സിനിമാഭ്രാന്ത് മൂത്താൽ ഇങ്ങനെയുണ്ടോ..? മുഖം വികൃതമാക്കാൻ യുവാവിന്റെ കഷ്‌ടപ്പാട്
Friday, December 9, 2016 8:31 AM IST
സിനിമാ ഭ്രാന്ത് എന്ന് പറഞ്ഞാൽ ഇങ്ങെനെയുണ്ടോ..സിനിമയിൽക്കണ്ട ഇഷ്‌ട കഥാപാത്രത്തിന്റെ മുഖ സാദൃശ്യമുണ്ടാകാൻ ഈ വെനസ്വല സ്വദേശി ചെയ്തുകൂട്ടിയ കാര്യങ്ങൾ അറിഞ്ഞാൽ ആരും തലയിൽ കൈവെച്ചു പോകും. 2011ൽ പുറത്തിറങ്ങിയ ’ക്യാപ്റ്റൻ അമേരിക്ക ദി ഫസ്റ്റ് അവഞ്ചർ’ എന്ന ഇംഗ്ലീഷ് ചിത്രത്തിലെ വില്ലനായ തലയോട്ടി മുഖക്കാരനോടാണ്(റെഡ് സ്കൾ) ഹെൻറി റോഡ്രിഗസ് എന്ന 37 കാരന് ആരാധന.

ആരാധന തലയ്ക്ക് പിടിച്ചതോടെ ചിത്രത്തിലെ വില്ലനെപ്പോലെ തലയോട്ടി മുഖം വേണമെന്നായി റോഡ്രിഗസിന്. ആവശ്യം കേട്ട് വെനസ്വലയിലെ പ്രമുഖ സർജൻ ഡോ. ഡാമൻ ആദ്യം നിരസിച്ചെങ്കിലും റോഡ്രിഗസിന്റെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹം സമ്മതിച്ചു. ’ഇൻകി ഐ ബോൾ’ എന്ന പ്രത്യക തരം ടാറ്റൂ ഉപയോഗിച്ച് റോഡ്രിഗസിന്റെ കണ്ണുകൾ പൂർണമായും കറുത്ത നിറത്തിലാക്കുകായിരുന്നു ചികിത്സയുടെ ആദ്യ പടി. പിന്നീട് മുഖത്തെ ചർമ്മം നീക്കി അതിനടിയിൽ സിലിക്കൺ അസ്‌ഥികൾ ഘടിപ്പിച്ചു.

രണ്ടു വർഷത്തോളമെടുത്താണ് സിലിക്കൺ രൂപങ്ങൾ മുഖത്ത് പിടിപ്പിച്ചത്. പിന്നീട് ചെവി മുറിച്ച് രൂപമാറ്റം വരുത്തി. താടിയെല്ലിലും പുരികത്തിലുമെല്ലാം ഇതിനിടയിൽ നിരവധി ശസ്ത്രക്രിയകൾ നടത്തി. ഏറ്റവും ഒടുവിലായി മൂക്കിന്റെ അഗ്രഭാഗം മുറിച്ച് കളഞ്ഞു. മരവിപ്പിക്കാതെയായിരുന്നു മൂക്ക് മുറിക്കൽ ശസ്ത്രക്രിയ നടത്തിയത്. ഏഴു വർഷത്തോളമെടുത്താണ് ഈ ’വിക്രിയകളോക്കെ’ നടത്തിയത്. തലയോട്ടി പോലുള്ള വികൃതമുഖവുമായി ഇപ്പോൾ ഏറെ അഭിമാനത്തോടെയാണ് റോഡ്രിഗസ് കറങ്ങാനിറങ്ങുന്നത്. 30,000 യുഎസ് ഡോളറാണ് മുഖം മാറ്റൽ ശസ്ത്രക്രിയയ്ക്കായി ചെലവായത്. എന്നാൽ ചെയ്തതുകൊണ്ടൊന്നും തൃപ്തി വരാത്ത റോഡ്രിഗസ് മുഖത്തെ മാംസങ്ങളും മുറിച്ച് കളയാനുളള ഒരുക്കത്തിലാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.