ശബരീനാഥനെ ട്രോളി ഷാഫി: ഇനി ആ റോജിയെക്കൂടി എങ്ങനെയെങ്കിലും...
Tuesday, May 2, 2017 5:09 AM IST
അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായ കെ.എസ്.ശബരീനാഥൻ എംഎൽഎയുടെ വിവാഹ പ്രഖ്യാപനത്തെ ട്രോളി ഷാഫി പറന്പിൽ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി. നീ ഇത്രകാലം കല്യാണം കഴിക്കാതെ സുഖിച്ച് നടന്നത് അല്ലേലും ഞങ്ങൾക്ക് വലിയ ഇഷ്ടമൊന്നുമല്ലായിരുന്നുവെന്നാണ് ശബരീനാഥനോട് ഷാഫി പറയുന്നത്. ഇനിയിപ്പം ആ റോജിയെക്കൂടി (റോജി ജോണ്‍-അങ്കമാലി എംഎൽഎ) എങ്ങനെയെങ്കിലും എന്ന് പറഞ്ഞാണ് ഷാഫിയുടെ പോസ്റ്റ് അവസാനിക്കുന്നത്.

ഇന്ന് രാവിലെയാണ് സബ് കളക്ടർ ദിവ്യ എസ്. അയ്യർ വിവാഹക്കാര്യം കെ.എസ്.ശബരീനാഥൻ എംഎൽഎ ഫേസ്ബുക്കിലൂടെ അറിയിച്ചത്. വിവാഹത്തെക്കുറിച്ച് നിങ്ങളുടെ സ്നേഹം നിറഞ്ഞ അന്വേഷണങ്ങൾ തുടങ്ങിയിട്ട് ഏറെക്കാലമായെന്നും വിവാഹിതനാകാൻ തീരുമാനിച്ച കാര്യം സന്തോഷപൂർവം അറിയിക്കുന്നുവെന്നുമാണ് ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചത്.

ദിവ്യയെ തിരുവനന്തപുരത്ത് വച്ചാണ് പരിചയപ്പെട്ടതെന്നും തമ്മിലടുത്തപ്പോൾ ആശയങ്ങളും ഇഷ്ടങ്ങളിലും സമാനതകളുണ്ടെന്ന് ബോധ്യമായെന്നും ശബനീനാഥൻ പറയുന്നു. ഇരുകുടുംബങ്ങളുടെയും ആശീർവാദത്തോടെ വിവാഹം തീരുമാനിച്ചുവെന്നും ബാക്കിയുള്ള കാര്യങ്ങൾ പിന്നാലെ അറിയിക്കാമെന്നുമാണ് എംഎൽഎ അറിയിച്ചിരിക്കുന്നത്.

മുൻ മന്ത്രിയും സ്പീക്കറുമായിരുന്ന അന്തരിച്ച ജി.കാർത്തികേയന്‍റെ മകനാണ് അരുവിക്കരയിൽ നിന്നുള്ള എംഎൽഎയായ ശബരീനാഥൻ. തീയതി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ജൂൺ അവസാനത്തോടെ വിവാഹമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.