മലയാളികളുടെ പണി ഏറ്റു; കെആർകെ ലാലേട്ടനോടു മാപ്പുപറഞ്ഞു
Sunday, April 23, 2017 12:22 AM IST
മലയാളികളോടു മുട്ടാൻ നിന്നാൽ പണികിട്ടുമെന്ന് ഒടുവിൽ കെആർ‌കെയ്ക്കും മനസിലായി. അതിനു വലിയ വില നല്കേണ്ടിവന്നുവെന്നു മാത്രം. മോഹൻലാലിനെ കളിയാക്കിയതിന്‍റെ പേരിൽ ഒരാഴ്ചയായി ആരാധകരുടെ സൈബർ ആക്രമണം നേരിടേണ്ടിവന്ന ബോളിവുഡ് നടനും നിരൂപകനുമായ കമാൽ റാഷിദ് ഖാൻ ഒടുവിൽ ഗത്യന്തരമില്ലാതെ തന്‍റെ ട്വിറ്റർ പേജിൽ ക്ഷമാപണം നടത്തുകയായിരുന്നു.

മോഹൻലാൽ സാർ, താങ്കളെ ഛോട്ടാഭീം എന്നു വിളിച്ചതിൽ ക്ഷമിക്കണം, കാരണം എനിക്ക് താങ്കളെക്കുറിച്ച് അധികമൊന്നുമറിയില്ലായിരുന്നു. പക്ഷേ ഇപ്പോൾ ഞാൻ മനസിലാക്കുന്നു, താങ്കൾ മലയാള സിനിമയിലെ സൂപ്പർസ്റ്റാറാണ്... എന്നാണ് കെആർകെ ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റിനും കമന്‍റുകളുമായി നിരവധിപ്പേർ എത്തിയിട്ടുണ്ട്. അതേസമയം, ക്ഷമാപണം മറ്റൊരു നാടകമാണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

ആയിരം കോടി രൂപ ബജറ്റിൽ രണ്ടാമൂഴത്തിലെ ഭീമനായി മോഹൻലാൽ വെള്ളിത്തിരയിലെത്തുന്നുവെന്ന് വാർത്തകൾ വന്നതിനു പിന്നാലെയാണ് താരത്തെ അധിക്ഷേപിച്ച് കെആർകെ രംഗത്തുവന്നത്. മോഹൻലാൽ ഛോട്ടാ ഭീമിനെപ്പോലെയാണെന്നും വെറുതേ എന്തിനാണ് നിർമാതാവ് ബി.ആർ. ഷെട്ടിയുടെ പണം പാഴാക്കുന്നതെന്നുമാണ് കെആർകെ ട്വീറ്റ് ചെയ്തത്. ഇതേത്തുടർന്ന് ആരാധകർ പ്രതിഷേധവുമായെത്തിയതോടെ കെആർകെ വീണ്ടും മോഹൻലാലിന്‍റെ ചിത്രം പോസ്റ്റ് ചെയ്ത് പ്രകോപനം തുടർന്നു. ഇതോടെ ആരാധകർ സോഷ്യൽ മീഡിയയിൽ രൂക്ഷമായ ആക്രമണം നടത്തുകയായിരുന്നു.

കെആർകെയെ വിമർശിച്ച് സംവിധായകരായ ആഷിഖ് അബു, ഒമർ ലുലു, തമിഴ് സൂപ്പർതാരം സൂര്യ. സുരാജ് വെഞ്ഞാറമൂട്, വീരേന്ദർ സേവാഗ് തുടങ്ങിയവർ രംഗത്തെത്തുകയും ചെയ്തിരുന്നു. മല്ലു സൈബർ സോൾജ്യേഴ്സ് എന്ന ഹാക്കിംഗ് സംഘം കെആർകെയുടെ ഇ-മെയിൽ അക്കൗണ്ടുകളും തകർക്കുകയും ചെയ്തു. കെആർകെയുടെ വരുമാനസ്രോതസായ ആഡ് സെൻസ് അക്കൗണ്ട് തകർക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. സംഭവം കൈവിട്ടുപോയതോടെയാണ് ക്ഷമാപണവുമായി മുന്നോട്ടുവരാൻ കെആർകെ നിർബന്ധിതനായത്.

കെആർകെയുടെ ട്വീറ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.