ട്രാഫിക് പോലീസുകാരന് നന്ദിപറഞ്ഞുകൊണ്ടുള്ള യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
Thursday, January 12, 2017 7:33 AM IST
മദൻ സിംഗ് എന്ന ട്രാഫിക് പോലീസ് ഇൻസ്പെക്ടറുടെ സുക്ഷ്മതയേറിയ നിരീക്ഷണ പാടവത്തെയും സൻമനസിനെയും കുറിച്ചാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നത്. ഒരു സൈക്കിൾ യാത്രികൻ പെട്ടെന്നൊരു നിമിഷം സൈക്കിളിൽ നിന്നിറങ്ങി താഴെ നിന്നും എന്തെങ്കിലും എടുത്താൽ ആരാണ് ശ്രദ്ധിക്കുക, അതും തിരക്കേറിയ ഒരു ഹൈവേയിൽ. എന്നാൽ ഡൽഹിയിലെ നിസാമൂദ്ദീൻ ദർഗാ ഹൈവേയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മദൻ സിംഗ് അതും ശ്രദ്ധിച്ചു. ആ നിരീക്ഷണത്തിലൂടെ മദൻ തിരികെ നൽകിയത് ജഗ്പ്രീത് സിംഗ് എന്ന ഡൽഹി സ്ദേശിയുടെ പഴ്സ് മാത്രമല്ല, ജീവിതം കൂടിയാണ്. സംഭവം ഇങ്ങനെ...

നടുറോഡിൽ വച്ച് തന്റെ കാർ കേടായതിന്റെ പരിഭ്രമത്തിൽ പഴ്സ് താഴെ വീണതൊന്നും ജഗ്പ്രീത് സിംഗ് അറിഞ്ഞിരുന്നില്ല. വീട്ടിലെത്തിയപ്പോഴാണ് പഴ്സ് തന്റെ കൈവശം ഇല്ലെന്ന് ഇയാൾ തിരിച്ചറിഞ്ഞത്. 50,000 രൂപയും എടിഎം കാർഡുകളും അസൽ തിരിച്ചറിയൽ രേഖകളുമെല്ലാം ഉണ്ടായിരുന്ന പഴ്സ് നഷ്‌ടപ്പെട്ടതോടെ ജഗ്പ്രീത് ആകെ തകർന്നു പോയി. ഇനിയെന്ത് ചെയ്യുമെന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് ജഗ്പ്രീതിന് ഇൻസ്പെകടർ മദൻ സിഗിന്റെ വിളിയെത്തുന്നത്.

ഉടനെ കാറിൽ ജഗ്പ്രീത് മദൻ സിംഗിന്റെ അരികലെത്തി. ’’താങ്കളുടെ പഴ്സ് നഷ്‌ടപ്പെട്ടിരുന്നുവോ ഇതാ... പണം മുഴുവനുമുണ്ടോ എന്ന് എണ്ണിനോക്കു’’ എന്ന് പറഞ്ഞ് ഇൻസ്പെക്ടർ ജഗ്പ്രീതിനെ നഷ്‌ടപ്പെട്ട പഴ്സ് തിരികെയേൽപ്പിച്ചു. ഈ പഴ്സ് എവിടെനിന്നു കിട്ടി എന്ന് ചോദിച്ചപ്പോഴാണ് മദൻ സിംഗ് സംഭവം വിവരിക്കുന്നത്...

ഹൈവേയിലെ തിരക്കിനിടയിലാണ് ഒരു സൈക്കിൾ യാത്രികൻ പെട്ടെന്ന് താഴെയിറങ്ങുന്നതും കുനിഞ്ഞ് എന്തോ എടുക്കുന്നതും ദൂരെ നിന്നിരുന്ന മദൻ ശ്രദ്ധിക്കുന്നത്. സംശയം തോന്നിയ മദൻ അയാളെ പിൻതുടർന്ന് പിടികൂടിയപ്പോഴാണ് മറ്റാരുടെയോ പഴ്സാണ് അയാൾ എടുത്തതെന്ന് കണ്ടെത്തുന്നത്. പഴ്സിൽ ഉണ്ടായിരുന്ന രേഖകളിൽ നിന്നും ജഗ്പ്രീതിന്റെ മൊബൈൽ നമ്പർ കിട്ടിയ മദൻ അയാളെ ഉടനെ തന്നെ വിളിക്കുകയായിരുന്നു.

തന്റെ ജോലിയുടെ ഭാഗമല്ലാതിരുന്നിട്ടു കൂടിയും പഴ്സ് വീണ്ടെടുക്കാൻ മദൻ സിംഗ് നടത്തിയ ശ്രമത്തെ അഭിനന്ദിച്ച് ജഗ്പ്രീത് തന്റെ ഫേസ്ബുക്കിൽ പോസ്റ്റിട്ടതോടെ സംഭവം വൈറലായിരിക്കുകയാണ്. മദൻ സിംഗിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനാൽ ഹൈവേയിൽ ഗതാഗതം നിയന്ത്രിക്കാൻ ഈ പോലീസുകാരൻ ഇപ്പോൾ പാടുപെടുകയാണ്... എല്ലാവർക്കും വണ്ടി നിർത്തി മദൻ സിംഗിനെ അഭിനന്ദിക്കണമത്രേ. വണ്ടി നിർത്തുന്നതുമുലമുണ്ടാകുന്ന ബ്ലോക്ക് മാറ്റാൻ പാവം മദൻ സിംഗ് തന്നെ കഷ്‌ടപ്പെടുകയും വേണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.