ബാഹുബലിയുടെ ആദ്യടീസർ എത്തി
Monday, March 13, 2017 8:26 AM IST
തിയറ്ററുകളിൽ വിജയ ചരിത്രം സൃഷ്ടിച്ച ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ‌ ആകാംക്ഷാപൂർവം കാത്തിരിക്കുകയാണ്. ഇതിനിടെയെത്തിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മോഷൻ പോസ്റ്ററിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോൾ ചിത്രത്തിന്‍റെ ഫസ്റ്റ് ടീസർ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. 12 സെക്കൻഡ് ദൈർഘ്യമുള്ള ടീസറിൽ നായകൻ പ്രഭാസ് തന്നെയാണ് എത്തുന്നത്.

അതേസമയം, ചിത്രത്തിന്‍റെ ട്രെയിലർ 16ന് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ട്രെയിലർ‌ റിലീസ് ഗംഭീരമാക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. മുംബൈയിൽ നടക്കുന്ന ചടങ്ങിൽ തെന്നിന്ത്യയിലെയും ബോളിവുഡിലെയും പ്രമുഖതാരങ്ങൾ പങ്കെടുക്കും. ഛായാഗ്രാഹകൻ സെന്തിൽകുമാറിന്‍റെ നേതൃത്വത്തിൽ അന്നപൂർണ സ്റ്റുഡിയോയിൽ ട്രെയിലറിന്‍റെ അവസാനമിനുക്കുപണികൾ നടന്നുവരികയാണ്.

പ്രേക്ഷകരുടെ കാത്തിരിപ്പാണ്
ഏപ്രിൽ മാസത്തിൽ അവസാനിക്കുന്നത്. എസ്. എസ്. രാജമൗലി ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം പുതിയ കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമ ലോകം. ഒന്നാം ഭാഗത്തിലെ പ്രധാന താരങ്ങളായ പ്രഭാസ്, റാണാ ഡഗുപതി, അനുഷ്കാ ഷെട്ടി, തമന്ന, രമ്യ കൃഷ്ണൻ, സത്യരാജ്, നാസർ എന്നിവരും രണ്ടാം ഭാഗത്തിലെത്തുന്നുണ്ട്.

ഇന്ത്യയ്ക്കകത്തും പുറത്തുമായി വലിയ വിജയം നേടിയ ബാഹുബലി വരുമാനത്തിൽ ഇന്ത്യൻ സിനിമയുടെ സർവ്വകാല റെക്കോർഡുകളിലൊന്നാണ്. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ബാഹുബലി 2–ന്റെ മേക്കിംഗ് വാർത്തയിലും ഇടം പിടിച്ചിരുന്നു. കൂറ്റൻ സെറ്റുകളും അത്യുഗ്രൻ വിഎഫ്എക്സ് സാങ്കേതിക വിദ്യയുമാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. കെ.വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിനു കഥ ഒരുക്കിയിരിക്കുന്നത്.
https://www.youtube.com/embed/X4hEii_WRPA
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.