‘അഭിനയത്തിൽ നിന്നു വിരമിക്കാൻ ആഗ്രഹം; രണ്ടുമൂന്നു വർഷത്തിനുള്ളിൽ തീരുമാനം’
അഭിനയജീവിതം അവസാനിപ്പിക്കുന്നുവെന്ന സൂചന നല്കി നടൻ മോഹൻലാൽ. അഭിനയത്തിൽ നിന്നു വിരമിക്കാൻ ആഗ്രഹിക്കുന്നുവെന്നും രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും താരം ഒരു സ്വകാര്യ ചാനലിനോടു പറഞ്ഞു. എം.ടി. വാസുദേവൻ നായരുടെ രണ്ടാമൂഴത്തിൽ മോഹൻലാൽ നായകനാകുന്നുവെന്ന് നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇത് താരം സ്‌ഥിരീകരിച്ചു. എംടിയുടെ തിരക്കഥ തനിക്കു ലഭിച്ചുവെന്നും അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുമെന്നും മോഹൻലാൽ പറഞ്ഞു. 600 കോടി മുതൽമുടക്കിലായിരിക്കും ചിത്രം ഒരുങ്ങുന്നത്.

പുലിമുരുകനിലൂടെ മലയാള സിനിമയെ നൂറു കോടി കടത്തിയ മോഹൻലാലിന്റെ കഴിഞ്ഞ വർഷത്തെ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റായിരുന്നു. ജിബു ജേക്കബിന്റെ സംവിധാനത്തിൽ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രം ഉടൻ പുറത്തിറങ്ങാനിരിക്കുകയാണ്.