത്തിലെ വർധന 507 ശതമാനമാണ്.

മണ്ണുകൊണ്ടുള്ള ഡാമുകളിൽ ഇന്ത്യയിലെ ഏറ്റവും വലുതും ഏഷ്യയിൽ രണ്ടാമത്തേതുമായ ബാണാസുര സാഗർ സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ 136 ശതമാനമാണ് വർധന. തേക്കടി വന്യമൃഗസംരക്ഷണ കേന്ദ്രത്തിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ പ്രതിവർഷം 115 ശതമാനം വർധനയാണുള്ളത്. സെന്റിനൽ റോക്ക് എന്ന പേരിലും അറിയപ്പെടാറുള്ള സൂചിപ്പാറ വെള്ളച്ചാട്ടം കാണാനെത്തുന്നവരുടെ എണ്ണത്തിൽ 107 ശതമാനമാണു വർധന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.