റിലീസിന് മുൻപേ ചരിത്രം തിരുത്തി "ദ ഗ്രേറ്റ് ഫാദർ'
മലയാള സിനിമയിൽ പുതുചരിത്രം സൃഷ്ടിച്ച് റിലീസിന് മുൻപേ റിക്കാർഡ് ബുക്കിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ "ദ ഗ്രേറ്റ് ഫാദർ'. ചിത്രത്തിന്‍റെ ആദ്യ ടീസർ ഫേസ്ബുക്കിൽ കണ്ടവരുടെ എണ്ണം ഒരു കോടി പിന്നിട്ടു. മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രത്തിന്‍റെ ടീസർ ഒരുകോടി കാഴ്ചക്കാരെ നേടുന്നത്. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജ് വഴി പുറത്തുവിട്ട ടീസറിന് ആദ്യദിനം മുതൽ വൻ വരവേൽപ്പ് ലഭിച്ചിരുന്നു.

നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡേവിഡ് നൈനാൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ആഗസ്റ്റ് സിനിമയുടെ ബാനറിൽ സന്തോഷ് ശിവൻ, പൃഥ്വിരാജ്, ഷാജി നടേശൻ, ആര്യ എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രം മാർച്ച് 31ന് തീയറ്ററുകളിൽ എത്തും.

മമ്മൂട്ടിയുടെ മകളായി സംസ്ഥാന അവാർഡ് ജേതാവ് ബേബി അനിഘയാണ് വേഷമിടുന്നത്. തെന്നിന്ത്യൻ സുന്ദരി സ്നേഹയാണ് നായിക. തെന്തിന്ത്യൻ താരം ആര്യയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

റിലീസിന് മുൻപേ ചരിത്രം തിരുത്തിയ ദ ഗ്രേറ്റ് ഫാദർ ഇനി തീയറ്ററുകളിൽ പുതുചരിത്രം രചിക്കുമോ എന്ന ആകാംഷയിലാണ് സിനിമാലോകം.