മഹാഭാരതം സിനിമയാക്കാൻ രാജമൗലി; ബ്രഹ്മാണ്ഡചിത്രം ഒരുങ്ങുന്നത് 400 കോടിക്ക്
Friday, January 13, 2017 6:52 AM IST
അറുന്നൂറു കോടി മുതൽമുടക്കിൽ എംടിയുടെ രണ്ടാമൂഴം സിനിമ എത്താനിരിക്കേ മഹാഭാരത കഥയുമായി മറ്റൊരു ബ്രഹ്മാണ്ഡചിത്രം വരുന്നു. സംവിധാനം ചെയ്യുന്നത് സാക്ഷാൽ എസ്.എസ്. രാജമൗലിയും. ഒരു ദേശീയ ചാനലിനു നല്കിയ അഭിമുഖത്തിൽ രാജമൗലി തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. 400 കോടി ബജറ്റിലായിരിക്കും ചിത്രമൊരുങ്ങുന്നത്. അഞ്ചു വർഷമെടുക്കും ഈ ബ്രഹ്മാണ്ഡ ചിത്രം പൂർത്തിയാകാനെന്നും അദ്ദേഹം പറഞ്ഞു.

മൂന്നു ഭാഗമായായിരിക്കും ചിത്രം ഒരുങ്ങുന്നത്. ഗ്രാഫിക്സിന്റെയും അതിനൂതന സാങ്കേതികവിദ്യയുടെയും പിന്തുണയോടെയായിരിക്കും മഹാഭാരതം ഒരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ അടുത്ത വർഷമേ പൂർത്തിയാകുകയുള്ളൂ. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം പുറത്തിറക്കാനാണ് തീരുമാനം. ഇന്ത്യയിലെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുമെന്നാണ് അറിയുന്നത്. ചിത്രത്തിൽ കൃഷ്ണന്റെയും കർണന്റെയും വേഷം ചെയ്യാൻ ആമിർ ഖാനും ഷാരുഖ് ഖാനും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.