"ജാതിയും മതമില്ലാതെ' മകനെ സർക്കാർ സ്കൂളിൽ ചേർത്ത് വി.ടി. ബൽറാം എംഎൽഎ
Thursday, June 1, 2017 2:06 AM IST
ജനപ്രതിനിധിക്കു വേണ്ടത് പ്രസംഗമല്ല പ്രവൃത്തിയാണെന്നു തെളിയിക്കുകയാണ് തൃത്താല എംഎൽഎ വി.ടി. ബൽറാം. മകനെ സ്വന്തം മണ്ഡലത്തിലെ സർക്കാർ സ്കൂളിൽ ചേർത്താണ് യുവ എംഎൽഎ മാതൃകയായത്. മകൻ അദ്വൈത് മാനവിനൊപ്പം അരീക്കാട് ജിഎൽ യുപി സ്കൂളിലെത്തിയ ബൽറാം പ്രവേശനോത്സവത്തിലും പങ്കെടുത്തു. ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെ എംഎൽഎ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

പൊതുവിദ്യാഭ്യാസം നന്മയാണെന്ന തലക്കെട്ടോടെയാണ് വീഡിയോ. ജാതിയും മതവും ചോദിക്കുന്ന കോളത്തിൽ മതമില്ല എന്ന് രേഖപ്പെടുത്തിയെന്നും പ്രായപൂർത്തിയായതിന്‌ ശേഷം അവന്‌ ഇഷ്ടപ്പെട്ട മതം വേണമെങ്കിൽ തെരഞ്ഞെടുക്കാമല്ലോയെന്നും ബൽറാം ഫേസ്ബുക്കിൽ അറിയിച്ചു.

പൊതുപ്രവര്‍ത്തകരും സർക്കാർ ഉദ്യോഗസ്ഥരുമടക്കം എല്ലാവരും സ്വന്തം മക്കളെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ക്കാന്‍ ശ്രമിക്കണമെന്നും തന്‍റെ മകനൊപ്പം സ്ഥലം വാര്‍ഡ് മെമ്പറുടെ മകളും ഇന്ന് സ്‌കൂളില്‍ പ്രവേശനം നേടുന്നുണ്ടെന്നും വി.ടി. ബൽറാം പറഞ്ഞു. ഈ വര്‍ഷം തന്നെ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിലെ മൂന്ന് സ്‌കൂളുകള്‍ വികസിപ്പിക്കും. അടുത്ത നാല് വര്‍ഷം കൊണ്ട് മണ്ഡലത്തിലെ എല്ലാം പ്രൈമറി സ്‌കൂളുകളും ഹൈടെക് സ്‌കൂളുകളാക്കി മാറ്റുമെന്നും വിടി ബല്‍റാം അറിയിച്ചു. ആദ്യമായി സ്‌കൂളിലെത്തുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് ബൽറാം തന്‍റെ ഫേസ്ബുക്ക് ലൈവ് വീഡിയോ അവസാനിപ്പിക്കുന്നത്.

പൊതുപ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മക്കളെ സ്വകാര്യ സ്‌കൂളുകളില്‍ ചേര്‍ക്കുന്നുവെന്ന് പൊതുവേ വിമർശനമുയരുന്നുണ്ട്. ഈ സാഹചര്യത്തിൽ മണ്ഡലത്തിലെ സ്‌കൂളിന്‍റെ വികസനത്തിനായി ജനപ്രതിനിധിയായും രക്ഷാകർത്താവായും കൂടെനിൽക്കുമെന്നാണ് വി.ടി. ബൽറാം വാഗ്ദാനം ചെയ്യുന്നത്.

വി.ടി. ബൽറാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.