ഓടുന്ന ട്രെയിനിനടിയിൽപെട്ട അമ്മയും കുഞ്ഞും അദ്ഭുതകരമായി രക്ഷപെട്ടു; ഞെട്ടിക്കുന്ന വീഡിയോ
Friday, January 6, 2017 2:51 AM IST
മരണത്തിന്റെ പാളത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപെട്ട അമ്മയ്ക്കും കുഞ്ഞിനും ഭീതിദമായ ആ നിമിഷങ്ങളുടെ നടുക്കത്തിൽ നിന്ന് ഇനിയും മോചിതരാകാൻ സാധിച്ചിട്ടില്ല. മധ്യപ്രദേശ് സ്വദേശിനിയായ റീത്തയും കുഞ്ഞുമാണ് ഓടിത്തുടങ്ങിയ ചരക്ക് തീവണ്ടിയുടെ അടിയിൽ നിന്നും അദ്ഭുതകരമായി രക്ഷപെട്ടത്. സിഗ്നൽ ലഭിക്കുന്നതിനായി ലെവൽ ക്രോസിൽ നിറുത്തിയിട്ടിരിക്കുകയായിരുന്നു ചരക്ക് വണ്ടി. ഒരു മണിക്കൂറിലേറെയായി കാത്തുനിന്ന് മടുത്ത റീത്ത കുഞ്ഞിനെയുമെടുത്ത് നിറുത്തിയിട്ടിരുന്ന ചരക്ക് വണ്ടിയുടെ അടിയിലൂടെ പാളം മുറിച്ചു കടക്കാൻ തുടങ്ങിയതും ട്രെയിൻ നീങ്ങിത്തുടങ്ങി.

നൊടിയിടകൊണ്ട് കുഞ്ഞിനെ ട്രെയിനിനടിയിൽ നിന്നും തള്ളിമാറ്റിയ റീത്തയ്ക്ക് പാളത്തിൽ നിന്നും മാറാൻ കഴിഞ്ഞിരുന്നില്ല. ട്രെയിനിനും പാളത്തിനും ഇടയിൽ പെട്ടുപോയ റീത്ത പാളത്തോട് ആവുന്നത്ര പറ്റിച്ചേർന്നു കിടന്നു. അമ്മയക്കായി നിലവിളിച്ച് പാളത്തിന്റെ വശത്ത് കിടന്ന കുഞ്ഞിന്റെ പ്രാർഥന കൊണ്ടാവാം. ആർത്തിരമ്പി വന്ന മരണം റീത്തയുടെ ശരീരത്തിൽ ഒന്നു ഉരസുക പോലും ചെയ്യാതെ കടന്നുപോയി. ട്രെയിൻ കടന്നുപോയിട്ടും താൻ ജീവനോടെയുണ്ടന്ന് വിശ്വസിക്കാൻ റീത്തയ്ക്ക് കുറച്ച് സമയം വേണ്ടി വന്നു. കുഞ്ഞുമായി ട്രെയിനിനടിയിലൂടെ പാളം കടക്കാൻ ശ്രമിച്ചതിന് നാട്ടുകാരുടെ വക ശകാരവവും റീത്ത കേട്ടു. നാട്ടുകാരുടെയും അധികൃതരുടെയും ശകാരങ്ങൾക്കിടയിലും ഒരു കാറ്റുപോലെ മാറിപ്പോയ മരണത്തെയോർത്ത് ആശ്വാസപ്പെടുകയാണ് റീത്ത.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.