സിംഹമോ നായയോ...? കൺഫ്യൂഷനായല്ലോ..!
ഈ നായക്കുട്ടിയെക്കണ്ടാൽ ഒറ്റനോട്ടത്തിൽ സിംഹക്കുട്ടിയല്ലെന്ന് ആരു പറയില്ല. സിംഹം പോലും... സിംഹത്തിന്റെ സടപോലുള്ള ദേഹരോമങ്ങളുമായി സമൂഹമാധ്യമങ്ങളിലെ താരമായി മാറിയിരിക്കുകയാണ് മർഫി എന്ന നായ്ക്കുട്ടി. പുരാതന ചൈനീസ് നായ വർഗമായ ’ഷാർപീ’ ഇനത്തിൽപ്പെട്ട മർഫിക്ക് മൂന്ന് വയസ് മാത്രമേ പ്രായമുള്ളൂ. എന്നാൽ മർഫിയുടെ ജീവിതം ഏവരും പ്രതീക്ഷിക്കുന്നത്പോലെ അത്ര സന്തോഷനിർഭരമല്ല. ഇത്രനാളും മർഫിയെ പൊന്നു പോലെ സംരക്ഷിച്ചു വന്ന യജമാനൻ പലവിധ കാരണങ്ങളാൽ അവനെ ഉപേക്ഷിച്ചിരിക്കുകയാണ്.

ഇംഗ്ലണ്ടിലെ സ്നെറ്ററെറ്റോണിലുള്ള സംരക്ഷണ കേന്ദ്രത്തിലാണ് ഇപ്പോൾ മർഫി കഴിയുന്നത്. തന്റെ യജമാനനെ പിരിഞ്ഞതിലുള്ള ദുഃഖം മർഫിയെ അലട്ടുന്നുണ്ടെങ്കിലും എല്ലാ ജീവനക്കാരോടും സ്നേഹത്തോടെയും അനുസരണയോടെയുമാണ് മർഫി പെരുമാറുന്നതെന്ന് ഇവിടുത്തെ ജീവനക്കാർ പറയുന്നു. സിംഹമുഖമുള്ള മർഫിയുടെ ചിത്രങ്ങൾ സമൂഹമാധ്യങ്ങളിൽ ഹിറ്റായതോടെ ഇവനെ സ്വന്തമാക്കാൻ ആളുകളെത്തുമെന്ന പ്രതീക്ഷയിലാണ് ഇവിടുള്ളവർ.