കളിക്കൂട്ടുകാരായി കാട്ടാനായും പുള്ളിപ്പുലിയും; മൗഗ്ലിയെപ്പോലെ ടിപ്പി ജീവിച്ചത് 10 വർഷം
Thursday, December 15, 2016 8:49 AM IST
ബാലു കരടിയ്ക്കും ബഗീരയ്ക്കുമൊപ്പം കാട്ടുവള്ളികളിൽ ഊഞ്ഞാടിനടക്കുന്ന മൗഗ്ലിയെ ആർക്കാണിഷ്‌ടമില്ലാത്തത്. കാട്ടുമൃഗങ്ങളെ കളിക്കൂട്ടുകാരാക്കിയ മൗഗ്ലിയെപ്പോലൊരു പെൺകൂട്ടി ജീവിച്ചിരുന്നു എന്ന് പറഞ്ഞാൻ വിശ്വസിക്കാൻ പ്രയാസമായിരിക്കുമല്ലേ. പറഞ്ഞത് സത്യമാണ്. ടിപ്പി ഡിഗ്രി എന്നാണ് ആ കൊച്ചു മിടുക്കിയുടെ പേര്. ഫ്രഞ്ച് ഫോട്ടോഗ്രാഫർ സിൽവി റോബർട്ടിന്റെയും അലൻ ഡിഗ്രിയുടെയും മകളായ ടിപ്പി ആഫ്രിക്കയിലെ കൊടുംവനത്തിൽ 10 വർഷത്തോളമാണ് മൗഗ്ലിയെപ്പോലെ കഴിഞ്ഞത്.

ജോലിയുടെ ഭാഗമായാണ് ടിപ്പിയുടെ മാതാപിതാക്കൾ അഫ്രിക്കൻ വനമേഖലയിൽ താമസത്തിനെത്തിയത്. തങ്ങളുടെ വീടിനടുത്ത് മറ്റ് താമസക്കാരാരുമില്ലാത്തതിനെത്തുടർന്ന് കുഞ്ഞു ടിപ്പി കൂട്ടുകാരെത്തേടി കാട്ടിലേക്കിറങ്ങി. അതോടെ കൊമ്പനാനയും പുള്ളിപ്പുലിയും കുറുനരിയുമെല്ലാം ടിപ്പിയുടെ കളിത്തോഴരായി. ടിപ്പിയോട് സ്നേഹപൂർവം ഇടപെടുന്ന വന്യമൃഗങ്ങളുടെ ഫോട്ടോ കണ്ടാൽ ആരും അതിശയിച്ചു പോകും.

ടിപ്പിയുടെ അമ്മ സിൽവി തന്നെയാണ് മൃഗങ്ങളുമൊത്തുള്ള തന്റെ കുരുന്നിന്റെ കളിചിരികളെല്ലാം കാമറയിൽ പകർത്തിയത്. കാടിന്റെ പൊന്നോമനയായി മാറിയ ടിപ്പി കാടിന്റെ മക്കളായ ആദിവാസികൾക്കൊപ്പം ഇണങ്ങിച്ചേർന്നതിന്റെയും ചിത്രങ്ങൾ അമ്മ പകർത്തിയിട്ടുണ്ട്. കാട്ടിലെ ആ മനോഹരനാളുകളുടെ ഓർമ്മക്കുറിപ്പുകൾ ’ടിപ്പി: മൈ ബുക്ക് ഓഫ് ആഫ്രിക്ക’ എന്ന പേരിൽ പുസ്തകമായി പുറത്തിറക്കിയിരിക്കുകയാണ് ടിപ്പി. റുഡ്യാർഡ് കിപ്ലിംഗിന്റെ ഭാവനകളായിരുന്നു ജംഗിൾ ബുക്കായി പിറന്നതെങ്കിൽ ടിപ്പിയുടെ ജീവിത കഥതന്നെയാണ് ’ടിപ്പി: മൈ ബുക്ക് ഓഫ് ആഫ്രിക്ക’.

ടിപ്പിയുടെ അപൂർവചിത്രങ്ങൾ കാണാം:



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.