പൊന്നുപോലെ നോക്കാൻ വളർത്തമ്മയെത്തി; ആഫിയ ഇനി ഒറ്റയ്ക്കല്ല
Friday, December 30, 2016 8:20 AM IST
ആഫിയ എന്ന ഗോറില്ലക്കുഞ്ഞിന് ഒടുവിൽ അമ്മയെക്കിട്ടി. മടിയിലിരുത്തി ലാളിക്കാനും മാറിൽ ചേർത്തുറക്കാനും ഒരു പോറ്റമ്മ. ബ്രിട്ടണിൽ സിസേറിയൻ ശസ്ത്രക്രിയയിലൂടെ ജനിച്ച ആദ്യ ഗോറില്ല എന്ന ചരിത്ര വിശേഷണങ്ങളോടയാണ് അഫിയ ജനിച്ചതെങ്കിലും സ്വന്തം അമ്മയുടെ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം നുകരാനുള്ള ഭാഗ്യം പോലും ഈ ഗോറില്ലക്കുരുന്നിനുണ്ടായിരുന്നില്ല. ആഫിയ ജനിച്ചയുടനേ ഗുരുതരമായ രോഗങ്ങളെത്തുടർന്ന് ആശുപത്രിയിലായ അമ്മ കേര ഇപ്പോഴും അപകടനിലയിലാണ്. ഇതേത്തുടർന്നാണ് ആഫിയയ്ക്ക് വളർത്തമ്മയെ നൽകാൻ മൃഗശാല അധികൃതർ തീരുമാനിച്ചത്.

പത്തു മാസമായി ബ്രിട്ടണിലെ ബ്രിസ്റ്റോൾ മൃഗശാലയിൽ കഴിയുന്ന അഫിയ ജനിച്ചപ്പോൾ മുതലേ മൃഗശാല ജീവനക്കാരുടെ പരിചരണത്തിലായിരുന്നു. ഇതേ മൃഗശാലയിൽ തന്നെയുള്ള റോമിനാ എന്ന വെസ്റ്റേൺ ലോലാൻഡ് ഗോറില്ലയാണ് ആഫിയക്കുട്ടിക്ക് ഇനി അമ്മയാകുന്നത്. റോമിനോയ്ക്ക് മാസങ്ങളോളം പരിശീലനം നൽകിയ ശേഷമാണ് കുട്ടിയെ വളർത്താൻ ഏൽപ്പിച്ചത്. പരിശീലനം വിജയകരമായി പൂർത്തിയാക്കിയ അമ്മ റോമിയ അതീവവാത്സല്യത്തോടെയാണ് കുഞ്ഞിനെ സ്വീകരിച്ചത്.

തന്റെ സ്വന്തം അമ്മയെന്നു കരുതിയാണ് കുട്ടിഗോറില്ല വളർത്തമ്മയ്ക്കൊപ്പം ചേർന്നതും. കുട്ടിക്ക് വിശക്കുന്നുണ്ടെന്ന് തോന്നിയാലുടനേ അമ്മ കുട്ടിയെ മൃഗശാല ജീവനക്കാരുടെ പക്കൽ കൃത്യസമയത്തെത്തിക്കും. കുഞ്ഞു പാൽകുടിച്ച ശേഷം തങ്ങളുടെ താവളത്തിലേക്കു മടക്കികൊണ്ടുപോകുകയും ചെയ്യും. ആഫിയയ്ക്ക് നാലു വയസെത്തും വരെ വളർത്തമ്മയുടെ സഹായം വേണ്ടിവരുമെന്നാണ് മൃഗശാല ജീവനക്കാർ പറയുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.